വികസിത് ഭാരത് -ഗ്യാരണ്ടീ ഫോർ റോസ് ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീണ) 2025ന്‍റെ ബില്ലിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവെച്ചു. ഇതോടെ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം പുതിയ പദ്ധതി നിലവിൽ വന്നു
ദില്ലി: പുതിയ തൊഴിലുറപ്പ് നിയമത്തിന് അംഗീകാരം. വികസിത് ഭാരത് ഗ്യാരണ്ടീ ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ ബില്ലിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. പ്രതിപക്ഷത്തിന്‍റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് പാർലമെന്‍റിന്‍റെ ഇരുസഭകളിലും ബിൽ പാസാക്കിയത്. വിബി ജി റാം ജി എന്നാണ് പുതിയ പദ്ധതിയുടെ ചുരുക്ക പേര്. ഇതോടെ, യുപിഎ സർക്കാറിന്‍റെ അഭിമാന പദ്ധതിയായ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം പുതിയ പദ്ധതി നിലവിൽവന്നു. പ്രതിപക്ഷത്തിന്‍റെ വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് കേന്ദ്ര ഗ്രാമ വികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആവശ്യപ്പെട്ടു. അതേസമയം, ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം. ഇടതുപക്ഷ പാർട്ടികളുടെ യോജിച്ച പ്രക്ഷോഭം നാളെയും കോൺഗ്രസിന്റേത് 28നും നടക്കും. 27ന് ചേരുന്ന കോൺഗ്രസിന്റെ പ്രവർത്തക സമിതി യോഗം തുടർ സമരപരിപാടികൾ ചർച്ച ചെയ്യും.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരമുള്ള വിബി ജിറാംജി ബില്ലിൽ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് ശീതകാല സമ്മേളനം പൂർത്തിയാക്കി പാർലമെൻറ് കഴിഞ്ഞ ദിവസം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞത്. മഹാത്മാ ഗാന്ധിയുടെ ചിത്രവുമായി പ്രതിപക്ഷം പാർലമെൻറ് വളപ്പിൽ പ്രകടനം അടക്കം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 12.30 വരെ നീണ്ട ചർച്ചയ്ക്കു ശേഷമാണ് വിബിജിറാംജി ബില്ല് രാജ്യസഭയും പാസാക്കിയത്. പ്രധാന ബില്ലുകൾ പാസാക്കുന്ന സമയത്ത് രാഹുൽ ഗാന്ധി ഇന്ത്യയിലില്ലാത്തത് സിപിഎം കോൺഗ്രസിനെതിരെ ആയുധമാക്കിയിരുന്നു. ആദ്യം അജണ്ടയിൽ ഇല്ലാതിരുന്ന പ്രധാന ബില്ലുകൾ അവസാന ആഴ്ച കൊണ്ടു വന്ന് പാസാക്കാൻ സർക്കാരിനായി. മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റത്തിനെതിരെ കർകസമര മാതൃകയിലെ പ്രതിഷേധം പുറത്തുയരുമെന്ന മുന്നറിയിപ്പാണ് കോൺഗ്രസ് അടക്കം കക്ഷികൾ നല്കിയിരിക്കുന്നത്.
നാടകീയകാഴ്ചകൾക്കിടെയാണ് വിബി ജിറാംജി ബിൽ ലോക്സഭയും പാസാക്കിയത്. സ്റ്റാൻഡിംഗ് കമ്മിറ്റിക്കു വിടണമെന്ന ആവശ്യം തള്ളിയതോടെ പ്രതിപക്ഷ എംപിമാർ ബില്ല് വലിച്ചു കീറി എറിയുകയും മഹാത്മ ഗാന്ധിയുടെ ചിത്രം ഉയർത്തി സ്പീക്കറുടെ മുഖം മറയ്ക്കുകയും ചെയ്തിരുന്നു. വൻ പ്രതിഷേധമാണ് മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മാറ്റത്തിനുള്ള ബില്ലിനെതിരെ ലോക്സഭയിലും ഉയര്‍ന്നത്. ലോക്സഭയിൽ പാസായതിന് പിന്നാലെയാണ് ബിൽ രാജ്യസഭയിലും കൊണ്ടുവന്നത്.



