
കൊല്ലം: കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്ന് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കൊട്ടിയം ടൗണിലും ദേശീയപാതയിലും വാഹന ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ഗതാഗത ക്രമീകരണം നടത്തുന്നതെന്ന് കൊല്ലം ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ആലപ്പുഴ ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ട്രെയിലറുകൾ, ടാങ്കർ ലോറികൾ, കണ്ടെയ്നറുകൾ മുതലായ ഹെവി വാഹനങ്ങളും മറ്റ് ഗുഡ്‌സ് വാഹനങ്ങളൂം ചവറ കെഎംഎംഎൽ ജംഗ്ഷനിൽ തിരിഞ്ഞ് ഭരണിക്കാവ്- കൊട്ടാരക്കര വഴി എംസി റോഡിൽ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന മറ്റു വാഹനങ്ങൾ ചവറ - ആൽത്തറമൂട് - കടവൂർ - കല്ലുംതാഴം - അയത്തിൽ- കണ്ണനല്ലൂർ വഴി മൈലക്കാട് എത്തി ദേശീയപാതയിൽ പ്രവേശിച്ച് യാത്ര തുടരുകയോ അല്ലെങ്കിൽ കണ്ണനല്ലൂർ - മീയണ്ണൂർ - കട്ടച്ചൽ വഴി ചാത്തന്നൂർ പ്രവേശിച്ച് യാത്ര തുടരാവുന്നതോ ആണ്. കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് അയത്തിൽ-കണ്ണനല്ലൂർ - കട്ടച്ചൽ - ചാത്തന്നൂർ വഴി ദേശീയപാതയിലൂടെ കടന്നുപോകാം. തിരുവന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ (തീരദേശം റോഡ്) പാരിപ്പളളി - പരവൂർ - പൊഴിക്കര വഴിയാണ് പോകേണ്ടത്.
ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിൽ അടിയന്തര അന്വേഷണത്തിന് പൊതുമരാമത്ത് മന്ത്രി നിർദേശം നൽകിയിരിക്കുകയാണ്. നിർമാണത്തിൽ അപാകതയുണ്ടോ എന്ന് പരിശോധിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ദേശീയപാത നിർമാണത്തിൽ അഴിമതിയും അനാസ്ഥയെന്നും പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കൂടിയായ കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാൽ വിമർശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam