
തിരുവനന്തപുരം: ദേഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ അറബ് രാജ്യങ്ങളുടെ ഉച്ചകോടി ഖത്തറിൽ നടക്കുകയാണ്. ഇസ്രയേലിനെതിരെ കനത്ത തിരിച്ചടി വേണമെന്ന് അറബ് രാജ്യങ്ങൾ നിലപാടെടുത്തിരുന്നു. ഇപ്പോഴിതാ ഖത്തറിനെ ഇനി ഇസ്രയേല്‍ ആക്രമിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇനി ആക്രമക്കില്ലെന്ന് നെതന്യാഹു ഉറപ്പ് നല്‍കിയെന്നാണ് അവകാശവാദം. അറബ് ഉച്ചകോടിക്ക് പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം. അറബ് ഉച്ചകോടിയുടെ സമാപനം, നിയമസഭാ സമ്മേളനം, കേരള പൊലീസിന്‍റെ കസ്റ്റഡി മർദ്ദന പരമ്പര, കോൺഗ്രസ് കൈയ്യൊഴിഞ്ഞ രാഹുൽ മാങ്കൂട്ടം എംഎൽഎയുടെ തുടർ നീക്കങ്ങൾ, മണ്ണൂത്തി, പന്നിയേങ്കര ടോൾ പിരിവ് സംബന്ധിച്ച തീരുമാനം തുടങ്ങി ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ അറിയാം.
ഖത്തറിനെ ഇനി ഇസ്രയേല്‍ ആക്രമിക്കില്ലെന്ന് ഡോണള്‍ഡ് ട്രംപ്.
ഖത്തറിനെ ഇനി ആക്രമിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉറപ്പ് നല്‍കിയെന്ന അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്‍റ്. ദോഹയിൽ നടന്ന അറബ് ഉച്ചകോടിക്ക് പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം. മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്ന് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കിഅമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഇന്ന് ഖത്തറില്‍ ഉണ്ട്. അതേസമയം ഹമാസിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ തുടരുമെന്ന് നെതന്യാഹു സൂചിപ്പിച്ചിട്ടുണ്ട്.
പൊലീസ് അതിക്രമങ്ങള്‍ നിയമസഭയില്‍
സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിൽ മർദ്ദിച്ചത് മുതൽ തൃശ്ശൂരില്‍ കെഎസ് യു പ്രവർത്തകരെ മുഖം മൂടി ധരിപ്പിച്ചത് അടക്കമുള്ള വിവാദങ്ങൾ ഉയർത്താനാണ് തീരുമാനം. അടിയന്തിരപ്രമേയമായി പ്രശ്നം ഉന്നയിക്കാനാണ് നീക്കം. ആരോപണം തള്ളി മുഖ്യമന്ത്രി എൽഡിഎഫ് യോഗത്തിൽ പൊലീസിനെ ന്യായീകരിച്ചിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന ഇടത് മുന്നണി യോഗത്തിലെ നിലപാട് മുഖ്യമന്ത്രി സഭയിലും ആവർത്തിക്കാനാണ് സാധ്യത.
മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ എത്തിയേക്കില്ല
ലൈംഗികാതിക്രമണ ആരോപണത്തെ തുടർന്ന് കോൺഗ്രസ് സസ്പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്നലെ പാർട്ടിയെ വെട്ടിലാക്കി നിയമസഭയിൽ എത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനെ തള്ളി സഭയിലെത്തിയ രാഹുൽ പക്ഷേ ഇന്ന് സഭയിലെത്താന്‍ സാധ്യതയില്ല.
മണ്ണൂത്തി, പന്നിയേങ്കര ടോൾ പിരിവുകളിൽ കോടതി തീരുമാനം ഇന്ന്
ഇടപ്പളളി, മണ്ണൂത്തി ദേശീയ പാതയിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. പാതയിലെ പ്രശ്നങ്ങള്‍ ഏറെക്കുറേ പരിഹരിച്ചെന്ന് കോടതി നിയോഗിച്ച കമ്മിറ്റി ഇന്നലെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷമാകും ടോള്‍ പിരിവിന്‍റെ കാര്യത്തിൽ കോടതി നിലപാടെടുക്കുക. തൃശൂര്‍ പന്നിയങ്കരയിലെ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോണ്‍ഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്താണ് ടോള്‍ പിരിവ് നിര്‍ത്തി വയ്ക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.
ബി അശോക് ഐഎഎസ് ഇന്ന് വീണ്ടും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കും
സ്ഥലം മാറ്റത്തിനെതിരെ ബി അശോക് ഐഎഎസ് ഇന്ന് വീണ്ടും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കും. ഇന്നലെയാണ് അശോകിനെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പിആർഡിയിലേക്ക് മാറ്റിയത്. കെറ്റിഡിഎഫ്സിയിലേക്കുള്ള സ്ഥലം മാറ്റത്തിനെതിരായ കേസ് ഇന്ന് പരിഗണിക്കാൻ ഇരിക്കെയായിരുന്നു അശോകിനെ ഇന്നലെ തിടുക്കത്തിൽ മാറ്റിയത്. കെറ്റിഡിഎഫ്സി എംഡി സ്ഥാനത്തേക്ക് അശോകിനെ മാറ്റിയത് ട്രിബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. ആ സ്റ്റേ നിലനിൽക്കെയാണ് വീണ്ടും സ്ഥലംമാറ്റിയത്.
ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും
കന്നി മാസ പൂജകൾക്ക് ആയി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20ന് പമ്പയിൽ നടക്കും.വിപുലമായ ഒരുക്കങ്ങൾ ആണ് ദേവസ്വം ബോർഡും സർക്കാരും ചേർന്ന് നടത്തുന്നത്. ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് ബുദ്ധിമുട്ട് വരാതെ വേണം സംഗമം നടത്താൻ എന്ന് ഹൈക്കോടതി പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. 21 ന് രാത്രിയാണ് നട അടയ്ക്കുക.