
തിരുവനന്തപുരം: കൊവിഡ് വ്യാപനവും ലോക്ഡൗണും മൂലം പ്രതിസന്ധിയിലായ സംസ്ഥാനത്തെ ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കുന്നു. ടൂറിസം മേഖലയില്‍ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ ഉറപ്പാക്കുമെന്ന് മന്ത്രിമാരായ മുഹമ്മദ് റിയാസും വീണജോര്‍ജ്ജും അറിയിച്ചു. ഒരാഴ്ചക്കുള്ളില്‍ വയനാട്ടിലെ വൈത്തിരി, മേപ്പാടി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കും.
കൊവിഡ് ഭീഷണയില്‍ നിന്നും സംസ്ഥാനത്തെ ടൂറിസം മേഖല തിരിച്ചുവരവിന് ഒരുങ്ങുമ്പോഴാണ് രണ്ടാം വ്യാപനവും തുടര്‍ന്ന് ലോക്ഡൗണും വന്നത്.15 ലക്ഷത്തോളം പേരാണ് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നത്. ആഭ്യന്തര, വിദേശ ടൂറിസ്റ്റുകള്‍ ഇല്ലാതായതോടെ, ടൂറിസം മേഖല തളര്‍ന്നു. രോഗവ്യാപനം കുറയുന്ന മുറയ്ക്ക് ടൂറിസം മേഖല തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്‍റെ ഭാഗമായി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വാക്സിനേഷന്‍ ഉറപ്പാക്കും.
നിലവില്‍ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ക്കും വാക്സിനേഷൻ്‍ നല്‍കും. വയനാട് ജില്ലയിലെ ടൂറിസം മേഖലയില്‍ ഭൂരിഭാഗം പേര്‍ക്കും ഒന്നാം ഡോസ് നല്‍കികഴിഞ്ഞു. ഏഴ് ദിവസത്തിനുള്ളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കി വൈത്തരി, മേപ്പാടി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കും.
കുമരകം ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാക്സിനേഷന്‍ ആരംഭിച്ച് കഴിഞ്ഞു. അടുത്ത ഘട്ടമെന്ന നിലയില്‍ കുമരകവും മൂന്നാറും തുറക്കും. ഒരു ജില്ലയില്‍ രണ്ട് ടൂറിസ്റ്റ് കേന്ദ്രമെങ്കിലും കാലതാമസമില്ലാതെ തുറക്കാനാണ് ലക്ഷ്യമിടുന്നത്. കൊവിഡ് തിരിച്ചടിയില്‍ സംസ്ഥാനത്തെ ടൂറിസം മേഖലക്ക് ഇതുവരെ 34000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam