
ഇന്ന് ഓണം വാരാഘോഷം സമാപനം. തലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി
ഇന്ന് ഓണം വാരാഘോഷത്തിന് തലസ്ഥാനത്ത് സമാപനം കുറിക്കും. തലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി. കോര്‍പ്പറേഷൻ പരിധിയിലെ എല്ലാ സ്കൂളുകള്‍ക്കും ഇന്ന് അവധിയാണ്. തിരുവനന്തപുരം നഗരത്തില്‍ ഉച്ചയ്ക്ക് ശേഷം പലയിടത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. പുതിയ പാർലമെൻറ് മന്ദിരത്തിൽ രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. മഹാരാഷ്ട്ര ഗവർണ്ണർ സിപി രാധാകൃഷ്ണനും മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുദർശൻ റെഡ്ഡിക്കും ഇടയിലാണ് മത്സരം. എൻഡിഎയും ഇന്ത്യ സഖ്യവും ഇന്നലെ എംപിമാർക്ക് പരിശീലനം നല്കാൻ മോക്ക് വോട്ടിംഗ് നടത്തി. ബിജു ജനതാദൾ, ബിആർഎസ് എന്നീ കക്ഷികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നില്ക്കും. എൻഡിഎ പക്ഷത്ത് നിന്ന് കൂറുമാറ്റം ഉണ്ടാകാതിരിക്കാൻ കർശന നിരീക്ഷണം ബിജെപി നേതൃത്വം നടത്തുന്നുണ്ട്. എംപിമാരെ ബാച്ച് ബാച്ചായി തിരിച്ച് മുതിർന്ന നേതാക്കളുടെ മേൽനോട്ടത്തിലാവും വോട്ടെടുപ്പിന് എത്തിക്കുക. എൻഡിഎയെ പിന്തുണയ്ക്കുന്ന നിലപാടിൽ മാറ്റം ഇല്ലെന്ന് വൈഎസ്ആർ കോൺഗ്രസ് അറിയിച്ചിരുന്നു. വൈകിട്ട് ആറിന് വോട്ടെണ്ണൽ തുടങ്ങും. എട്ടു മണിയോടെ ഫലം പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
പൊലീസ് അതിക്രമങ്ങളുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍, മുഖം നഷ്ടപ്പെട്ട് സംസ്ഥാന പൊലീസ്
പൊലീസ് അതിക്രമത്തിൽ കൂടുതൽ പരാതികൾ വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്. തനിക്കെതിരെ ഉള്ള പരാതി അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയ ആളെ പൊലീസ് മർദ്ദിച്ചു. വനിതാ ഉദ്യോഗസ്ഥയുടെ മുൻപിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിർത്തിയെന്നുമാണ് പരാതി. ആലപ്പുഴ ചേർത്തല സ്വദേശി ബാബു രാജിനാണ് അർത്തുങ്കൽ പൊലീസ് സ്റ്റേഷനിൽ വച്ച് ദുരനുഭവം ഉണ്ടായത്. അർത്തുങ്കൽ സ്റ്റേഷനിലെ സിപിഒ സജീഷിനെതിരെയാണ് പരാതി. പൊലീസ് കംപ്ളയിന്‍റ് അതോറിറ്റിക്കും ജില്ലാ പൊലീസ് മേധാവിക്കും ഉൾപ്പടെ പരാതി നൽകിയിട്ട് ഒൻപത് മാസം കഴിഞ്ഞുവെന്നും നടപടി ഒന്നും ഉണ്ടായില്ലെന്ന് ബാബുരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കിയത്.
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്
ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ജലഘോഷയാത്രയ്ക്ക് ശേഷം മത്സര വള്ളംകളി നടക്കും. 51 പള്ളിയോടങ്ങൾ ഘോഷയാത്രയുടെ ഭാഗമാകും. എ, ബി ബാച്ചുകളിലായി 50 പള്ളിയോടങ്ങളാണ് ഇക്കുറി മത്സരത്തിൽ പങ്കെടുക്കുക. നെഹ്റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്യുന്ന പള്ളിയോടം വിജയികളാകും. മത്സരത്തിൽ കൃത്യത ഉറപ്പാക്കാൻ ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചാണ് സ്റ്റാർട്ടിങ് ഫിനിഷിങ് പോയിന്റുകൾ ക്രമീകരിച്ചിരിക്കുന്നത്. വള്ളംകളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പാലിയേക്കരയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചത് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ദേശീയ പാതയിൽ പാലിയേക്കരയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചത് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇടപ്പളളി, മണ്ണൂത്തി ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് പരിഗണിച്ചായിരുന്നു നാലാഴ്ചത്തേക്ക് ടോൾ പിരിവ് തടഞ്ഞത്. ഈ സമയ പരിധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്. സർവീസ് റോഡുകളുടേതടക്കം അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങൾ ദേശീയ പാത അതോറിറ്റി ഇന്ന് അറിയിക്കും. നിലവിലെ സാഹചര്യം കൂടി വിലയിരുത്തിയ ശേഷമാകും ടോൾ പുനരാരംഭിക്കണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
മുൻ ഡിജിപി ജേക്കബ് തോമസിന് എതിരായ ഡ്രഡ്ജർ അഴിമതി കേസുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും
