നാളെ കടതുറക്കല്‍ സമരമില്ല; സമരം പിന്‍വലിച്ച് വ്യാപാരികള്‍, വെള്ളിയാഴ്ച്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച

By Web TeamFirst Published Jul 14, 2021, 5:05 PM IST
Highlights

ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി നസറുദ്ദീന്‍ പറഞ്ഞു. 

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ പ്രഖ്യാപിച്ച കടതുറക്കല്‍ സമരം പിന്‍വലിച്ചു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനാലാണ് സമരത്തില്‍ നിന്ന് പിന്‍മാറുന്നതെന്ന് നേതാക്കള്‍
അറിയിച്ചു. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി വ്യാപാരികള്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. 

കോഴിക്കോട് ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് നാളെ കടതുറക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചത്. എന്നാല്‍ പ്രസിഡണ്ട് ടി നസറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ചതോടെയാണ് കടകള്‍ തുറന്ന് പ്രതിഷേധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയതെന്ന് നേതാക്കള്‍ വിശദീകരിച്ചു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും അവര്‍ വ്യക്തമാക്കി. 

വ്യാപാരികളുമായി നേരിട്ടൊരു ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് വീണ്ടും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായതെന്നാണ് സൂചന. യുഡിഎഫും ബിജെപിയും നാളത്തെ സമരത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് പിന്തുണ പ്രഖ്യാപിച്ച് രാവിലെ സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധവും നടത്തിയിരുന്നു. ഇതിനിടെയാണ് സമരത്തില്‍ നിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അപ്രതീക്ഷിത പിന്‍മാറ്റം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!