
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കോൺഗ്രസ് നടപടികളിൽ തീരുമാനം ഇന്ന്
ലൈംഗിക ചൂഷണ വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ കോൺഗ്രസ് നടപടികളിൽ തീരുമാനം ഇന്ന്. എംഎൽഎ സ്ഥാനത്തു നിന്നുള്ള രാജിക്ക് പകരം സസ്പെൻഷനാണ് സജീവമായി പരിഗണിക്കുന്നത്. രാവിലെ അന്തിമ തീരുമാനം എടുക്കും. എംഎൽഎ സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നാൽ തിരിച്ചടിയാകും എന്ന വിലയിരുത്തലാണ് പാർട്ടിക്ക്. ഇതോടെ എംഎൽഎ സ്ഥാനത്തു നിന്നുള്ള രാജിക്ക് ശക്തമായ സമ്മർദ്ദം ഉയർത്തിയ നേതാക്കൾ പോലും അയഞ്ഞു. രാഹുലിനെ സസ്പെൻഡ് ചെയ്ത് വിവാദങ്ങളെക്കുറിച്ചു അന്വേഷിക്കാൻ സമിതിയെ വയ്ക്കാനാണ് നീക്കം. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിക്കൊപ്പം രാഹുലിന്റെ സസ്പെൻഷൻ കൂടി ആകുന്പോൾ, രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങളെ നേരിടാൻ കഴിയും എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
വിജിലിന്‍സ് കോടതി വിധിക്കെതിരെ എഡിജിപി എം.ആർ.അജിത് കുമാര്‍ ഇന്ന് ഹൈക്കോടതിയില്‍
അഴിമതിക്കേസില്‍ ക്ലീന്‍ ചിറ്റ് റിപ്പോർട്ട് തള്ളിയ വിജിലിന്‍സ് കോടതി വിധിക്കെതിരെ എഡിജിപി എം.ആർ.അജിത് കുമാര്‍ ഇന്ന് ഹൈക്കോടതിയില്‍ അപ്പീൽ നല്‍കും. വസ്തുതകൾ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നാണ് ക്രിമിനൽ അഭിഭാഷകൻ ബി.രാമൻ പിള്ള മുഖേന നല്‍കുന്ന ഹര്‍ജിയിലെ ആവശ്യം. ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ സര്‍ക്കാരും അപ്പീൽ നല്‍കുന്നുണ്ട്.
തൊഴിൽ സ്ഥലത്തെ പീഡനം, എസ്പി വി ജി വിനോദ് കുമാർ ഇന്ന് വിശദീകരണം നൽകും
വനിത എസ്ഐമാർ നൽകിയ പരാതിയിൽ അടുത്ത മാസം 2ന് എസ്പി വി ജി വിനോദ് കുമാർ നേരിട്ട് ഹാജരായി വിശദീകരണം നൽകണം. അന്വേഷണം നടത്തുന്ന എസ്പി മെറിൻ ജോസഫിന് മുന്നിലാണ് ഹാജരാകേണ്ടത്. പരാതിക്കാരിൽ നിന്ന് മൊഴിയെടുക്കും. എസ്പി വിനോദ് മോശം സന്ദേശങ്ങൾ അയക്കുകയും തൊഴിൽ സ്ഥലത്ത് മാനസികമായി പീഡിപ്പിച്ചെന്നുമാണ് എസ്ഐമാരുടെ പരാതി. അന്വേഷണം നിർത്തിവച്ച് പരാതിക്കു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന വിനോദിൻ്റെ ആവശ്യം ഡിജിപി അംഗീകരിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥയോട് ഈ ആക്ഷേപം കൂടി പരിശോധിക്കാൻ ഡിജിപി ആവശ്യപ്പെടും
സിപിഎം നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ച വ്യവസായി മുഹമ്മദ് ഷർഷാദ് ഇന്ന് മാധ്യമങ്ങളെ കാണും
കത്ത് വിവാദത്തിൽ സിപിഎം നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ച വ്യവസായി മുഹമ്മദ് ഷർഷാദ് ഇന്ന് മാധ്യമങ്ങളെ കാണും. ചെന്നൈയിൽ വൈകീട്ട് നാലരയ്ക്കാണ് വാർത്താസമ്മേളനം. സിപിഎം നേതാക്കളുടെ പ്രതികരണങ്ങൾക്ക് ഷർഷാദ് മറുപടി നൽകും. തന്നെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളാളെന്നും ഇതിൽ വ്യക്തത വരുത്താനാണ് വാർത്താസമ്മേളനം എന്നുമാണ് ഷർഷാദ് അറിയിച്ചത്. ഷർഷാദ് ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടിരുന്നു.
ഊന്നുകൽ കൊലപാതകത്തിൽ പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതം
ഊന്നുകൽ കൊലപാതകത്തിൽ പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി അന്വേഷണസംഘം. പ്രതി രാജേഷുമായി അടുത്ത ബന്ധമുള്ള ആളുകളുടെ ഫോൺകോളുകളും അന്വേഷണസംഘം പരിശോധിക്കുകയാണ്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഒളിവിൽ പോയ രാജേഷ് സംസ്ഥാനം വിട്ടിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ വിവരം. പൊലീസ് കസ്റ്റഡിയിലെടുത്ത സ്വർണാഭരണങ്ങളും പ്രതിയുടെ വാഹനവും ഫോറൻസിക് സംഘം പരിശോധിക്കും.
റാപ്പർ വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
ബലാത്സംഗ കേസിൽ റാപ്പർ വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് ഹൈക്കോടതി നിര്‍ദേശം നൽകിയിരുന്നു. വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരിയുടെ അഭിഭാഷക കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണ് കോടതി കേസ് ഇന്നത്തേക്ക് മാറ്റിയത്. വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹത്തില്‍ നിന്ന് വേടന്‍ പിന്‍മാറിയെന്ന വാദം പരാതിക്കാരി കോടതിയിൽ ആവര്‍ത്തിച്ചിരുന്നു.
റഷ്യ യുക്രൈൻ സമാധാന ശ്രമങ്ങൾ അനിശ്ചിതത്വത്തിൽ
റഷ്യ യുക്രൈൻ സമാധാന ശ്രമങ്ങൾ അനിശ്ചിതത്വത്തിൽ. ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുടിൻ സെലൻസ്കി ചർച്ച ഇപ്പോൾ നടക്കില്ലെന്ന് റഷ്യ വ്യക്തമാക്കി. റഷ്യൻ വിദേശകാര്യ മന്ത്രി എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രസ്താവന.
നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസില്‍ നല്‍കിയ ഹര്‍ജിയും സുവിശേഷകൻ കെ എ പോൾ നൽകിയ ഹർജിയുമാണ് പരിഗണിക്കുക. നിമിഷപ്രിയയുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾ വിലക്കണമെന്നാണ് കെ എ പോളിന്റെ ഹർജി. കേസിൽ ഇടപെടുന്നതിൽ നിന്ന് നിമിഷപ്രിയ ആക്ഷൻ കൗൺസിലിനെയും കാന്തപുരത്തെയും വിലക്കണം എന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കെ എ പോളിന്റെ ഹർജിക്ക് കേന്ദ്രം ഇന്ന് മറുപടി നൽകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം