
ലഖ്‌നൗ: കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ സാധിക്കില്ലായെന്ന് റെയിൽവേ സാങ്കേതിക വിദഗ്ധർ. പാളങ്ങളുടെ വളവുകളും പരിമിതികളും സ്റ്റോപ്പുകളും വേഗതയെ ബാധിക്കും. ഭൂമി ഏറ്റെടുക്കുന്നതിലെ താമസവും റെയിൽവേ വികസനത്തെ ബാധിക്കുന്നതായും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ലഖ്‌നൗവിലെ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) സന്ദർശിച്ച മലയാളി മാധ്യമ സംഘത്തോട് സംസാരിക്കുകയായിരുന്നു ആർഡിഎസ്ഒയിലെ വിദഗ്ധർ.
കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കുന്നത് അപ്രായോഗികമാണ്. കേരളത്തിലെ റെയിൽവേ പാളങ്ങളുടെ വളവുകളും പരിമിതികളും കാരണം വന്ദേ ഭാരത് ട്രെയിനുകളുടെ വേഗത പെട്ടെന്ന് പൂർണ്ണമായി വർധിപ്പിക്കാൻ സാധിക്കില്ല. ശരാശരി 90 കിലോമീറ്റർ വേഗതയിലാണ് കേരളത്തിൽ വന്ദേഭാരതുകൾ ഓടുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ശരാശരി 140 കിലോമീറ്റർ വേഗതയിലുമാണ് ഓടുന്നത്.
വേഗത കുറയാനുള്ള പ്രധാന കാരണങ്ങൾ പാളങ്ങളുടെ ഘടനയിലുള്ള വ്യത്യാസമാണ്. കേരളത്തിലെ റെയിൽവേ പാളങ്ങളിൽ ധാരാളം വളവുകളുണ്ട്. അതിനാൽ ഉയർന്ന വേഗതയിൽ (110–130 കിലോ മീറ്ററിന് മുകളിൽ) ട്രെയിൻ ഓടിക്കുന്നത് സുരക്ഷിതമല്ല. നിലവിലുള്ള സിഗ്നലിംഗ് സംവിധാനങ്ങൾ പരിമിതമാണ്.ട്രെയിനുകൾക്ക് അനുവദിക്കുന്ന നിരന്തരമായ സ്റ്റോപ്പുകളും വേഗതയെ ബാധിക്കുന്നു.
എങ്കിലും പാളങ്ങൾ നവീകരിക്കുന്നതിലൂടെയും സിഗ്നലിംഗ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയും ഭാവിയിൽ വേഗത കൂട്ടാൻ സാധിക്കും. പാളങ്ങളുടെ വളവുകൾ നിവർത്തിയും സിഗ്നലിംഗ് സംവിധാനങ്ങൾ മെച്ചപ്പെടുത്തിയും വേഗതയിൽ കാര്യമായ മാറ്റം കൊണ്ടുവരാൻ സാധിക്കും. അതിന് രാഷ്ട്രീയ തീരുമാനമാണ് ഉണ്ടാകേണ്ടത്.
ഇന്ത്യൻ റെയിൽവേയെ കൂടുതൽ സുരക്ഷിതവും വിശ്വസനീയവും കാര്യക്ഷമവും ഭാവി സജ്ജവുമാക്കുന്നതിന് പിന്നിൽ തുടർച്ചയായി പ്രവർത്തിക്കുന്ന ആർഡി എസ് ഒ യുടെ പ്രവർത്തനങ്ങളും ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകർക്ക് വിശദീകരിച്ചു. റെയിൽവേ സാങ്കേതികവിദ്യ, സുരക്ഷ, പരീക്ഷണം, ആധുനികവൽക്കരണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ മാധ്യമ പ്രവർത്തകർ ആർഡിഎസ്ഒ ഉദ്യോഗസ്ഥരുമായി സംവദിച്ചു. ആർഡിഎസ്ഒ ഡയറക്ടർ ജനറൽ പ്രഭാസ് ദൻസാന, ആർഡിഎസ്ഒയിലെ മുതിർന്ന ഉദ്യോഗസ്ഥർ, പിഐബി ലക്നൗ ഡയറക്ടർ ദിലീപ് ശുക്ള, പിഐബി തിരുവനന്തപുരം ഡയറക്ടർ വി. പാർവ്വതി , കൊച്ചി അസിസ്റ്റൻ്റ് ഡയറക്ടർ ലക്ഷ്മിപ്രിയ എസ്. എസ്. എന്നിവരും പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam