അധ്യാപകർ മാനസികമായി പീഡിപ്പിച്ചു; റാന്നിയില്‍ ട്രാൻസ്ജെൻഡർ വിദ്യാർത്ഥിനി പഠനം നിര്‍ത്തി

By Web TeamFirst Published Dec 12, 2019, 4:23 PM IST
Highlights

ഗവർണറുടെയും പട്ടിക വർഗ്ഗവകുപ്പിന്‍റെയും  പ്രത്യേക ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ട്രാൻസ്ജെൻഡർ വിദ്യാർത്ഥിനിയായ നിവേദ്യ, പരവനടക്കം ട്രൈബൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്രവേശനം നേടിയത്. 

പത്തനംതിട്ട: മാനസിക പീഡനത്തെതുടർന്ന്  പട്ടിക വർഗ്ഗവിഭാഗത്തിൽപ്പെടുന്ന ട്രാൻസ്ജെൻഡർ  സ്കൂൾ വിദ്യാർത്ഥിനിക്ക് പഠനം അവസാനിപ്പിക്കേണ്ടി വന്നതായി പരാതി. പത്തനംതിട്ട റാന്നി അടിച്ചിപുഴ സ്വദേശിനി നിവേദ്യയാണ് കാസർകോട് പരവനടുക്കം മോഡൽ റസിഡൻഷ്യൽ സ്കൂൾ അധ്യാപകർക്കെതിരെ രംഗത്തെത്തിയത്.   

ഗവർണറുടെയും പട്ടിക വർഗ്ഗവകുപ്പിന്‍റെയും  പ്രത്യേക ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ട്രാൻസ്ജെൻഡർ വിദ്യാർത്ഥിനിയായ നിവേദ്യ, പരവനടക്കം ട്രൈബൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്രവേശനം നേടിയത്. എന്നാൽ, ഒരു അധ്യാപികയും അധ്യാപകനും തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് നിവേദ്യയുടെ പരാതി. കുട്ടികളുടെ മുന്നിൽ വച്ച് ഇവര്‍ അവഹേളിക്കുന്നുവെന്നും, പരാതി നൽകിയപ്പോൾ മാനസിക പീഡനം കൂടിയെന്നും നിവേദ്യ പറയുന്നു. 

എസ്എസ്എൽസിക്ക് മികച്ച മാർക്ക് നേടിയ നിവേദ്യ നിയമ പോരാട്ടം നടത്തി, എട്ട് വ‍ർഷത്തിന് ശേഷമാണ് പ്ലസ്ടുവിന് ചേര്‍ന്നത്. സ്കൂൾ പിടിഎ അധികൃതരും സംശയത്തോടെ ചോദ്യങ്ങൾ ചോദിച്ചുവെന്ന് വിദ്യാർത്ഥിനി പറയുന്നു. യുവജനോത്സവത്തിലുൾപ്പടെ അകറ്റി നിർത്തി. പഠനം അവസാനിപ്പിക്കുന്നെന്ന് പറഞ്ഞപ്പോൾ സ്വന്തം ഇഷ്ടത്തോടെ പോകുകയാണെന്ന് എഴുതി വാങ്ങിച്ചു. 

അധ്യാപകർക്കെതിരെ പട്ടിക വർഗ്ഗ വകുപ്പിന് വിദ്യാർത്ഥിനി പരാതി നൽകിയിട്ടുണ്ട്. ട്രാൻസ്ജെൻഡറാണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും നിയമപരമായ അവകാശങ്ങൾ ലഭിച്ചില്ലെന്ന്   പരാതിയിൽ പറയുന്നു. എന്നാൽ, അധ്യാപകർ ഇക്കാര്യം നിഷേധിച്ചു. ആവശ്യമായ സൗകര്യങ്ങൾ നൽകിയിരുന്നെന്നും വിദ്യാർത്ഥിനി പതിവായി ക്ലാസ്സില്‍ എത്താറില്ലെന്നുമാണ്  പ്രധാന അധ്യാപികയുടെ വിശദീകരണം. 

click me!