
കണ്ണൂർ: അന്തരിച്ച ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതിക്ക് സിപിഎം നേതാക്കളുടെ അന്ത്യാഞ്ജലി. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളി കെ കെ കൃഷ്ണനാണ് ഇന്ന് അന്തരിച്ചത്. ആശുപത്രി മോർച്ചറിക്ക് മുന്നിൽ കണ്ണൂരിലെ സിപിഎം നേതാക്കളാണ് കൃഷ്ണന് ആദരാഞ്ജലികൾ അർപ്പിച്ചത്. പി ജയരാജൻ, കെ കെ രാഗേഷ്, ടിവി രാജേഷ് തുടങ്ങിയ നേതാക്കളാണ് ആശുപത്രിയിലെത്തി ആദരാഞ്ജലി അർപ്പിച്ചത്. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പത്താം പ്രതിയായിരുന്നു കെ കെ കൃഷ്ണൻ. അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ശ്വാസ തടസത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കെകെ കൃഷ്‌ണൻ. വിചാരണ കോടതി വെറുതെവിട്ട കെ കെ കൃഷ്ണനെ ഹൈക്കോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2024 ഫ്രെബ്രുവരിയിലാണ് ശിക്ഷ വിധിച്ചത്. സിപിഐ എം ഒഞ്ചിയം ഏരിയ കമ്മിറ്റി മുൻ അംഗവും വടകര ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു കെ കെ കൃഷ്ണൻ. ടിപി ചന്ദ്രശേഖരൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് കണ്ടെത്തിയാണ് കൃഷ്ണനെ ഹൈക്കോടതി ശിക്ഷിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam