സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിന് ഗാസ അനിവാര്യമാണ്
ന്യൂയോർക്ക്: ഗാസ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനക്കെതിരെ ഐക്യരാഷ്ട്ര സഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ് രംഗത്ത്. അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങൾ എല്ലാ രാജ്യങ്ങളും പാലിക്കണമെന്നാണ് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് പറഞ്ഞത്. വംശീയ ഉന്മൂലനം നിർബന്ധമായും ഒഴിവാക്കണമെന്നും ഗുട്ടറെസ് ആവശ്യപ്പെട്ടു. ശാശ്വതമായ വെടിനിർത്തലാണ് ഇപ്പോൾ ആവശ്യമെന്നും പരിഹാരങ്ങൾക്ക് ശ്രമിക്കുമ്പോൾ സ്ഥിതി വഷളാക്കരുതെന്നും ഗുട്ടറെസ് അഭിപ്രായപ്പെട്ടു. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിന് ഗാസ അനിവാര്യമാണ്. സ്വന്തം മണ്ണിൽ ജീവിക്കാനുള്ള പലസ്തീനികളുടെ അവകാശം അകലുകയാണെന്നും ന്യൂയോർക്കിലെ യു എൻ യോഗത്തിൽ ഗുട്ടറെസ് അഭിപ്രായപ്പെട്ടു.
അതിനിടെ പുറത്തുവന്ന വാർത്ത അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി അമേരിക്ക തിരിച്ചയച്ച ആദ്യസംഘം അമൃത്സറിൽ എത്തി എന്നതാണ്. അമേരിക്കൻ സൈനിക വിമാനത്തിൽ മടങ്ങി എത്തിയവരിൽ 13 കുട്ടികളും 25 സ്ത്രീകളുമടക്കം 104 ഇന്ത്യക്കാരെയാണ് തിരിച്ചെത്തിച്ചത്. 40 മണിക്കൂറിലധികം നീണ്ട യാത്രയ്ക്ക് ശേഷമാണ് ഇവർ അമൃത്സറിൽ എത്തിയത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.05 ഓടെയാണ് അമേരിക്കൻ സൈനിക വിമാനം അമൃത്സറിൽ ഇറങ്ങിയത്. സി - 17 യു എസ് സൈനിക ട്രാൻസ്പോർട്ട് വിമാനത്തിലാണ് നാടുകടത്തിയവരെ തിരിച്ചെത്തിച്ചത്. അമേരിക്ക - മെക്സിക്കോ അതിർത്തി വഴി അമേരിക്കയിലേക്ക് എത്തിയവരെയാണ് പിടികൂടി തിരിച്ചയച്ചതെന്ന് പഞ്ചാബ് സർക്കാർ സ്ഥിരീകരിച്ചു. സാൻ ഡീഗോ മറീൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട പരിമിത സൗകര്യങ്ങളുള്ള സൈനിക വിമാനത്തിൽ നാൽപ്പത് മണിക്കൂർ യാത്ര ചെയത് ശേഷമാണ് ഇവർ അമൃത്സറിൽ ഇറങ്ങിയത്. ഫിലിപ്പീൻസ് വഴി മാലിദ്വീപിനടുത്തെത്തിയ ശേഷമാണ് വിമാനം ഇന്ത്യൻ വ്യോമമേഖലയിലേക്ക് കടന്നത്. ആകെ 25 സ്ത്രീകളും വിമാനത്തിലുണ്ടായിരുന്നു. ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് 33 പേർ വീതം തിരിച്ചെത്തി. പഞ്ചാബിൽ നിന്ന് 30 പേരുണ്ട്. മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പേർ വീതവും ചണ്ഡീഗഡിൽ നിന്ന് രണ്ട് പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. 45 യു എസ് അധികൃതരും വിമാനത്തുണ്ടായിരുന്നു. തിരികെ എത്തിയ ഇന്ത്യക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. തിരിച്ചെത്തിയവർക്കെതിരെ ക്രിമിനൽകേസുകളുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
