'നെഹ്‌റു ട്രോഫി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നത്, വള്ളം കളിക്കൊപ്പം ടൂറിസം വകുപ്പുണ്ടാകും': മന്ത്രി റിയാസ്

Published : Aug 31, 2024, 04:07 PM ISTUpdated : Aug 31, 2024, 04:09 PM IST
'നെഹ്‌റു ട്രോഫി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നത്, വള്ളം കളിക്കൊപ്പം ടൂറിസം വകുപ്പുണ്ടാകും': മന്ത്രി റിയാസ്

Synopsis

വള്ളംകളി സംഘടിപ്പിക്കുന്നത് നെഹ്റു ട്രോഫി ബോട്ട് റേസ് (NTBR) സൊസൈറ്റി ആണെന്നും വള്ളംകളി സംഘടിപ്പിക്കുമ്പോൾ എല്ലാവിധ സഹകരണങ്ങളും ടൂറിസം വകുപ്പ് നൽകുമെന്നും മന്ത്രി

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയിൽ ടൂറിസം വകുപ്പിന്‍റെ നിലപാട് വ്യക്തമാക്കി മന്ത്രി മുഹമ്മദ്‌ റിയാസ് രംഗത്ത്. നെഹ്‌റു ട്രോഫി വള്ളംകളി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയ മന്ത്രി, വള്ളം കളിക്കൊപ്പം ടൂറിസം വകുപ്പുണ്ടാകുമെന്നും വിശദീകരിച്ചു. വള്ളംകളി സംഘടിപ്പിക്കുന്നത് നെഹ്റു ട്രോഫി ബോട്ട് റേസ് (NTBR) സൊസൈറ്റി ആണെന്നും വള്ളംകളി സംഘടിപ്പിക്കുമ്പോൾ എല്ലാവിധ സഹകരണങ്ങളും ടൂറിസം വകുപ്പ് നൽകുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു. ഒരുകോടി രൂപയാണ് സാമ്പത്തിക സഹായമായി ടൂറിസം വകുപ്പ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണ വള്ളംകളി നടക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ മന്ത്രിയുടെ പോസ്റ്റിൽ ഒന്നും പരാമർശിച്ചിട്ടില്ല.

മന്ത്രിയുടെ കുറിപ്പ് ഇപ്രകാരം

വള്ളം കളിക്കൊപ്പം ടൂറിസം വകുപ്പുണ്ടാകും
നെഹ്‌റു ട്രോഫി വള്ളം കളി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നത് എന്ന് ആദ്യമെ സൂചിപ്പിക്കട്ടെ. നെഹ്റു ട്രോഫി ബോട്ട് റേസ് (NTBR) സൊസൈറ്റി ആണ് വള്ളം കളിയുടെ സംഘാടകർ. ആലപ്പുഴ ജില്ലാ കളക്ടർ ആണ് ചെയർമാൻ. ടൂറിസം വകുപ്പ് നെഹ്‌റ്രുട്രോഫി വള്ളംകളിക്ക് ധന സഹായം നൽകാറുണ്ട്. കഴിഞ്ഞ വർഷം ഒരു കോടി രൂപയാണ് അനുവദിച്ചത്. നെഹ്റു ട്രോഫി വള്ളംകളി എപ്പോൾ നടത്തുവാൻ തീരുമാനിച്ചാലും ടൂറിസം വകുപ്പ് എല്ലാ നിലയിലും സഹകരിക്കുവാൻ മുൻപന്തിയിലുണ്ടാകും.
ചൂരൽമല ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ സംഘടിപ്പിക്കാൻ ഉദ്ദേശിച്ചിരുന്ന ഓണാഘോഷ പരിപാടികൾ മാറ്റി വെയ്ക്കുവാൻ നിശ്ചയിച്ചിരുന്നു. മുഖ്യമന്ത്രി തന്നെ വാർത്താ സമ്മേളനത്തിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് വിശദമായി മറ്റ് കാര്യങ്ങൾ അറിയിച്ചിട്ടുമുണ്ട്.

ഡിസംബർ മാസം നടക്കുന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റ് ഓണാഘോഷത്തിന്‍റെ ഭാഗമായുള്ള പരിപാടിയല്ല. മലബാറിന്‍റെ മാത്രമല്ല, കേരളത്തിന്‍റെ ദീർഘകാലമായിട്ടുള്ള സ്വപ്ന സാക്ഷാത്ക്കാരമാണ് കഴിഞ്ഞ മൂന്ന് വർഷമായി ഡിസംബർ മാസത്തിൽ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റ്. കടലും പുഴയും ഒന്നിക്കുന്ന ചാലിയാറിന്‍റെ അഴിമുഖത്ത് നടക്കുന്ന ഈ ജലമേള കാണാൻ അഭൂതപൂർവ്വമായ ജനസാമാന്യമാണ് ഒത്തു ചേരുന്നത്.

ചൂരൽമല ദുരന്തത്തിനു മുൻപ് തന്നെ, അതായത് ജൂലൈ മാസം എട്ടാം തീയ്യതി നടന്ന വർക്കിംഗ് ഗ്രൂപ്പിലാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റ് സംഘടിപ്പിക്കുവാൻ ആവശ്യമായ തീരുമാനം കൈക്കൊണ്ടത്. എല്ലാ വർഷവും ഇതു പോലെ നേരത്തെ തന്നെ വർക്കിങ്ങ് ഗ്രൂപ്പ്  ഇത്തരം പരിപാടികളുടെ തയ്യാറെടുപ്പിന്റെ ഭാഗമായി ചില തീരുമാനങ്ങൾ കൈകൊള്ളാറുണ്ട്. ചൂരൽമല ദുരന്തം കാരണം ഈ വർഷമാകെ സർക്കാർ ആഘോഷങ്ങൾവേണ്ടതില്ല എന്ന് നിലവിൽ തീരുമാനിച്ചിട്ടില്ല. സെപ്തംബറിലെ ഓണാഘോഷ പരിപാടിയാണ് സർക്കാർ വേണ്ടെന്ന് വെച്ചത്. ജൂലൈ മാസം മുതൽ തയ്യാറെടുപ്പ് നടത്തേണ്ട ചാമ്പ്യൻസ് ബോട്ട് ലീഗും മാറ്റി വയ്ക്കേണ്ടി വന്നു.

വള്ളം കളിയുടെ ജനകീയതയെ കുറിച്ചും നാടിന്‍റെവികാരത്തെ കുറിച്ചും നല്ല ധാരണ ടൂറിസം വകുപ്പിനുണ്ട്. നെഹ്‌റു ട്രോഫി 
വള്ളം കളി സംഘടിപ്പിക്കുന്ന ഘട്ടത്തിൽ, എല്ലാ നിലയിലുള്ള പിന്തുണയും നൽകുവാൻ ടൂറിസം വകുപ്പ് തയ്യാറാണ് എന്ന നിലപാട് വള്ളംകളി മത്സരങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ വീണ്ടും അറിയിക്കുന്നു.

എറണാകുളം-കായംകുളം യാത്ര, അതും കെഎസ്ആർടിസിയിൽ, ആർക്കും സംശയം തോന്നില്ല! വഴിയിൽ പൊലീസ് തടഞ്ഞു, യുവാക്കൾ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെള്ളാപ്പള്ളിയെ തള്ളി ഡിവൈഎഫ്ഐ, 'പരാമർശങ്ങൾ ശ്രീ നാരായണ ധർമ്മത്തിന് വിരുദ്ധം'
വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്‍റെ പരാതി