Latest Videos

പാലാരിവട്ടത്ത് ഇന്ന് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത നിയന്ത്രണം

By Web TeamFirst Published Oct 4, 2020, 7:17 AM IST
Highlights

ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കും. വിജയിച്ചാൽ സിഗ്നലുകൾ സ്ഥാപിക്കും. 

കൊച്ചി: പാലാരിവട്ടം ബൈപാസിൽ ഇന്ന് രാവിലെ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. മേൽപ്പാലത്തിനടിയിലൂടെ കാക്കനാട് ഭാഗത്തേക്കും തിരിച്ചും വാഹനങ്ങൾ കടത്തി വിടില്ല. രാവിലെ പത്ത് മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തുക.

പാലാരിവട്ടം മേൽപ്പാലത്തിലെ കോൺക്രീറ്റ് ഗർഡറുകൾ നീക്കം ചെയ്യുന്നതിന്‍റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. പാലാരിവട്ടം, കാക്കനാട് എന്നിവിടങ്ങളിൽ നിന്നും സിവിൽ ലൈൻ റോഡിലൂടെ എത്തുന്ന വാഹനങ്ങൾ മേൽപ്പാലത്തിനടിയിലൂടെ കടത്തി വിടില്ല. പകരം പാലത്തിനു ഇരു വശത്തുമായി യു ടേണിനുള്ള സൗകര്യം ഏർപ്പെടുത്തി. ബൈപാസ് ജംഗ്ഷനിലെ സിഗ്നലും ഉണ്ടാകില്ല. മുമ്പ് ഒബ്റോൺ മാൾ, മെഡിക്കൽ സെന്‍റർ എന്നിവിടങ്ങളിലുമാണ് യു ടേൺ ചെയ്യാൻ കഴിഞ്ഞിരുന്നത്. ഇതിന് പുറമെയാണ് പാലത്തിനിരുവശത്തും ഇതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയത്. 

പാലാരിവട്ടം ഭാഗത്തുനിന്നും കാക്കനാട്ടേക്ക് പോകേണ്ട വാഹനങ്ങൾ പാലത്തിന്‍റെ ഇടപ്പള്ളി ഭാത്തുള്ള യുടേണിലൂടെ കടന്ന് പോകണം. ഇടപ്പള്ളി ഭാഗത്തുനിന്നും വരുന്നവക്ക് പാലത്തിന്‍റെ വൈറ്റില ഭാഗത്തും യുടേൺ സൗകര്യമുണ്ട്. രണ്ട് ഭാഗത്തുമുള്ള ഇട റോഡുകളും നരഗത്തിലേക്ക് എത്താൻ ഉപയോഗിക്കാം. പാലത്തിന്‍റെ രണ്ട് വശങ്ങളിലൂടെയും വാഹനം ഓടിക്കാം. ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കും. വിജയിച്ചാൽ സിഗ്നലുകൾ സ്ഥാപിക്കും. ഇതിനിടെ പാലത്തിന് മുകളിലെ ഡിവൈഡറുകൾ നീക്കുന്ന പണികൾ പുരോഗമിക്കുകയാണ്. അടുത്ത ദിവസം മുതൽ ഇരുഭാഗത്തുമുള്ള പാരപ്പെറ്റുകൾ മുറിച്ചു മാറ്റും. തുടർന്നാണ് പാലത്തിലെ കോൺക്രീറ്റും ഗർഡറുകളും നീക്കം ചെയ്യുക.

click me!