
കണ്ണൂർ: ജയിൽ ശിക്ഷ അനുഭവിക്കുന്ന ടി പി കേസ് പ്രതികൾ മദ്യപിച്ച സംഭവത്തിൽ പ്രതികരണവുമായി ജയിൽ ഉപദേശക സമിതി അംഗം പി ജയരാജൻ. തടവുപുള്ളികള്‍ അച്ചടക്കം പാലിക്കാൻ ബാധ്യസ്ഥരാണെന്നും കൊടിയാണെങ്കിലും വടിയാണെങ്കിലും നടപടിയുണ്ടാകുമെന്നും ബന്ധുക്കൾ അത്യാസന്ന നിലയിൽ കിടക്കുന്ന കാര്യങ്ങൾ പരിഗണിച്ചാണ് ടി കെ രജീഷിന് പരോൾ നൽകിയതെന്നും പി ജയരാജൻ പറഞ്ഞു.
മദ്യപിച്ച സംഭവത്തിൽ സർക്കാർ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊടി ആണെങ്കിലും വടി ആണെങ്കിലും നടപടി ഉണ്ടാകും. അതാണ് പിണറായി സർക്കാർ. സർക്കാർ നടപടിയെടുത്തത് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അല്ലെന്നും സർക്കാർ സംവിധാനങ്ങൾ വഴിയുള്ള അന്വേഷണം നടക്കുകയാണെന്നും പി ജയരാജന്റെ പ്രതികരണം.
പ്രതി കൊടി സുനിയുടെ പരോൾ നേരത്തെ റദ്ദ് ചെയ്തിരുന്നു. വയനാട് മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ജൂലൈ 21നാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. എന്നാൽ മീനങ്ങാടി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് പരോൾ റദ്ദാക്കിയത്. കൊടി സുനിയെ വീണ്ടും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു.
കൊലക്കേസ് പ്രതിയായ കൊടി സുനിക്ക് മദ്യം കഴിക്കാൻ അവസരമൊരുക്കിയ സംഭവത്തിൽ കണ്ണൂരിൽ മൂന്ന് സിവിൽ പൊലീസുകാരെ ദിവസങ്ങൾക്ക് മുൻപ് സസ്പെൻ്റ് ചെയ്തിരുന്നു. തലശ്ശേരി കോടതിയിൽ നിന്ന് വരുന്ന വഴിയാണ് പ്രതികൾ മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ വച്ച് മദ്യം കഴിക്കാൻ അവസരമൊരുക്കുകയായിരുന്നു. കഴിഞ്ഞ മാസം 17 നാണ് സംഭവം. സംഭവം പുറത്തുവന്നതോടെ പൊലീസുകാർക്കെതിരെ നടപടിയെടുക്കുകയായിരുന്നു. നേരത്തെ, കൊടി സുനി ജയിലിൽ ഫോൺ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam