നാലുമണിക്കുള്ളില്‍ സാങ്കേതിക തകരാർ പരിഹരിക്കാൻ കഴിയുമെന്ന് എയർ ഇന്ത്യ അറിയിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടതിന് പിന്നാലെയാണ് എയര്‍ ഇന്ത്യ വിമാനത്തിന്‍റെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്.

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കിയ കോഴിക്കോട് - ദമാം എയർ ഇന്ത്യ വിമാനം നാലുമണിക്ക് യാത്ര തിരിക്കും. യാത്രക്കാരെ ഇതേ വിമാനത്തില്‍ തന്നെ ദമാമിലേക്ക് കൊണ്ടുപോവും. നാലുമണിക്കുള്ളില്‍ സാങ്കേതിക തകരാർ പരിഹരിക്കാൻ കഴിയുമെന്ന് എയർ ഇന്ത്യ അറിയിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടതിന് പിന്നാലെയാണ് എയര്‍ ഇന്ത്യ വിമാനത്തിന്‍റെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് തിരുവനന്തപുരത്ത് അടിയന്തര ലാന്‍റിം​ഗിന് അനുമതി തേടുകയായിരുന്നു. 182 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

കോഴിക്കോട് വിമാനത്താവളത്തിൽ തന്നെ ലാന്റ് ചെയ്യാനായിരുന്നു ആദ്യ ശ്രമം. പിന്നീട് കൊച്ചിയിലോ തിരുവനന്തപുരത്തോ എന്ന് ആലോചിക്കുകയും സുരക്ഷ കൂടിയ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു. രാജ്യത്ത് സുരക്ഷിതമായി വിമാനം ലാന്റ് ചെയ്യാവുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലാണ് തിരുവനന്തപുരം വിമാനത്താവളമുള്ളത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഭാഗത്ത് എത്തിയതിന് ശേഷം ഇന്ധനം കളഞ്ഞാണ് വിമാനം നിലത്തിറക്കിയത്.