
ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ ഇന്ന് ചോദ്യം ചെയ്യൽ,
സിപിഎം നേതാവ് കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതി ഗോപാലകൃഷ്ണന്‍റെയും വി എസ് അച്യുതാനന്ദന്‍റെ മുന്‍ അഡീഷണല്‍ സെക്രട്ടറിയും മാധ്യമപ്രവര്‍ത്തകനുമായ കെ എം ഷാജഹാന്റെയും ചോദ്യം ചെയ്യൽ ഇന്നുണ്ടാകും. ഇന്നലെ ഗോപാലകൃഷ്ണന്‍റെയും ഷാജഹാന്‍റെയും വീട്ടിൽ പരിശോധന നടത്തിയ അന്വേഷണസംഘം ഇരുവരുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസും നൽകിയിട്ടുണ്ട്. യൂ ട്യൂബ് ചാനലിലൂടെ ഷൈനെയും വി എൻ ഉണ്ണികൃഷ്ണൻ എം എല്‍ എയും അധിക്ഷേപിച്ച് വീഡിയോ ഇട്ടു എന്നതാണ് കെ ജെ ഷൈനിന്‍റെ പരാതി. വീഡിയോ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിച്ച ഷാജഹാന്‍റെ ഐ ഫോൺ ആണ് കസ്റ്റഡിയിൽ എടുത്തത്. യൂ ട്യൂബർ കൊണ്ടോട്ടി അബുവിനെക്കൂടി കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
കേരളത്തിന് ഇന്ന് ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്നും 26 -ാം തിയതിയും ഇടിമിന്നൽ മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. 26 ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.1 മീറ്റർ വരെയും കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ 24/09/2025 പകൽ 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. ടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും നിർദ്ദേശമുണ്ട്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്.
തിരുവനന്തപുരം: പത്താമത് ആയുര്‍വേദ ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 ന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ശാസ്ത്രീയ പ്രസവ ശുശ്രൂഷയും ആയുഷ് യോഗ ആപ്പും ഉള്‍പ്പെടെ 14.39 കോടി രൂപയുടെ 12 പദ്ധതികളും മന്ത്രി ഉദ്ഘാടനം ചെയ്യും. വി.കെ. പ്രശാന്ത് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സൂതികാമിത്രം, ആയുഷ് യോഗ ക്ലബ് ആപ്പ്, ആയുര്‍കര്‍മ്മ, ദൃഷ്ടി ക്ലിനിക് ഉള്‍പ്പെടെ ആയുര്‍വേദ ചികിത്സയിലും ശുശ്രൂഷയിലും മാറ്റം കൊണ്ടുവരുന്ന പദ്ധതികള്‍ക്കാണ് ആയുര്‍വേദ ദിനത്തില്‍ തുടക്കമാകുന്നത്.
അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ഇന്ന് സംസ്ഥാനത്തെ മെഡിക്കൽ കോളേജ് അധ്യാപകരുടെ പരസ്യ പ്രതിഷേധം. ഇന്ന് മെഡിക്കൽ കോളേജുകളിൽ KGMCTA ധർണ സംഘടിപ്പിക്കും. തിരുവന്തപുരത്ത് DME ഓഫീസിലേക്ക് മാർച്ച് നടത്തും. മറ്റിടങ്ങളിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിലേക്കാണ് മാർച്ച്. രാവിലെ പത്തരയ്ക്കാണ് മാർച്ചും ധർണയും. ഇന്നലെ കരിദിനം ആചരിച്ചായിരുന്നു പ്രതിഷേധം. പുതിയ മെഡിക്കൽ കോളേജുകളിൽ തസ്തിക സൃഷ്ടിക്കുന്നില്ലെന്നാണ് KGMCTA യുടെ പരാതി.
