
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സഹായ വിതരണത്തിൽ അടിമുടി ക്രമക്കേടെന്ന് വിജിലൻസ്. സംസ്ഥാന വ്യാപകമായി നടന്ന തട്ടിപ്പിന്റെ വിവരങ്ങൾ പരിശോധനയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൂട്ടുനിന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് നടപടിക്ക് ശുപാർശ നൽകി.
കൊല്ലത്ത് യാതൊരു കേടുമില്ലാത്ത വീട് പുനർ നിർമിക്കാൻ നാല് ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലൂടെ നൽകിയതെന്ന് വിജിലൻസ് കണ്ടെത്തി. വർക്കലയിൽ ഉദരരോഗത്തിന് ചികിത്സ തേടിയ രോഗിക്ക് ഹൃദ്‍രോഗത്തിന് പണം നൽകി. കരുനാഗപ്പള്ളി താലൂക്കിൽ 13 പേർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത് ഒരു ഡോക്ടറാണ്. ഒരു കുടുംബത്തിലെ ആറ് പേർക്കും സർട്ടിഫിക്കറ്റ് നൽകി.
പാലക്കാട് ആലത്തൂരിൽ 78 അപേക്ഷയിൽ 54 സർട്ടിഫിക്കറ്റും നൽകിയത് ഒരു ആയുർവേദ ഡോക്ടറാണെന്നും വിജിലൻസ് അറിയിച്ചു. സഹായം ലഭിക്കാനായി നൽകിയ 78 ൽ 28 അപേക്ഷയിലും കാണുന്നത് ഒരേ ഫോൺ നമ്പറാണെന്നും കണ്ടെത്തി. കോഴിക്കോട് സർക്കാർ ഉദ്യോഗസ്ഥന്റെ അമ്മയ്ക്കും ധനസഹായം നൽകി. കോഴിക്കോട് ഒരു പ്രവാസിയുടെ മകന് മൂന്നു ലക്ഷം ചികിത്സ സഹായം ലഭിച്ചുവെന്നും വിജിലൻസ് വ്യക്തമാക്കി . തട്ടിപ്പിന് കൂട്ടുനിന്ന സർക്കാർ ഉദ്യേഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ നൽകിയതായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു. 6 മാസത്തിലൊരിക്കെ ഓഡിറ്റ് നടത്തണമെന്നും വിജിലൻസ് ഡയറക്ടർ ശുപാർശ നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam