
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരായ വാർത്താസമ്മേളനത്തിനിടെ, ചോദ്യം ചോദിച്ചയാളോട് തട്ടിക്കയറി മുൻ ഡിജിപി ടി പി സെൻകുമാർ. സെൻകുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഒരു പാതകമാണെന്ന ചെന്നിത്തലയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യമാണ് സെൻകുമാറിനെ ചൊടിപ്പിച്ചത്. താങ്കൾ ഡിജിപിയായിരുന്നപ്പോൾ ഈ വിഷയത്തിൽ എന്ത് ചെയ്തുവെന്ന് കൂടി ചോദിച്ചപ്പോൾ സെൻകുമാർ ക്ഷുഭിതനായി.
"
പിൻ നിരയിൽ നിന്ന് ചോദ്യം ചോദിച്ച ആളോട് പത്രക്കാരനാണോ എന്ന് ചോദിച്ച ഡിജിപി അയാൾ പത്രക്കാരനല്ലെങ്കിൽ പുറത്ത് പോകാൻ ആവശ്യപ്പെട്ടു. ഇയാൾ മദ്യപിച്ചിട്ടുണ്ടോയെന്നും സെൻകുമാർ സംശയം പ്രകടിപ്പിച്ചു. മുമ്പിൽ വന്ന് ചോദിക്കാൻ ആവശ്യപ്പെട്ട മുൻ ഡിജിപി മാധ്യമ പ്രവർത്തകനാണെന്നതിന് തെളിവ് നൽകണമെന്ന് പറഞ്ഞു. ഇതോടെ ചോദ്യം ചോദിച്ചയാൾ മുമ്പിലേക്ക് നീങ്ങി. സംസാരിക്കുന്നത് കണ്ടാൽ മദ്യപിച്ച് സംസാരിക്കുന്നത് പോലെ തോന്നും എന്ന സെൻകുമാറിന്‍റെ പരാമർശത്തിന് ചോദ്യം ചോദിക്കുന്നവരോട് ഇങ്ങനെയാണ് സംസാരിക്കുകയെന്ന് ഇയാൾ മറുചോദ്യം ചോദിച്ചു. ഇതിനിടെ കൂടെയുണ്ടായിരുന്നു ചിലർ ചേർന്ന് ചോദ്യം ചോദിച്ചയാളെ പുറത്താക്കുവാനും ശ്രമം നടത്തി.
സ്ഥിതിഗതികൾ കയ്യാങ്കളിയിലേക്ക് നീങ്ങിയപ്പോൾ സെൻകുമാർ തന്നെ ഇടപെട്ട് രംഗം ശാന്തമാക്കി. ചോദ്യം ചോദിച്ചയാളോട് തിരിച്ച് ഇരിപ്പിടത്തിലേക്ക് പോകാൻ പറഞ്ഞ സെൻകുമാർ ചോദ്യം ആവർത്തിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇന്നത്തെ വാർത്താ സമ്മേളനം ചെന്നിത്തലയുടെ വിഷയത്തിലല്ലെന്നും, വെള്ളാപ്പള്ളിയെക്കുറിച്ചുള്ള പരാതി വന്ന സമയത്ത് താൻ ഡിജിപിയായിരുന്നില്ലെന്നും വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam