
തിരുവനന്തപുരം: പുതുവർഷത്തെ ആദ്യദിനത്തിൽ സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ 9 മരണപ്പെട്ടതിന്റെ ഞെട്ടലിലാണ് കേരളം. കൂടാതെ, മഹാരാഷ്ട്രയിലെ ഫാക്ടറിയിലെ തീപിടിത്തം രാജ്യത്തിനാകെ കണ്ണീരായി. സജി ചെറിയാന് അനുകൂലമായുള്ള നിയമോപദേശം ഗവർണർക്ക് ലഭിച്ചതും ലീഗ് നേതാക്കളെ പിണറായി വിമർശിച്ചതും സിപിഎം മതത്തിന് എതിരല്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞതും ഇന്നത്തെ കേരളത്തിലെ പ്രധാന രാഷ്ട്രീയസംഭവങ്ങളായി. രാഹുൽ ഗാന്ധിയെ പ്രതിപക്ഷത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് നിതീഷ് കുമാർ വ്യക്തമാക്കിയതും ഇന്ന് ചർച്ച ചെയ്യപ്പെട്ടു. ഇന്നത്തെ പ്രധാന പത്ത് വാർത്തകൾ ഇതാ...
1. 'സജിചെറിയാന്‍റെ സത്യപ്രതിജ്ഞക്കുള്ള മുഖ്യമന്ത്രിയുടെ ശുപാർശ തള്ളാനാകില്ല'
സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നതിനുള്ള വഴി കൂടുതല്‍ തെളിഞ്ഞു.സത്യപ്രതിജ്ഞ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർക്ക് തള്ളാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു. ആവശ്യമെങ്കിൽ ഗവർണർക്ക് കൂടുതൽ വ്യക്തത തേടാം.സ്റ്റാന്റിംഗ് കൗൺസിലിനോടാണ് ഗവർണർ ഉപദേശം തേടിയത്.
2. ലീഗ് നേതാക്കളെ വിമർശിച്ച് പിണറായി
ലീഗ് നേതാക്കൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുജാഹിദ്ദീൻ വേദിയിൽ സിപിഎമ്മിനെ വിമർശിച്ചത് ശരിയായില്ലെന്നും ഒരു സമുദായത്തിന് മാത്രമായി ആർഎസ്എസിനെ ചെറുക്കാനാകുമെന്ന് കരുതരുതെന്നും പിണറായി വിജയൻ തുറന്നടിച്ചു.
3. പുതുവർഷത്തെ ആദ്യദിനത്തിൽ സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ 9 മരണം
പുതുവർഷത്തെ ആദ്യദിനത്തിൽ സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ 9 മരണം. ആലപ്പുഴയിൽ രണ്ട് യുവാക്കൾ പൊലീസ് വാഹനമിടിച്ച് മരിച്ചു.
4. മാനനഷ്ടക്കേസ്: വി എസിന് കോടതി ചെലവ് ഉമ്മൻചാണ്ടി നൽകണമെന്ന് ജില്ലാ കോടതി
മാനനഷ്ട കേസിൽ വി എസ് അച്യുതാനന്ദന് ഉമ്മൻചാണ്ടി കോടതി ചെലവ് നൽകണമെന്ന് തിരുവനന്തപുരം ജില്ലാ കോടതി. ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ സബ് കോടതി വിധി അസ്ഥിരപ്പെടുത്തിയ വിധിയിലാണ് കോടതിച്ചെലവ് ഉമ്മൻചാണ്ടി നൽകാൻ നിർദേശിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്ട കേസിൽ സബ് കോടതി അനുകൂല വിധി പ്രസ്താവിച്ചിരുന്നു. വി എസ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു വിധി. ഈ വിധിക്കെതിരെ വി എസ് ജില്ലാ കോടതിയിൽ അപ്പീൽ നൽകിയിരുന്നു. സബ് കോടതി വിധി ജില്ലാ കോടതി അസ്ഥിരപ്പെടുത്തിയിരുന്നു. ഈ വിധി പകർപ്പിലാണ് വി എസിന്റെ കോടതി ചെലവും ഉമ്മൻ ചാണ്ടി നൽകണമെന്ന് പ്രസ്താവിച്ചിരിക്കുന്നത്.
പൗരത്വ നിയമം മുതൽ വിശ്വാസ സംരക്ഷണം വരെ ചർച്ചയാക്കി സിപിഎമ്മിന്‍റെ സംസ്ഥാന വ്യാപക ഗൃഹസന്ദർശന പരിപാടിക്ക് തുടക്കം. സിപിഎം, മത വിരുദ്ധമല്ലെന്നും, പാഠ്യ പദ്ധതി പരിഷ്കരണത്തിൽ ആശങ്ക വേണ്ടെന്നും തിരുവനന്തപുരം അമ്പലത്തറയിൽ ഹിദായത്തുൽ ഇസ്ലാം അറബിക് കോളേജിലെ സന്ദർശനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
6. പീഡന പരാതി: ഹരിയാന കായിക മന്ത്രി രാജിവെച്ചു
ലൈംഗീക ആരോപണം ഉയർന്നതിന് പിന്നാലെ രാജി വെച്ച് ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ്. യുവ അത്‍ലറ്റിക്സ് പരിശീലകയാണ് മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ കൂടിയായ സന്ദീപ് സിംഗിനെതിരെ പരാതി നൽകിയത്.
7. മഹാരാഷ്ട്രയിൽ ഫാക്ടറിയിൽ വൻ തീപിടിത്തം
മഹാരാഷ്ട്രയിലെ നാസിക്കിൽ ഫാക്ടറിയിൽ വൻ തീപിടിത്തം. ഫാക്ടറിയിൽ നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സൂചന. രക്ഷാപ്രവർത്തനം തുടരുന്നു. ഫയർ എഞ്ചിനുകൾ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ഇന്ന് രാവിലെ 11 മണിയോടെയാണ് സ്ഫോടനമുണ്ടായത്
8. രാജി പിൻവലിച്ച് രാജസ്ഥാനിലെ എംഎൽഎമാർ
മൂന്ന് മാസം മുമ്പ് സ്പീക്കർക്ക് സമർപ്പിച്ച രാജി പിൻവലിച്ച് രാജസ്ഥാനിലെ എംഎൽഎമാർ. സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുന്നത് തടയിടാൻ രാജി നൽകിയവരാണ് ഇപ്പോൾ രാജി പിൻവലിച്ചിരിക്കുന്നത്. രാജിയിൽ തീരുമാനമെടുക്കാത്ത സ്പീക്കർക്കെതിരെ പ്രതിപക്ഷം നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് നടപടി
9. 'രാഹുൽ ഗാന്ധിയെ പ്രതിപക്ഷത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കുന്നതിൽ എതിർപ്പില്ല'
രാഹുൽ ഗാന്ധിയെ പ്രതിപക്ഷത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കി.. പ്രതിപക്ഷ പാർട്ടികൾക്ക് ഇക്കാര്യത്തിൽ ഏകാഭിപ്രായമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
10. തൃശൂരിൽ പട്ടാപ്പകൽ വീട്ടിൽ വൻ മോഷണം
തൃശൂർ കുന്നംകുളത്ത് പട്ടാപ്പകൽ വീട്ടിൽ വൻ കവർച്ച. ശാസ്ത്രജീനഗർ പ്രശാന്തിയിൽ രാജന്റെ വീട്ടിലാണ് കവർച്ച നടന്നത്. 80 പവനിലേറെ സ്വർണ്ണം നഷ്ടപ്പെട്ടതായി വീട്ടുകാർ പൊലീസിൽ പരാതി നൽകി.