
ആലപ്പുഴ: മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് നാളെ (ഫെബ്രുവരി 23 തിങ്കളാഴ്ച) മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടത്തും.
ഉത്രാളിക്കാവ് പൂരത്തെ തുടര്‍ന്ന് ഫെബ്രുവരി 24 ന് വടക്കാഞ്ചേരി നഗരസഭ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 24 ന് വടക്കാഞ്ചേരി നഗരസഭ പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും തലപ്പിള്ളി താലൂക്കില്‍ ഉള്‍പ്പെട്ട എങ്കക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിനുമാണ് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചത്. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
ചാര പെരുമ കൊണ്ട് പ്രശസ്തമായ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ഓണാട്ടുകരക്കാർ. 13 കരകളിലെ ഭക്തജനങ്ങൾ അണിയിച്ചൊരുക്കുന്ന കെട്ടുകാഴ്ചകൾ ഭരണി ദിവസം കാഴ്ചകണ്ടത്തിൽ അണിനിരക്കുമ്പോൾ ആവേശം ഉച്ചസ്ഥായിയിലെത്തും. കൂടാതെ കുത്തിയോട്ട ചുവടുകൾ കാണാനും കുത്തിയോട്ട പാട്ട് കേൾക്കാനും പതിനായിരങ്ങൾ ചൊവ്വാഴ്ച ചെട്ടികുളങ്ങരയിലേക്ക് ഒഴുകിയെത്തും.
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് കുത്തിയോട്ടം. വഴിപാടുകാരുടെ വീടുകളിലാണ് അനുഷ്ഠാന കല കൂടിയായ കുത്തിയോട്ടം അരങ്ങേറുന്നത് എന്ന പ്രത്യേകതയുമുണ്ട്. കുംഭഭരണി ആഘോഷങ്ങളിലെ മറ്റൊരു പ്രധാന ആകർഷണമാണ് കുതിരമൂട്ടിൽ കഞ്ഞി. കെട്ടുകാഴ്ച നിർമ്മാണം തുടങ്ങിയ ശിവരാത്രി നാൾ മുതൽ കുതിരമൂട്ടിൽ കഞ്ഞി വിതരണം തുടങ്ങി. മുതിര, പുഴുക്ക് അസ്ത്രം, കടുമാങ്ങ, പപ്പടം, അവിൽ, പഴം തുടങ്ങി എട്ടുകൂട്ടം വിഭവങ്ങളാണ് കഞ്ഞിക്കൊപ്പം വിളമ്പുന്നത്. കഞ്ഞികുടിയ്ക്കാൻ പഴയകാലത്തെ ഇലയും തടയും പ്ലാവിലയുമാണ് ഉപയോഗിക്കുന്നത്. ഓലക്കാലുകൊണ്ട് വൃത്താകൃതിയിൽ ഉണ്ടാക്കുന്ന തടയിൽ തൂശനില വെച്ചാണ് ചൂട് കഞ്ഞി വിളമ്പുന്നത്.
ഓണാട്ടുകരയിലെ വീടുകളിൽ കുംഭ ഭരണി ദിവസം ഉച്ചയൂണിന് പ്രധാന വിഭവം കൊഞ്ചും മാങ്ങയുമാണ്. കുംഭ ഭരണിയും കൊഞ്ചും മാങ്ങയും തമ്മിലുളള ബന്ധത്തിന് പിന്നിൽ കുത്തിയോട്ടവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമുണ്ട്. കൊഞ്ചും മാങ്ങയും ചേർത്തുളള കറി പാചകം ചെയ്ത് കൊണ്ടിരുന്ന ഒരു വീട്ടമ്മ കറി കരിയാതെ നോക്കണമെന്ന് ദേവിയോട് പ്രാർത്ഥിച്ച ശേഷം കുത്തിയോട്ട ഘോഷയാത്ര കാണാൻ പോയി. കുത്തിയോട്ട വരവ് കണ്ടുനിന്ന് അടുപ്പത്തിരുന്ന കറിയുടെ കാര്യം മറന്ന വീട്ടമ്മ നേരമേറെക്കഴിഞ്ഞപ്പോൾ കറി കരിഞ്ഞുകാണുമെന്ന് ഭയന്ന് വീട്ടിലെത്തി നോക്കിയപ്പോൾ കൊഞ്ചും മാങ്ങാക്കറി പാകമായിരിക്കുന്നതാണ് കണ്ടത്. ഈ സംഭവം നാട്ടിലാകെ പ്രചരിച്ചതോടെ കൊഞ്ചും മാങ്ങയും ചെട്ടികുളങ്ങരയിലെ ഇഷ്ടവിഭവമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam