യുക്രൈൻ യുദ്ധത്തിന് ഒരു വർഷം, വെട്ടിലായ ദുരിതാശ്വാസ നിധി, വിമാനത്തിന്റെ എമർജൻസി ലാൻഡിങ് -ഇന്നത്തെ 10 വാർത്തകൾ 

Published : Feb 24, 2023, 07:18 PM ISTUpdated : Feb 24, 2023, 07:19 PM IST
യുക്രൈൻ യുദ്ധത്തിന് ഒരു വർഷം, വെട്ടിലായ ദുരിതാശ്വാസ നിധി, വിമാനത്തിന്റെ എമർജൻസി ലാൻഡിങ് -ഇന്നത്തെ 10 വാർത്തകൾ 

Synopsis

കൊല്ലത്ത് യാതൊരു കേടുമില്ലാത്ത വീട് പുനർ നിർമിക്കാൻ 4 ലക്ഷം നൽകി. ആലത്തൂരിൽ 54 സർട്ടിഫിക്കറ്റ് നൽകിയത് ആയുർവേദ ഡോക്ടർ.

വെട്ടിലായി ദുരിതാശ്വാസ നിധി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സഹായ വിതരണത്തിൽ അടിമുടി ക്രമക്കേടെന്ന് വിജിലൻസ്. കൊല്ലത്ത് യാതൊരു കേടുമില്ലാത്ത വീട് പുനർനിർമിക്കാൻ 4 ലക്ഷം നൽകി. ആലത്തൂരിൽ 54 സർട്ടിഫിക്കറ്റ് നൽകിയത് ആയുർവേദ ഡോക്ടർ. കോഴിക്കോട് പ്രവാസിയുടെ മകന് മൂന്ന് ലക്ഷം ചികിത്സ സഹായം.

ഉദരരോഗത്തിന് ചികിത്സ തേടിയ രോഗിക്ക് ഹൃദ്‍രോഗത്തിന് പണം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേത് വൻ തട്ടിപ്പ്

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേയ്ക്ക് ഇത്തവണയും തെരഞ്ഞെടുപ്പില്ല

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേയ്ക്ക് തെരഞ്ഞെടുപ്പില്ല. അംഗങ്ങളെ അധ്യക്ഷൻ നാമനിര്‍ദ്ദേശം ചെയ്യുന്നത് തുടരാൻ റായ് പൂരിൽ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു. ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനം. സോണിയയും രാഹുലും പ്രീയങ്കയും സ്റ്റിയറിങ് കമ്മിറ്റിയിൽ പങ്കെടുത്തില്ല. കെപിസിസി നേതൃത്വവുമായുള്ള കടുത്ത ഭിന്നതയെ തുടർന്ന് മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും പ്ലീനറി സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പില്ല, നാമനിര്‍ദ്ദേശ രീതി തുടരാൻ ധാരണ

യുക്രൈന്‍-റഷ്യ യുദ്ധത്തിന് ഒരാണ്ട്

യുക്രൈൻ ആക്രമണത്തിന് ഇന്ന് ഒരു വർഷം. യുദ്ധം നിർത്തി പിന്മാറണമെന്ന് റഷ്യയോട് ഐക്യരാഷ്ട്ര സഭ. റഷ്യയ്ക്ക് എതിരെ ഉപരോധം
കടുപ്പിക്കുമെന്നും യുക്രൈന് കൂടുതൽ ആയുധ സഹായം നൽകുമെന്നും യൂറോപ്യൻ രാജ്യങ്ങൾ. വാർഷിക ദിനത്തിൽ റഷ്യൻ സേന വ്യാപക ആക്രമണം നടത്തിയെക്കുമെന്ന് ആശങ്ക.

അവസാനിക്കാത്ത പോർവിളി; റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയിട്ട് ഇന്ന് ഒരു വർഷം

കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

തനിക്കായി കുഴിമാടം ഒരുങ്ങിയെന്ന് മുദ്രാവാക്യം വിളിക്കുന്ന ചിലരുണ്ടെന്ന് മോദി കുറ്റപ്പെടുത്തി. മതം നോക്കിയല്ല സർക്കാർ പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി, മലയാളി നഴ്സുമാരെ ഭീകരരില്‍ നിന്ന് രക്ഷപ്പെടുത്തിയതും റാലിയില്‍ ഉന്നയിച്ചു. പവന്‍ഖേരയെ വിമാനത്താവളത്തില്‍ തടഞ്ഞപ്പോള്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധത്തില്‍ ഉയര്‍ന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. മര്യാദയില്ലാത്തവർക്ക് രാജ്യം അർഹിച്ച് മറുപടി നല്‍കുമെന്ന് മോദി പറഞ്ഞു.

മോദിക്ക് കുഴിമാടം ഒരുങ്ങിയെന്ന മുദ്രാവാക്യം വിളിക്കുന്നവർ നിരാശയുടെ പടുകുഴിയില്‍ വീണവരെന്ന് പ്രധാനമന്ത്രി

ദല്ലാൾ ടിജി നന്ദകുമാറിനൊപ്പം ഇ പി ജയരാജൻ

സിപിഎം സംസ്ഥാന സെക്രട്ടറി നയിക്കുന്ന പ്രതിരോധ ജാഥയിൽ അസാന്നിദ്ധ്യം ചർച്ചയാകുന്നതിനിടെ വിവാദ ദല്ലാൾ ടിജി നന്ദകുമാറിനൊപ്പം കൊച്ചിയിലെ സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് ഇ പി ജയരാജൻ. നന്ദകുമാർ ദേവസ്വം ട്രസ്റ്റ് ചെയർമാനായ ക്ഷേത്രത്തിൽ അദ്ദേഹത്തിന്‍റെ അമ്മയെ ആദരിക്കുന്ന ചടങ്ങിലാണ് പങ്കെടുത്തത്. യാദൃശ്ചികമായാണ് താൻ ക്ഷേത്രത്തിലെത്തിയതെന്നാണ് ഇ പിയുടെ പ്രതികരണം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ തുടങ്ങിയത് തിങ്കളാഴ്ച. ഭിന്നതയെ തുടർന്ന് ജാഥയിൽ നിന്ന് കാസർകോട് മുതൽ വിട്ട് നിന്ന ഇപി തൊട്ടടുത്ത ദിവസം കൊച്ചിയിലെത്തി.അതും ജാഥ കണ്ണൂരിൽ പ്രവേശിക്കുന്ന ചൊവ്വാഴ്ച ദിവസം തന്നെ.രോഗബാധിതനായ പാർട്ടി പ്രവർത്തകന്‍റെ കാണാനാണ് കൊച്ചിയിലെത്തിയത്.

'തെറ്റിദ്ധാരണ പരത്താനും വ്യക്തിഹത്യ നടത്താനും ആസൂത്രിത നീക്കം'; ദല്ലാള്‍ നന്ദകുമാർ വിവാദത്തില്‍ ഇ പി ജയരാജന്‍

 

ശിവശങ്കർ റിമാൻഡിൽ, കസ്റ്റഡി ആവശ്യപ്പെടാതെ ഇഡി

 ലൈഫ് മിഷൻ കരാറിലെ കള്ളപ്പണക്കേസിൽ ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയിൽ.
കൂടുതൽ തെളിവ് ശേഖരണത്തിന് ശേഷം വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ ഡി കോടതിയെ അറിയിച്ചു.
എം ശിവശങ്കറിനെ കൊച്ചിയിലെ സിബിഐ കോടതി അടുത്ത മാസം 8 വരെ റിമാൻഡ് ചെയ്തു. അതേസമയം , കേസിൽ എം ശിവശങ്കർ ജാമ്യഹർജി നൽകി. അന്വേഷണമായി സഹകരിച്ചെന്നും പുതിയ തെളിവുകൾ ഒന്നും കണ്ടെത്താൻ ഇഡിക്ക് കഴിഞ്ഞിട്ടില്ലെന്നും
ആണ് ശിവശങ്കറിന്റെ നിലപാട്. ശിവശങ്കറിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരം അടച്ചിട്ട കോടതി മുറിയിൽ ആയിരുന്നു നടപടികൾ. മാധ്യമങ്ങളെ പുറത്താക്കണമെന്ന ശിവശങ്കരന്റെ ആവശ്യത്തെ ഇ ഡി പ്രോസിക്യൂട്ടറും പിന്തുണച്ചു.

ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കർ റിമാൻഡിൽ, കൂടുതല്‍ കസ്റ്റഡി ആവശ്യപ്പെടാതെ ഇഡി

 

വേനലെത്തും മുന്പേ വിയർത്തൊലിച്ച് കേരളം.

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ താപനില 38 ഡിഗ്രി സെൽഷ്യസിലേക്ക്
ഉയർന്നേക്കും. ചൂട് കൂടുന്ന പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം. കോഴിക്കോടും കൊച്ചി സിയാലിലും 35.8 ഡിഗ്രി സെൽഷ്യസ്. വെള്ളാനിക്കരയിൽ 35.6 ഡിഗ്രി സെൽഷ്യസ്. പുനലൂരിൽ 35 ഡിഗ്രി സെൽഷ്യസ്. ഇന്നലെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയ ഉയർന്ന താപനിലയാണിത്. വേനൽ എത്തുമുമ്പേ 35 ഡിഗ്രി സെൽഷ്യസ് കടന്നു പലയിടത്തും. അടുത്ത പത്ത് ദിവസവും പകൽ ചൂട് 34 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെ കേരളത്തിൽ അനുഭവപ്പെടാം. അതായത് ഔദ്യോഗികമായി വേനൽ തുടങ്ങുന്ന മാർച്ച് ഒന്നിനും മുമ്പേ കേരളം കൂടുതൽ വിയർക്കും.

വേനൽ ചൂട് കൂടുന്നു: ചായയും മദ്യവും കാപ്പിയും ഒഴിവാക്കണം; ജാഗ്രത നിർദ്ദേശങ്ങൾ ഇവ

 

വിവാദ ബില്ലുകള്‍: അയയാതെ ഗവര്‍ണര്‍, ഒപ്പിടുമെന്ന് ഉറപ്പില്ല, മന്ത്രിമാരോട് ചോദ്യങ്ങള്‍

വിവാദ ബില്ലുകളിൽ ഒപ്പിടില്ലെന്ന സൂചന രാജ്ഭവനിൽ മന്ത്രിമാരുമായി നടത്തിയ രാത്രി കൂടിക്കാഴ്ചയിലും ആവർത്തിച്ചു ഗവർണ്ണർ. ലോകായുക്ത, ചാൻസലര്‍, സർവ്വകലാശാല നിയമ ഭേദഗതി ബില്ലുകളിലെ നിയമ പ്രശ്നങ്ങൾ ആണ് ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ചത്. ബില്ലുകളെ കുറിച്ച് നിരവധി ചോദ്യങ്ങൾ ആണ് ഗവർണ്ണർ മന്ത്രിമാർക്ക് മുന്നിൽ ഉന്നയിച്ചത്. മറുപടി കൂടുതലും പറഞ്ഞത് നിയമ മന്ത്രി പി രാജീവ് ആയിരുന്നു. വിദ്യാഭ്യാസം സംസ്ഥാന വിഷയം ആയതിനാൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനം എടുക്കാമെന്നായിരുന്നു രാജീവിന്‍റെ വാദം. അതേസമയം അനുമതി കിട്ടാതിരിക്കുന്ന 8 ബില്ലിൽ വഖഫ്, സഹകരണ ഭേദഗതി ബില്ലുകളിൽ ഗവർണ്ണർ ഉടൻ ഒപ്പ് വെക്കും.

