Asianet News MalayalamAsianet News Malayalam

കാടിലേക്ക് മുങ്ങി കൊമ്പൻ: ധോണിയിലെ കാട്ടാനയെ പിടികൂടാനുള്ള നീക്കം അനിശ്ചിതാവസ്ഥയിൽ

വനാതിർത്തിയിൽ നിന്നിരുന്ന ആന എവിടെയും നിലയുറപ്പിക്കാത്തതും ഉൾക്കാട്ടിലേക്ക് നീങ്ങിയതുമാണ് ദൗത്യസംഘത്തിന് തിരിച്ചടിയായത്.

Mission continues to catch PT Seven Tusker
Author
First Published Jan 21, 2023, 12:37 PM IST

പാലക്കാട്: രണ്ട് മാസമായി ധോണിയിലും പരിസരപ്രദേശങ്ങളിലും ജനവാസമേഖലകളിൽ വിളയാടുന്ന പിടി സെവൻ കൊമ്പനെ പിടിക്കാനുള്ള ദൗത്യം അനിശ്ചിതത്വത്തിൽ. 52 ഉദ്യോഗസ്ഥരും മൂന്ന് കുങ്കിയാനകളും അടക്കം സകല സന്നാഹങ്ങളുമായി ആനയെ പിടിക്കാൻ വനംവകുപ്പിൻ്റെ പ്രത്യേക ദൗത്യസംഘം ഇന്ന് പുലർച്ചെ രംഗത്തിറങ്ങിയെങ്കിലും ഉച്ചയായിട്ടും ആനയെ മയക്കുവെടി വയ്ക്കാൻ സാധിച്ചിട്ടില്ല. വനാതിർത്തിയിൽ നിന്നിരുന്ന ആന എവിടെയും നിലയുറപ്പിക്കാത്തതും ഉൾക്കാട്ടിലേക്ക് നീങ്ങിയതുമാണ് ദൗത്യസംഘത്തിന് തിരിച്ചടിയായത്. നിലവിൽ ധോണിയെ അരിമണി എസ്റ്റേറ്റിന് സമീപം ചെരിവുള്ള പ്രദേശത്ത് പിടി സെവൻ ഉണ്ടെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. ദൗത്യ സംഘത്തിൽ പകുതി പേരെ തത്കാലം പിൻവലിച്ചിരിക്കുകയാണ്. കനത്ത വെയിൽ മാറിയ ശേഷമേ മയക്കുവെടിവയ്ക്കാനുള്ള സാധ്യതയുള്ളൂ എന്നാണ് ഒടുവിൽ കിട്ടുന്ന സൂചന. 

ദൗത്യസംഘം പ്രതീക്ഷിച്ച പോലെയല്ല ഇന്ന്  കാര്യങ്ങൾ നടന്നത്.  പുലർച്ചെ മുതൽ തന്നെപിടി സെവൻ ദൗത്യസംഘത്തിൻ്റെ നിരീക്ഷണ വലയത്തിലുണ്ടായിരുന്നു. രാവിലെ ഏഴുമണിയോടെ, വെറ്റിനറി സർജൻ അരുൺ സക്കറിയ  പിടി സെവന് സമീപത്തേക്ക് എത്തി. വൈകാതെ കുങ്കിയാനകളേയും പ്രദേശത്തേക്ക് കൊണ്ടുപോയി. ഇതോടെ ഏതു സമയത്തും ഏഴാം കൊമ്പന് മയക്കുവെടി കിട്ടും എന്ന്  എല്ലാവരും ഉറപ്പിച്ചു. എന്നാൽ കൊമ്പൻ എവിടെയും നിലയറുപ്പിക്കാതെ വന്നതോടെ ദൗത്യസംഘത്തിൻ്റെ നീക്കം പാളി. 

പി.ടി ഏഴിനെ പിടികൂടാൻ ദൗത്യസംഘവും കുങ്കികളും; യൂക്കാലി കൂടൊരുക്കി കാത്തിരുപ്പ്

രാവിലെ പത്ത് മണിയോടെ കൊമ്പൻ പതിയെ കാട്ടിലേക്ക് വലിഞ്ഞു. ചെരിവുള്ള പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ആനയിപ്പോൾ. ഈ സ്ഥലം മയക്കുവെടി വയ്ക്കാൻ  ഒട്ടും ഉചിതമല്ലെന്നാണ് ദൗത്യസംഘം അറിയിക്കുന്നത്. ചെരിവുള്ള പ്രദേശത്തുവച്ച് ആനയെ മയക്കുവെടി വച്ചാൽ, ധോണിയിലെ  കൂട്ടിലേക്ക് ആനയെ എത്തിക്കുക എളുപ്പമാകില്ല. മയക്കുവെടിയേറ്റാലും പിന്നെയും  അരമണിക്കൂർ വേണം ആന മയങ്ങിത്തുടങ്ങാൻ, ഈ നേരം ആന ഉൾക്കാട്ടിലേക്ക് ഓടിയേക്കാം. നിരപ്പായ പ്രദേശമല്ലാത്തതിനാൽ ആന വീഴാൻ സാധ്യതയുണ്ട്. നെഞ്ചിടിച്ച് വീണാൽ ആന ചരിഞ്ഞേക്കാം.  പ്രതിസന്ധികൾ മാത്രം മുന്നിൽ നിൽക്കെ സാഹസത്തിന് മുതിരേണ്ടതില്ല എന്നാണ് ദൗത്യ സംഘത്തിൻ്റെ നിലപാട്. 

പാലക്കാട് ധോണിയിൽ വീണ്ടും പി ടി 7 ഇറങ്ങി, ഒപ്പം രണ്ട് ആനകൾ കൂടി, നാട്ടുകാർ ആശങ്കയിൽ

രാവിലെ ആറ് മണി മുതൽ ദൗത്യസംഘം ആനയെ നിശബ്ദരായി പിന്തുടരുകയാണ്. കുങ്കിയാനകളും വിളിപ്പുറത്ത് കാത്തിരിപ്പുണ്ട്. സമയവും സ്ഥലവും ഒത്തുവന്നാൽ സർപ്രൈസായി മയക്കുവെടി എന്നതാണ് ദൗത്യസംഘത്തിൻ്റെ പദ്ധതി. ഇനിയുള്ള മണിക്കൂറുകളിൽ അത്തരമൊരു അവസരം വീണുകിട്ടും എന്ന പ്രതീക്ഷയിലാണ് അവർ.

Follow Us:
Download App:
  • android
  • ios