
കൊച്ചി: പ്രീ സ്കൂളിന്‍റെ തുറന്നു കിടന്ന ഗേറ്റിലൂടെ പുറത്തേക്ക് നടന്ന രണ്ടര വയസ്സുകാരൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. റോഡിലൂടെ വന്ന മിനി ലോറി ഡ്രൈവർ വണ്ടി നിർത്തി കുട്ടിയെ റോഡിൽ നിന്ന് മാറ്റി. ആലുവ എടയപ്പുറത്താണ് സംഭവം. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പെയിന്‍റിംഗ് നടക്കുന്നതിനാലാണ് ഗേറ്റ് തുറന്നിട്ടതെന്ന് പ്രീ സ്കൂൾ അധികൃതർ പറഞ്ഞു.
ചുറ്റുമതിലുള്ള സ്കൂളിന്‍റെ തുറന്നു കിടന്ന ഗേറ്റിലൂടെയാണ് കുട്ടി പുറത്തിറങ്ങിയത്. തിരക്കേറിയ റോഡിന്‍റെ മധ്യത്തിൽ എത്തിയ കുട്ടിയെ രക്ഷിച്ചത് മിനി ലോറി ഡ്രൈവറുടെ സമയോചിത ഇടപെടലാണ്. കുട്ടി റോഡിലേക്ക് ഇറങ്ങിയത് അധ്യാപകരൊന്നും അറിഞ്ഞില്ല. സ്കൂളിൽ പെയിന്‍റിംഗ് നടക്കുന്നതിനിലാണ് ഗേറ്റ് തുറന്നിട്ടത് എന്നാണ് പ്രീസ്കൂൾ അധികൃതർ പറഞ്ഞത്.
മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ കുഞ്ഞിന് ബസ് ജീവനക്കാർ രക്ഷകരാകുന്ന ദൃശ്യം പുറത്തുവന്നതിന് പിന്നാലയാണ് സമാനമായ ഈ സംഭവം. മലപ്പുറം കൊണ്ടോട്ടിയിലാണ് നെഞ്ചിടിപ്പുണ്ടാക്കുന്ന സംഭവമുണ്ടായത്. കുഞ്ഞ് നടുറോഡിലിരിക്കുന്നതിന്റെയും ഇതുകണ്ട് ബസ് നിർത്തി ജീവനക്കാരൻ കുഞ്ഞിനെ എടുക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കൊണ്ടോട്ടി പുളിക്കൽ റോഡിൽ വലിയപറമ്പിൽ ആയിരുന്നു സംഭവം. നടുറോഡിലിരിക്കുന്ന കുഞ്ഞിനെ കണ്ടതോടെ ഡ്രൈവർ ബസ് നിർത്തുകയും കണ്ടക്ടർ ഇറങ്ങി കുഞ്ഞിനെ എടുക്കുകയുമായിരുന്നു. റോഡിന് സമീപത്തുള്ള വീട്ടിൽ നിന്ന് മുട്ടിലിഴഞ്ഞാണ് കുഞ്ഞ് തിരക്കേറിയ റോഡിലേക്ക് എത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam