തീവ്ര ചിന്താഗതി സമുദായത്തിന് തന്നെ അപകടമാകും. ആർഎസ്എസിനെ ചെറുക്കാൻ മതേതര കക്ഷികൾ ഒന്നിക്കുകയാണ് വേണ്ടത്.
കോഴിക്കോട് : പി കെ കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി ലീഗ് നേതാക്കളുടെ സിപിഎം വിരുദ്ധ പരാമര്‍ശങ്ങളെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിനെതിരെ മതേതര കക്ഷികള്‍ ഒന്നിക്കേണ്ട സമയത്ത് സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താനല്ല നോക്കേണ്ടെതെന്ന് പിണറായി തുറന്നടിച്ചു. കോഴിക്കോട്ടെ മുജാഹിദ് സമ്മേളനത്തിനിടെ പികെ ബഷീറും പികെ ഫിറോസും നടത്തിയ വിമര്‍ശനത്തിനായിരുന്നു ഇതേ വേദിയില്‍ പിണറായിയുടെ മറുപടി.
കോഴിക്കോട്ട് കഴിഞ്ഞ നാലു ദിവസങ്ങളായി നടന്ന കേരള നദ്‍വത്തുള്‍ മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്‍റെ ചര്‍ച്ചകള്‍ അത്രയും കേന്ദ്രീകരിച്ചത് ആര്‍എസ്എസിലായിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിളള രാജ്യത്തെ മതമൈത്രിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളോട് സിപിഐ നേതാവ് ബിനോയ് വിശ്വം നടത്തിയ പ്രതികരണമായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. പിന്നീട് സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശം ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ചൂട് പകര്‍ന്നു. സംവാദം നടത്തി ആര്‍എസ്എസിന്‍റെ നിലപാട് മാറ്റാന്‍ കഴിയുമെന്ന് കെഎന്‍എം കരുതുന്നുണ്ടോ എന്നായിരുന്നു ബ്രിട്ടാസിന്‍റെ ചോദ്യം. ഇതിന് മറുപടിയായാണ് ലീഗ് നേതാക്കളായ പി.കെ ബഷീറും പി.കെ ഫിറോസും സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
പി.കെ ബഷീറിനും ആര്‍എസ്എസ് പ്രതിനിധികളെ സമ്മേളനത്തിന് ക്ഷണിച്ച കെഎന്‍എം നേതൃത്വത്തിനും ഉളള മറുപടിയാണ് സമാപന സമ്മേളനത്തിൽ പിണറായി നല്‍കിയത്. തന്‍റെ സാന്നിധ്യത്തിലാണ് പിണറായി ലീഗ് നേതാക്കളെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചതെങ്കിലും തുടര്‍ന്ന് സംസാരിച്ച കുഞ്ഞാലിക്കുട്ടി വിവാദ വിഷങ്ങളിലേക്കൊന്നും കടന്നതേയില്ലെന്നതും ശ്രദ്ധേയമാണ്.

