
വയനാട്: താമരശ്ശേരി ചുരത്തിൽ കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞു വീണ് ഗതാഗതം പൂർണമായും തടസപ്പെട്ടു. ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപത്താണ് റോഡിലേക്ക് കല്ലും മരങ്ങളും ഇടിഞ്ഞു വീണത്. വൈകിട്ട് 6.45 ഓടെയാണ് സംഭവം. തുടര്‍ന്ന് കല്പറ്റയിൽ നിന്നും ഫയർ ഫോഴ്സ് എത്തി കല്ലും മരവും നീക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ഗതാഗത കുരുക്കിനെ തുടര്‍ന്ന് അടിവാരത്തു നിന്നും ചുരത്തിലേക്ക് വാഹനങ്ങൾ കടത്തി വിടുന്നില്ല. വയനാട്ടിലേക് പോകേണ്ട വാഹനങ്ങൾ കുറ്റ്യാടി ചുരം വഴി പോകണമെന്നാണ് പൊലീസിന്‍റെ നിര്‍ദേശം. കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ഇതുവഴിയുള്ള ഗതാഗതത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.
ഒരു വാഹനത്തിന് കടന്നുപോകാൻ കഴിയുന്ന തരത്തിൽ മണ്ണുമാറ്റുന്നതിനുള്ള നീക്കം നടക്കുകയാണ്. മണ്ണ് മാറ്റുന്നതിന് സമയമെടുക്കും എന്നാണ് റിപ്പോര്‍ട്ട്. മണ്ണും പാറയും മരങ്ങളുമാണ് ഇടിഞ്ഞു വീണിരിക്കുന്നത്. രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് കല്ലും മണ്ണും നീക്കുന്നത്. കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള വാഹനങ്ങൾ താമരശ്ശേരിയിൽ നിന്നും ഉള്ളിയേരി പേരാമ്പ്ര കുറ്റ്യാടി വഴിതിരിച്ചുവിടുന്നുണ്ട്. റോഡ് ഗതാഗത യോഗ്യമാക്കിയ ശേഷം നിലവിൽ കുടുങ്ങി കിടക്കുന്ന വാഹനങ്ങൾ കടത്തി വിടും. അതിന് ശേഷം ചുരം റോഡ് അടക്കും എന്നാണ് വിവരം. മണ്ണിടിഞ്ഞപ്പോൾ മഴ ഉണ്ടായിരുന്നില്ല. തല നാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. ചുരത്തിൽ ബസുകൾ ഉൾപ്പടെ കുടുങ്ങി കിടക്കുന്നുണ്ട്. നാളെ പാറകൾ കമ്പ്രസ്സർ ഉപയോഗിച്ച് പൊട്ടിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam