പത്തനംതിട്ടയിലെ പൊലീസ് അതിക്രമത്തിന് പിന്നാലെ മറ്റൊരു അതിക്രമത്തിന്‍റെ വാർത്ത ഇടുക്കിയിൽ നിന്ന് വന്നു. പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്നയാളെ പൊലീസ് കരണത്തടിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു. അമേരിക്കയിൽ നിന്നുള്ള ഇന്ത്യക്കാരുടെ നാടുകടത്തൽ സംബന്ധിച്ച തുടർ വാർത്തകൾ ഇന്നുണ്ട്. അന്താരാഷ്ട്ര തലത്തിലാകട്ടെ ഗാസ ഏറ്റെടുക്കുമെന്ന ഡൊണാൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.

02:54 PM (IST) Feb 06
അമേരിക്കയിൽ നിന്ന് കയ്യിലും കാലിലും വിലങ്ങിട്ട് ഇന്ത്യക്കാരെ നാട് കടത്തുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്കൻ ബോർഡർ പട്രോൾ. സി17 ട്രാൻസ്പോർട് വിമാനത്തിൽ 40 മണിക്കൂറിലേറെ വീണ്ട യാത്രയിൽ കൈവിലങ്ങിട്ടും കാലിൽ ചങ്ങലയിട്ടുമാണ് ഇരുത്തിയിരുന്നതെന്ന് മടങ്ങിയെത്തിയ ജസ്പാൽ സിങ്, ഹർവീന്ദർ സിങ് എന്നിവർ വെളിപ്പെടുത്തി. ഇന്ത്യക്കാരെ കൈവിലങ്ങുവെച്ചല്ല കൊണ്ടുവന്നതെന്ന സർക്കാർ വാദം തള്ളുകയാണ് തിരികെയത്തിയവർ.
12:19 PM (IST) Feb 06
വൈസ് ചാൻസലർ നിയമനത്തിലടക്കം വിവാദ മാർഗ നിർദേശങ്ങളുള്ള യുജിസി കരട് മാർഗരേഖ തള്ളിക്കളയണമെന്ന് ഏഴ് സംസ്ഥാനങ്ങൾ. ബെംഗളൂരുവിൽ ചേർന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിമാരുടെ കോൺക്ലേവ് കരട് മാർഗരേഖയ്ക്ക് എതിരെ പ്രമേയം പാസ്സാക്കി. കേരളവും തമിഴ്നാടും കർണാടകയുമടക്കം ഏഴ് സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിമാരാണ് യോഗം ചേർന്നത്.
11:11 AM (IST) Feb 06
മറയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. മറയൂർ ചമ്പക്കാട്ടിൽ വിമൽ( 57) ആണ് മരിച്ചത്. ചിന്നാർ വന്യജീവി സങ്കേതത്തിന് അകത്താണ് സംഭവം. ഫയർ ലൈൻ ഇടാൻ പോയ ആദിവാസി വിഭാഗത്തിൽ പെട്ട വിമലിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം
09:47 AM (IST) Feb 06
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഒന്നാംവർഷ വിദ്യാർഥികളെ റാഗ് ചെയ്തതായി പരാതി. പരാതിക്ക് പിന്നാലെ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിനെ തുടർന്ന് 11 എംബിബിഎസ് വിദ്യാർഥികളെ സസ്പെന്റ് ചെയ്തു. കോളേജ് ഹോസ്റ്റലിൽ വച്ച് ജൂനിയർ വിദ്യാർത്ഥികളെ രണ്ടാം വർഷ വിദ്യാർഥികൾ റാഗ് ചെയ്തതായാണ് പരാതി. പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. റിപ്പോർട്ട് തുടർ നടപടികൾക്കായി മെഡിക്കൽ കോളേജ് പൊലീസിനു കൈമാറി.
09:46 AM (IST) Feb 06
ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്‌മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി. നിലവിൽ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിയുകയാണ് ഗ്രീഷ്മ.
