
ഇന്ത്യയ്ക്ക് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചുമത്തിയ അധിക തീരുവ നാളെ നിലവിൽ വരുമ്പോൾ ഉയരുന്ന ആശങ്കയാണ് ഇന്നത്തെ പ്രധാന വാർത്ത. ഇന്ത്യ കനത്ത തിരിച്ചടി തന്നെ നൽകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ഇതിനിടെ ഇരുരാജ്യങ്ങളും തമ്മില്‍ പ്രതിരോധ, വിദേശകാര്യ തലത്തിലെ ടൂ പ്ലസ് ടൂ ചര്‍ച്ചയും നടന്നു. അതേസമയം, ഇന്ത്യ പാകിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചതെന്ന് താനാണെന്ന് വീണ്ടും ട്രംപ് അവകാശപ്പെടുന്നുണ്ട്. നിർണായകമായ ദിവസങ്ങളിൽ നിമിഷ പ്രിയയുടെ മോചനത്തിനായി ഗൾഫ് കേന്ദ്രീകരിച്ച് സജീവ ചർച്ചകളും നടക്കുന്നുണ്ട്.
താരിഫിനിടെ സുപ്രധാന ചര്‍ച്ച
ഇന്ത്യയ്ക്ക് ഡോണൾഡ് ട്രംപ് ചുമത്തിയ അധിക തീരുവ നാളെ രാവിലെ നിലവിൽ വരാനിരിക്കെ ചർച്ച നടത്തി ഇന്ത്യയും അമേരിക്കയും. പ്രതിരോധ, വിദേശകാര്യ തലത്തിലെ ടൂ പ്ലസ് ടൂ ചർച്ചയാണ് ഇരു രാജ്യങ്ങളും ഇന്നലെവെർച്ച്വലായി നടത്തിയത്. പ്രതിരോധ രംഗത്തെ സഹകരണത്തിന് അടുത്ത പത്തു കൊല്ലത്തേക്കു കൂടി ചട്ടക്കൂട് ഉണ്ടാക്കാനുള്ള കരാർ ഒപ്പിടുന്നത് ചർച്ചയായി.
ക്രെഡിറ്റെടുക്കുന്ന ട്രംപ്
ഇന്ത്യ പാകിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് വീണ്ടും അവകാശവാദവുമായി ഡോണൾഡ് ട്രംപ്. തീരുവ ഭീഷണി ഉയർത്തിയത് കൊണ്ടാണ് യുദ്ധം അവസാനിച്ചത്. സംഘർഷം നിർത്തിയില്ലെങ്കിൽ വ്യാപാര കരാര്‍ നടക്കില്ലെന്ന് മോദിയോട് പറഞ്ഞു. തുടർന്ന് അഞ്ചു മണിക്കൂറിനുള്ളിൽ ഇന്ത്യയും പാകിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചെന്നും ട്രംപ് പറഞ്ഞു.
നിമിഷപ്രിയക്കായി ശ്രമങ്ങൾ
നിമിഷ പ്രിയയുടെ മോചനത്തിനായി ഗൾഫ് കേന്ദ്രീകരിച്ച് സജീവ ചർച്ചകൾ. യുഎഇയിലും ഖത്തറിലും ചർച്ചകൾ നടന്നതായും അടുത്ത ദിവസങ്ങളിൽ തന്നെ പോസിറ്റീവായ വിവരം കേൾക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുംവിഷയത്തിൽ ഇടപെടുന്ന ചാണ്ടി ഉമ്മൻ എംഎല്‍എ പറഞ്ഞു.
രാഹുലിനൊപ്പം സ്റ്റാലിനും
ബിഹാറിൽ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്രയിൽ ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെഅധ്യക്ഷനുമായ എം കെ സ്റ്റാലിനും അണിചേരും. യാത്രയുടെ പതിനൊന്നാം ദിനമാണ് സ്റ്റാലിനും യാത്രയുടെ ഭാഗമാകുന്നത്. പ്രിയങ്ക ഗാന്ധി ഇന്നും യാത്രയില്‍ ഒപ്പമുണ്ട്
ചുരം വഴി പോകാനാവില്ല
താമരശ്ശേരി ചുരത്തിൽ ഗതാഗത നിരോധനം തുടരുന്നു. ഇടിഞ്ഞു വീണ മണ്ണും കല്ലും ഇന്ന് പൂർണമായും നീക്കും. പരിശോധന പൂർത്തിയാകും വരെ വാഹനങ്ങൾ കടത്തി വിടില്ല.