22 കിലോയുള്ള കല്ല് തലയിലിട്ടാണ് കൊലപാതകമെന്നും പോലീസ് കണ്ടെത്തി.പ്രതി അലനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
എറണാകുളം: മലയാറ്റൂർ ചിത്രപ്രിയ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അലൻ പെൺകുട്ടിയെ കൊന്നത് തലയിൽ 22 കിലോ ഭാരമുള്ള കല്ലിട്ടെന്ന് പൊലീസ് കണ്ടെത്തൽ. കുറ്റകൃത്യത്തിന് ശേഷം അലൻ വേഷം മാറിയാണ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. വസ്ത്രങ്ങളും ഷൂസുമെല്ലാം മാറിയെന്നും പൊലീസ് പറഞ്ഞു. അലനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. എത്ര വലിയ ക്രൂരതയാണ് നടന്നതെന്ന് പൊലീസിന്‍റെ തെളിവെടുപ്പിലാണ് മനസിലാകുന്നത്. ഈ മാസം ആറാം തീയതിയാണ് ചിത്രപ്രിയയെ കാണാതാകുന്നത്. അന്ന് തന്നെ ചിത്രപ്രിയ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്. ഏകദേശം ഒൻപത് മണിയോടെ ഈ സ്ഥലത്തേക്ക് പെണ്‍കുട്ടിയുമായി എത്തിയ അലൻ, മറ്റ് സുഹൃത്തുക്കളുമായുള്ള ബന്ധം നിര്‍ത്തണമെന്നും അലൻ പ്രകോപിപ്പിച്ചു. ആ സമയത്ത് തന്നെ അവിടെയുണ്ടായിരുന്ന കല്ലെടുത്ത് ചിത്രപ്രിയയുടെ തലക്കടിച്ചു. ബോധമറ്റ് വീണ പെണകുട്ടിയുടെ തലയിൽ 22 കിലോ ഭാരമുള്ള കല്ല് എടുത്തിട്ടു. തല തകര്‍ന്നാണ് പെണ്‍കുട്ടി മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ കല്ല് ഉള്‍പ്പെടെ പൊലീസ് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിരുന്നു.
അവിടെ നിന്ന് വേഷവും ഷൂസും മാറിയ അലൻ മറ്റൊരു ബൈക്കിലാണ് രക്ഷപ്പെട്ടത്. സുഹൃത്ത് എത്തിച്ച ബൈക്കിലാണ് പോയത്. സുഹൃത്തിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. അലൻ നേരത്തെയും പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ചിരുന്നുവെന്ന കാര്യവും പൊലീസ് വ്യക്തമാക്കുന്നു. കാലടി പാലത്തിൽ നിന്ന് താഴേക്ക് തള്ളിയിടാൻ ശ്രമിച്ചതായി അലൻ പറഞ്ഞുവെന്ന് പോലീസ് വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണസംഘം ബംഗളൂരുവിലേക്കും പോയിട്ടുണ്ട്.