08:40 AM (IST) Feb 06
ഗാസ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനക്കെതിരെ ഐക്യരാഷ്ട്ര സഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ് രംഗത്ത്. അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങൾ എല്ലാ രാജ്യങ്ങളും പാലിക്കണമെന്നാണ് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് പറഞ്ഞത്. വംശീയ ഉന്മൂലനം നിർബന്ധമായും ഒഴിവാക്കണമെന്നും ഗുട്ടറെസ് ആവശ്യപ്പെട്ടു.
08:39 AM (IST) Feb 06
ദില്ലി തെരഞ്ഞെടുപ്പിൽ കൂടുതൽ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് പുറത്തുവരും. ആക്സിസ് മൈ ഇന്ത്യയും ടുഡേയ്സ് ചാണക്യയുടെയും ഫലങ്ങൾ വൈകുന്നേരത്തോടുകൂടി പ്രസിദ്ധീകരിക്കും. സി - വോട്ടറും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവ്വേ ഫലങ്ങൾ പുറത്തുവിടും. സീറ്റ് സംഖ്യകൾക്ക് പകരം മണ്ഡലങ്ങൾ സംബന്ധിച്ചുള്ള ശതമാന കണക്കാകും സി വോട്ടർ പ്രസിദ്ധീകരിക്കുക. ഇന്നലെ പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ഭൂരിപക്ഷവും ബി ജെ പി അധികാരത്തിൽ എത്തുമെന്നാണ് പ്രവചനം. എന്നാൽ ഈ പ്രവചനങ്ങൾ തള്ളുകയാണ് ആം ആദ്മി പാർട്ടി. എക്സിറ്റ്പോൾ ഫലങ്ങൾ അനുകൂലമായതോടെ വലിയ ആത്മവിശ്വാസത്തിലാണ് ബി ജെ പി ക്യാമ്പ്.
08:38 AM (IST) Feb 06
കേരളമാകെ നടന്ന കോടികളുടെ പാതി വില തട്ടിപ്പിൽ ഇഡി പ്രാഥമിക വിവര ശേഖരണം നടത്തി. തട്ടിപ്പിലൂടെ അനന്തു കൃഷ്ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയം ഉണ്ട്. കേസായതോടെ വിദേശത്തേക്ക് കടക്കാൻ അനന്തു കൃഷ്ണൻ ശ്രമിച്ചെന്ന വിവരവും പൊലീസിന് കിട്ടി. അനന്തു കൃഷ്ണനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും.
08:38 AM (IST) Feb 06
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നികുതിയേതര വരുമാന വര്‍ദ്ധനവിനുള്ള മാര്‍ഗ്ഗങ്ങളാകും നാളത്തെ സംസ്ഥാന ബജറ്റിന്‍റെ ഫോക്കസ്. തദ്ദേശ തെരഞ്ഞെടുപ്പിനും തൊട്ട് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപുള്ള അവസാന സന്പൂർണ ബജറ്റായതിനാൽ ജനപ്രിയ പ്രഖ്യാപനങ്ങളും കുറയാനിടയില്ല. പ്രഖ്യാപിത ഇടതു നയങ്ങളിൽനിന്ന് വഴിമാറിയുള്ള മാറ്റങ്ങൾ കൂടിയാണ് ഈ ബജറ്റിൽ പ്രതീക്ഷിക്കുന്നത്.
08:37 AM (IST) Feb 06
ഇടുക്കി കൂട്ടാറിൽ പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്നയാൾക്ക് പൊലീസിന്റെ ക്രൂരമർദനം. കമ്പംമെട്ട് സിഐ ഷമീർ ഖാനാണ് ഓട്ടോ ഡ്രൈവറായ മുരളീധരൻ്റെ കരണത്തടിച്ചത്. അടിയേറ്റ് നിലത്ത് വീണ മുരളീധരൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മർദ്ദനമേറ്റ് തൻ്റെ പല്ല് പൊടിപ്പോയെന്നും മുരളീധരൻ പറയുന്നു.