ഉടമയുടെ സുഹൃത്താണെന്ന് വിശ്വസിപ്പിച്ച് വ്യാജ ഫോൺ കോളിലൂടെ ജീവനക്കാരിയെ കബളിപ്പിച്ച് സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുത്തു. പയ്യന്നൂരിലെ 'കെസ്റ്റർ ഗ്രാഫിക്സി'ൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കടയിൽ ഒറ്റയ്ക്കായിരുന്ന ജീവനക്കാരി നിവ്യയാണ് തട്ടിപ്പിനിരയായത്.

പയ്യന്നൂർ: ഉടമയുടെ സുഹൃത്താണെന്ന് വിശ്വസിപ്പിച്ച് വ്യാജ ഫോൺ കോൾ നാടകത്തിലൂടെ ജീവനക്കാരിയെ കബളിപ്പിച്ച് സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുത്തു. പയ്യന്നൂരിലെ 'കെസ്റ്റർ ഗ്രാഫിക്സി'ൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കടയിൽ ഒറ്റയ്ക്കായിരുന്ന ജീവനക്കാരി നിവ്യയാണ് തട്ടിപ്പിനിരയായത്.

ധനകാര്യ സ്ഥാപനത്തിൽ നിന്നാണെന്ന് പറഞ്ഞ് എത്തിയ അപരിചിതനായ മധ്യവയസ്കൻ കടയുടമയെക്കുറിച്ചാണ് ആദ്യം അന്വേഷിച്ചത്. ഉടമ സ്ഥലത്തില്ലെന്ന് വ്യക്തമായതോടെ ഇയാൾ ഫോണിൽ വിളിക്കുന്നതായി അഭിനയിച്ചുതുടങ്ങി. കടയുടമയുമായാണ് സംസാരിക്കുന്നതെന്ന് വിശ്വസിപ്പിച്ച ഇയാൾ, ജയകുമാർ എന്നയാൾ എത്തുമ്പോൾ തരുന്ന 27,000 രൂപ വാങ്ങി സൂക്ഷിക്കാൻ ജീവനക്കാരിയോട് ആവശ്യപ്പെട്ടു.

ഇതിനിടയിൽ തന്റെ കയ്യിൽ ചില്ലറയില്ലെന്നും തൽക്കാലം രണ്ടായിരം രൂപ തനിക്ക് അത്യാവശ്യമുണ്ടെന്നും, ജയകുമാർ തരാനുള്ള തുകയിൽ നിന്ന് ഇത് എടുത്തുകൊള്ളാനും കടയുടമയോട് ഫോണിൽ സംസാരിച്ചുവെന്ന മട്ടിൽ ഇയാൾ ജീവനക്കാരിയെ വിശ്വസിപ്പിച്ചു.ഇത് വിശ്വസിച്ച് കൗണ്ടറിലുണ്ടായിരുന്ന 1500 രൂപ എടുത്ത് യുവതി മേശപ്പുറത്ത് വെച്ചു. ഉടമയെ നേരിട്ട് വിളിച്ച് വിവരം തിരക്കാൻ നിവ്യ ഫോണെടുത്ത തക്കം നോക്കി, മേശപ്പുറത്തിരുന്ന പണവുമായി പ്രതി കടയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

സംഭവത്തിൽ ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പയ്യന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കടയിലെ സിസിടിവി ക്യാമറകളിൽ പ്രതിയുടെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.