മലയാള സിനിമയുടെ കാരണവർ മധു സാറിന് ഇന്ന് 92 ആം പിറന്നാൾ. ആശംസകളുമായി സഹപ്രവർത്തകരും സുഹൃത്തുക്കളും രംഗത്തെത്തി. ആറ് പതിറ്റാണ്ട് പിന്നിടുന്ന സിനിമാ ജീവിതത്തിൽ മലയാളത്തിന്റെ തലയെടുപ്പായ ചെമ്മീൻ അടക്കം 400 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പന്ത്രണ്ടോളം സിനിമകൾ സംവിധാനം ചെയ്തു. 15 ചിത്രങ്ങൾ നിർമിച്ചു. തിരുവനന്തപുരത്ത് ഉമാ സ്റ്റുഡിയോ എന്ന പേരില്‍ സ്വന്തമായി സ്റ്റുഡിയോ വരെയുണ്ടായിരുന്നു. അടിമുടി സിനിമയായിരുന്നു മധു. അപ്പോഴും മികച്ച നടനുളള ദേശീയ സംസ്ഥാന ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചില്ല എന്നത് മലയാളിക്കൊരു നോവാണ്. 2004 ല്‍ സംസ്ഥാന സര്‍ക്കാര്‍ ജെ.സി.ദാനിയേല്‍ പുരസ്കാരം നൽകി ആദരിച്ചു. 2013ൽ രാജ്യം പത്മശ്രീയും. 1962ല്‍ രാമു കാര്യാട്ടിനറെ മൂടുപടം എന്ന ചിത്രത്തിലൂടെ തുടക്കം. പക്ഷേ ആദ്യം വെള്ളിത്തിര തൊട്ടത് ശോഭനാ പരമേശ്വരന്‍ നായര്‍ നിര്‍മിച്ച് എന്‍.എന്‍.പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്‍പ്പാടുകളാണ്.
ഖത്തറിൽ ഇന്ന് മുതൽ ശക്തമായ കാറ്റ്, പൊടിപടലങ്ങൾ, ദൃശ്യപരത കുറയൽ എന്നിവ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യു.എം.ഡി). സെപ്റ്റംബർ 23 ചൊവ്വാഴ്ച മുതൽ സെപ്റ്റംബർ 24 ബുധനാഴ്ച വരെ ഈ കാലാവസ്ഥ ആയിരിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കാലാവസ്ഥാ അപ്‌ഡേറ്റിൽ പറയുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഖത്തറിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ഈ കാറ്റുകൾ ചില പ്രദേശങ്ങളിൽ പൊടിപടലങ്ങൾ വീശുന്നതിനും തിരശ്ചീന ദൃശ്യപരത കുറയുന്നതിനും കാരണമായേക്കാം. ഈ സമയത്ത് സമുദ്ര ജാഗ്രതാ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
ഏഷ്യാകപ്പിൽ ഇന്ന് പാകിസ്ഥാനും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യക്കെതിരായ മത്സരത്തിൽ പരാജയപ്പെട്ട പാകിസ്ഥാനെ സംബന്ധിച്ചടുത്തോളം ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ പരാജയപ്പെട്ട ശ്രീലങ്കയും അവസ്ഥയും സമാനമാണ്. ഇന്നത്തെ മത്സരത്തിൽ പരാജയപ്പെടുന്നവർ ടൂർണമെന്‍റിൽ ഫൈനൽ കാണാതെ പുറത്താകുമെന്നത് ഉറപ്പാണ്.
വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. വിൻഡീസിനെതിരെ പതിനഞ്ചംഗ ടീമിനെയാണ് അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ പരമ്പരയിൽ രണ്ട് മത്സരങ്ങളാണുളളത്. അടുത്ത മാസം രണ്ടിന് അഹമ്മദാബാദിലാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക. ഇംഗ്ലണ്ട് പര്യടനത്തിനിടെ പരിക്കേറ്റ വിക്കറ്റ് കീപ്പർ പന്ത് വിൻഡീസിനെതിരെ കളിക്കില്ല. പരിക്കിൽ നിന്ന് മുക്തനാവാത്ത പന്ത് ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ചികിത്സയിൽ ആണിപ്പോൾ. ധ്രൂവ് ജുറൽ വിക്കറ്റ് കീപ്പറായി ടീമിൽ ഇടംപിടിക്കും. നിതീഷ് കുമാർ റെഡ്ഡി, ദേവ്ദത്ത് പടിക്കൽ എന്നിവരെ ടീമിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.