വിവാദ ബില്ലുകള്‍: അയയാതെ ഗവര്‍ണര്‍, ഒപ്പിടുമെന്ന് ഉറപ്പില്ല, മന്ത്രിമാരോട് ചോദ്യങ്ങള്‍

 

തിരുവനന്തപുരത്ത് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

കരിപ്പൂരിൽ നിന്നും ദമാമിലേക്ക് പറന്നുയർന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തിരമായി തിരുവനന്തപുരത്തിറക്കി. 182 യാത്രക്കാരും സുരക്ഷിതരാണ്. വിമാനം പറന്നുയർന്നപ്പോള്‍ പിൻഭാഗം റൺവേയിൽ നിലത്ത് ഉരഞ്ഞതാണ് സാങ്കേതിക തകരാറിന് കാരണം. തകരാർ പരിഹരിച്ച് വിമാനം വൈകീട്ടോടെ ദമാമിലേക്ക് പുറപ്പെട്ടു. രണ്ടര മണിക്കൂറോളം നീണ്ട ഉദ്വേഗം, രാവിലെ 9.44 ന് കരിപ്പൂരിൽ നിന്നും ടേക്ക് ഓഫ് ചെയ്തപ്പോൾ തന്നെ സാങ്കേതിക തകരാർ പൈലറ്റ് എയർട്രാഫിക് കൺട്രോൾ റൂമിൽ അറിയിച്ചു. ആദ്യം കരിപ്പൂരിൽ തന്നെ അടിയന്തിരമായി ഇറക്കാൻ ശ്രമം. അടിയന്തിര ലാൻഡിംഗിന് അനുമതി കിട്ടാത്തതിനെ തുടർന്ന് കൊച്ചിയിലേക്ക് പറന്നു. കൊച്ചിയിലും എമർജൻസി ലാൻഡിംഗ് അനുമതിയില്ലാത്തിനാൽ അടുത്ത ലക്ഷ്യം തിരുവനന്തപുരം. 11.20ന് വിമാനം നിലത്തിറക്കിാനായിരുന്നു ആദ്യ തീരുമാനമെങ്കിലും ചില വിമാനങ്ങള്‍ പുറപ്പെടാനുള്ളതിനാൽ 12.15 ലേക്ക് മാറ്റി ലാൻഡിംഗ്. എമർജൻസി ലാൻഡിംഗിനായി ഇന്ധനം തീർക്കാൻ 11 തവണയാണ് വിമാനം ചുറ്റിപ്പറന്നത്. എമർജൻസി ലാൻഡിംഗിന് മുന്നോടിയായി തിരുവനന്തരം വിമാനത്താവളത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഒടുവിൽ 12. 15 ന് സുരക്ഷിത ലാൻഡിംഗ്.

തിരുവനന്തപുരത്തെ അടിയന്തര ലാന്‍ഡിംഗ്: 4 മണിക്ക് യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ദമാമിലേക്ക് തിരിക്കും

 

ഹിൻഡൻബെർഗ് മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി

ഹിൻഡൻബെർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇത്തരം ഒരു നിർദ്ദേശവും കോടതികൾക്ക് നൽകാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അദാനി വിവാദവുമായി ബന്ധപ്പെട്ട് ഹിൻഡൻബെർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാർത്ത നൽകുന്നത് തടയണമെന്ന് കാട്ടി അഭിഭാഷകൻ എം.എൽ.ശർമ്മ നൽകിയ ഹർജി പരാമർശിച്ചപ്പോളാണ് കോടതി ഈക്കാര്യം വ്യക്തമാക്കിയത്.

ഹിൻഡൻബെർഗ് റിപ്പോർട്ട്: വാർത്തകൾ നൽകാം, മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
തദ്ദേശത്തിലെ 'ന്യൂ ജൻ' തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