മുൻ ഡിജിപി ജേക്കബ് തോമസിന് എതിരായ ഡ്രഡ്ജർ അഴിമതി കേസുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് രാജേഷ് ബിന്ദാൽ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.ഡ്രജര്‍ അഴിമതിക്കേസ് അന്വേഷണത്തോട് നെതര്‍ലന്‍ഡ് സഹകരിക്കുമെന്ന് അറിയിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കഴിഞ്ഞ വാദത്തിൽ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ടവരില്‍നിന്ന് മൊഴിയെടുക്കാന്‍ നെതര്‍ലന്‍ഡ് സര്‍ക്കാര്‍ സഹകരിക്കുമെന്ന് അറിയിച്ചുതായും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
ആഗോള അയ്യപ്പ സംഗമത്തിനെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ആഗോള അയ്യപ്പ സംഗമത്തിനെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുക. മറുപടി നൽകാൻ സർക്കാരിനോടും ദേവസ്വം ബോർഡിനോടും കോടതി നേരത്തെ നിർദേശിച്ചിരുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് സർക്കാർ പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
റാപ്പര്‍ വേടന്‍ ഇന്ന് ചോദ്യം ചെയ്യലിനായി പൊലീസിനു മുന്നില്‍ ഹാജരായേക്കും
ബലാല്‍സംഗ കേസില്‍ പ്രതിയായ റാപ്പര്‍ വേടന്‍ ഇന്ന് ചോദ്യം ചെയ്യലിനായി പൊലീസിനു മുന്നില്‍ ഹാജരായേക്കും. രാവിലെ പത്തു മണിയോടെ തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ വേടന്‍ എത്തുമെന്നാണ് സൂചന. വേടന് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇന്നും നാളെയും അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്എച്ച്ഒയ്ക്ക് മുന്നില്‍ ഹാജരാകാന്‍ കോടതി വേടന് നിര്‍ദേശം നല്‍കിയിരുന്നു. യുവതിയെ വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നാണ് കേസ്. സംഗീത ഗവേഷക നല്‍കിയ മറ്റൊരു പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസും വേടനെതിരെ കേസ് എടുത്തിരുന്നു. ഈ കേസിലെ വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.
സിപിഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച പ്രതിനിധി സമ്മേളനത്തിന് നാളെ ആലപ്പുഴയിൽ തുടക്കമാകും
സിപിഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച പ്രതിനിധി സമ്മേളനത്തിന് നാളെ ആലപ്പുഴയിൽ തുടക്കമാകും. സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടേയും പ്രവര്‍ത്തനം ഇഴകീറി പരിശോധിക്കുന്ന ചര്‍ച്ചകളാണ് പ്രതീക്ഷിക്കുന്നത്. അതേസമയം നേതൃത്വത്തിനെതിയും മന്ത്രിമാര്‍ക്കും വകുപ്പുകൾക്കുമെതിരെയും കടന്നാക്രമണം ഉണ്ടാകാതിരിക്കാനുള്ള സമവായ ചര്ച്ചകൾ സംസ്ഥാന സെക്രട്ടറി ഇടപെട്ട് നടത്തുന്നുമുണ്ട്.
സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
നടിയുടെ പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ലുക്ക് ഔട്ട് സര്‍ക്കുലറിന്‍റെ അടിസ്ഥാനത്തില്‍ മുംബൈ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞു വച്ച സനല്‍കുമാറിനെ എളമക്കര പൊലീസ് മുംബൈയിലെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. താനും നടിയും തമ്മില്‍ പ്രണയത്തിലാണെന്നും പ്രണയം തകര്‍ക്കാന്‍ സര്‍ക്കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ശ്രമിക്കുകയാണെന്നുമെല്ലാം എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് എത്തിക്കുമ്പോള്‍ സനല്‍ വിളിച്ചു പറഞ്ഞിരുന്നു. നടിയെ ശല്യം ചെയ്തെന്ന മറ്റൊരു കേസില്‍ സനല്‍ ജാമ്യത്തിലാണ്. ഒരേ കുറ്റം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സനലിന് ജാമ്യം അനുവദിക്കരുതെന്ന നിലപാടാവും പൊലീസ് കോടതിയില്‍ സ്വീകരിക്കുക.
രാഷ്ട്രപതിയുടെ റഫറൻസിനെതിരെ സുപ്രീംകോടതിയിൽ കേരളത്തിൻറെ വാദം ഇന്ന്
രാഷ്ട്രപതിയുടെ റഫറൻസിനെതിരെ സുപ്രീംകോടതിയിൽ കേരളത്തിൻറെ വാദം ഇന്ന്.കേരളത്തിനായി മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ വാദിക്കും. സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് ഉൾപ്പെടെയുള്ളവർ റഫറൻസിന്റെ ഭാഗമായുള്ള വാദത്തിനായി ദില്ലിയിലെത്തിയിട്ടുണ്ട് . റഫറൻസിന് പിന്നിൽ കേന്ദ്രത്തിന്റെ ഇടപെടൽ എന്നാണ് സുപ്രീംകോടതിയിൽ കേരളം നേരത്തെ നിലപാട് വ്യക്തമാക്കിയത്.ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി നിലനിർത്തണമെന്ന് ആവശ്യമാകും കേരളം ഉന്നയിക്കുന്നത്. ഫെഡറൽ സംവിധാനങ്ങളെ തകിടം മറിക്കാൻ ഗവർണർമാരെ ഉപയോഗിക്കുന്ന കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ വാദങ്ങൾ കേരളം നിരത്തുമെന്നാണ് വിവരം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം