
മലയാള വാർത്താ സംപ്രേഷണ രംഗത്തെ മുൻനിരയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് ഇന്ന് മുപ്പതാം വാർഷികം ആഘോഷിക്കുമ്പോഴും വാര്‍ത്തകളുടെ മേളം ഈ ദിനവും സജീവമാക്കുകയാണ്. സംസ്ഥാനത്ത് നിയമസഭയും പോലീസ് ഉന്നതരുടെ യോഗവുമാണ് ഇന്ന് ശ്രദ്ധാകേന്ദ്രം. 'മൂന്നാം മുറ' വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി വിളിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരുന്നുണ്ട്. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ഉൾപ്പെടെയുള്ള സുരക്ഷാ വീഴ്ചകൾ ഇന്ന് സഭയിൽ പ്രതിപക്ഷം ഉന്നയിക്കും. തമിഴ്നാട്ടിൽ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് ടിവികെ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള കൂടുതൽ നേതാക്കളുടെ അറസ്റ്റ് ഇന്ന് പ്രതീക്ഷിക്കാം. കായിക ലോകത്ത് വനിതാ ഏകദിന ലോകകപ്പിന് ഇന്ന് ഗുവാഹത്തിയിൽ തുടക്കമാകും; ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും. കൂടാതെ, ഭിന്നശേഷി സംവരണ വിഷയത്തിൽ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ കോതമംഗലം രൂപതാധ്യക്ഷൻ രൂക്ഷ വിമർശനം ഉന്നയിച്ചതും അടക്കം ഇന്നത്തെ പ്രധാന വാർത്തകൾ വിശദമായി അറിയാം...
മലയാള വാർത്താ സംപ്രേഷണ രംഗത്ത് എന്നും മുൻനിരയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് ഇന്ന് 3 പതിറ്റാണ്ടുകൾ പൂർത്തിയാക്കി മുപ്പതിൻ്റെ നിറവിൽ. സ്ഥാപക ദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിൻ്റെ 30-ാം വാർഷിക ആഘോഷ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെ നീണ്ട നിര ഇന്ന് നടക്കുന്ന ആഘോഷ പരിപാടിയിൽ അണിചേരും. നേര് നിർഭയം നിരന്തരം പറഞ്ഞ മൂന്ന് പതിറ്റാണ്ട്. മലയാളിയുടെ മാറാത്ത വാർത്താശീലമായി തുടർന്നുകൊണ്ടേയിരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ്. ഒഴുക്കിനെതിരെ നീന്തിയും വീണുപോയവരുടെ കൈപിടിച്ചും നീതിയുടെ പക്ഷം ചേർന്നുമുളള യാത്ര. തൊണ്ണൂറുകളുടെ പകുതിയിൽ തുടങ്ങി, പുതുകാലത്തിന്‍റെ കാഴ്ചകളിലേക്കെത്തുന്ന മുപ്പതാം വർഷം ഞങ്ങൾക്കൊപ്പം തുടരുന്ന പ്രേക്ഷകർക്കൊപ്പം ആഘോഷിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്.
കരൂർ ദുരന്തം: ടിവികെ ജനറൽ സെക്രട്ടറി ഉൾപ്പെടെ കൂടുതൽ നേതാക്കളെ ഇന്ന് അറസ്റ്റ് ചെയ്തേക്കും
കരൂർ റാലി ദുരന്തത്തിൽ ഇന്ന് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യത. ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിൻ്റ് സെക്രട്ടറി നിർമൽ കുമാർ എന്നിവരെ അന്വേഷണ സംഘം ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. അതേസമയം, കേസിൽ ആദ്യമായി അറസ്റ്റിലായ ടിവികെ ജില്ലാ സെക്രട്ടറി മതിയഴകനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ദുരന്തഭൂമിയിൽ ഇന്ന് കൂടുതൽ പ്രമുഖ നേതാക്കൾ സന്ദർശനം നടത്തുന്നുണ്ട്; ഹേമ മാലിനി നയിക്കുന്ന എട്ടംഗ എൻഡിഎ സംഘവും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കരൂരിലെത്തും. ദുരന്തത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ്റെ തെളിവെടുപ്പ് തുടരുകയാണ്. വിമർശനങ്ങളെ നേരിടുന്നതിനിടയിൽ, ടിവികെ പ്രാദേശികമായി അനുശോചന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ഗോവിന്ദച്ചാമി ജയിൽ ചാട്ടം ഉൾപ്പെടെയുള്ള സുരക്ഷാ വീഴ്ചകൾ ഇന്ന് സഭയിൽ
സംസ്ഥാനത്തെ ജയിൽ സുരക്ഷയുമായി ബന്ധപ്പെട്ട വീഴ്ചകൾ ഇന്ന് നിയമസഭയിൽ ചർച്ചയാകും. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം ചോദ്യോത്തര വേളയിൽ വിഷയം ഉന്നയിക്കുന്നത്. ശബരിമല സ്ത്രീപ്രവേശന പ്രതിഷേധത്തിലെ കേസുകൾ, ദേശീയപാത നിർമ്മാണം തുടങ്ങിയ വിഷയങ്ങളും സഭയുടെ ശ്രദ്ധയിൽപ്പെടുത്തും. കൂടാതെ, കേരള പബ്ലിക് സർവീസ് ബിൽ അടക്കം മൂന്ന് ബില്ലുകളാണ് ഇന്നത്തെ സഭാ നടപടികളിൽ പ്രധാനമായും പരിഗണനയ്ക്ക് വരുന്നത്.
മൂന്നാം മുറ' ഉൾപ്പെടെ വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി വിളിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്
പോലീസ് സ്റ്റേഷനുകളിലെ 'മൂന്നാം മുറ' ഉൾപ്പെടെയുള്ള നിരവധി വിവാദങ്ങൾ സേനയെ പ്രതിക്കൂട്ടിൽ നിർത്തിയ സാഹചര്യത്തിൽ, മുഖ്യമന്ത്രി വിളിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. ഡിജിപി മുതൽ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുക്കുക. പോലീസ് സേനയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി ഓരോ ഉദ്യോഗസ്ഥനും ക്രിയാത്മകമായ നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ഡിജിപിയും ഇൻ്റലിജൻസ് എഡിജിപിയും യോഗത്തിൽ വിശദീകരണം നൽകും.
വനിതാ ഏകദിന ലോകകപ്പിന് ഇന്ന് ഗുവാഹത്തിയിൽ തുടക്കം, ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും
മിന്നും ജയത്തോടെ ടൂർണമെൻ്റ് തുടങ്ങാനും നാട്ടിൽ കപ്പ് നേടാനുമുള്ള പ്രതീക്ഷയിലാണ് ഹർമൻപ്രീത് കൗർ നയിക്കുന്ന ടീം ഇന്ത്യ. ഈ വർഷം നാല് സെഞ്ചുറിയടക്കം നേടി തകർപ്പൻ ഫോമിലുള്ള ഓപ്പണർ സമൃതി മന്ഥാനയാണ് ഇന്ത്യയുടെ പ്രധാന ശക്തി. ജെമീമ റൊഡ്രിഗസ്, റിച്ച ഘോഷ്, ഹർലീൻ ഡിയോൾ എന്നിവർ ബാറ്റിങ് നിരയ്ക്ക് കരുത്തു പകരുമ്പോൾ, പരിക്കിൽ നിന്ന് മുക്തയായി മടങ്ങിയെത്തിയ രേണുക സിങ്ങിന്റെ സാന്നിധ്യം ബോളിങ്ങിനും ആശ്വാസമാണ്. സമീപകാല ഫോം പരിഗണിച്ചാൽ ശ്രീലങ്കയെ മറികടക്കാൻ ഇന്ത്യയ്ക്ക് അനായാസം സാധിക്കുമെന്നാണ് വിലയിരുത്തൽ.
മന്ത്രി വി. ശിവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കോതമംഗലം രൂപതാധ്യക്ഷൻ
കോതമംഗലം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. ഭിന്നശേഷി സംവരണ വിഷയത്തിൽ കത്തോലിക്ക മാനേജ്‌മെൻ്റുകൾ എതിരാണെന്ന മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണമെന്ന് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരെ നിയമിക്കാൻ കത്തോലിക്ക മാനേജ്‌മെൻ്റുകൾ തയ്യാറാണ്. എന്നാൽ, നിയമനത്തിനായി അത്തരം ഉദ്യോഗാർത്ഥികളെ സർക്കാർ കണ്ടെത്തി തരാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.