എല്ലാം നഷ്ടപ്പെട്ടു; ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍: ദുരിതപ്പെയ്ത്തിലെ നഷ്ടത്തെക്കുറിച്ച് ചന്ദ്രന്‍

By Web TeamFirst Published Aug 11, 2019, 6:50 PM IST
Highlights

വീടുകൾ നിൽക്കുന്ന താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തം ഇപ്പോഴും വെള്ളമുണ്ട്. 

കണ്ണൂര്‍: കഷ്ടപ്പെട്ടുണ്ടാക്കിയതൊക്കെ നശിച്ചതിന്‍റെ ഞെട്ടലിലും ദുഖത്തിലുമാണ് ശ്രികണ്ഠാപുരത്തെ സാധാരണക്കാര്‍. കഷ്ടപ്പെട്ടുണ്ടാക്കിയതൊക്കെ പോയി, ആരോട് പറയാനാണ്, ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണ് തങ്ങളെന്ന് ചന്ദ്രനെന്ന നാട്ടുകാരന്‍ പറയുന്നു. 

മഴ കുറഞ്ഞതോടെ വെള്ളത്തിൽ മുങ്ങി നിന്ന ശ്രീകണ്ഠാപുരം നഗരമടക്കം കണ്ണൂരിലെ പ്രധാന പ്രദേശങ്ങളിലെല്ലാം വെള്ളമിറങ്ങിയെങ്കിലും ദുരിതത്തിലാണ് നാട്ടുകാര്‍. വീടുകൾ നിൽക്കുന്ന താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തം ഇപ്പോഴും വെള്ളമുണ്ട്. പെരളശ്ശേരിയിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. ഇരിട്ടിയടക്കം മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയാവുകയാണ്. 

പൂർണമായും മുങ്ങിയ ചെങ്ങളായിയിൽ വേദനിപ്പിക്കുന്ന കാഴ്ചകളാണ്. വെള്ളം പെട്ടെന്നുയർന്നപ്പോൾ സാധനങ്ങൾ മാറ്റാൻ കഴിയാതിരുന്നവർ തിരിച്ചെത്തിയപ്പോൾ കണ്ട് കാഴ്ച വേദനാജനകമാണ്. ശ്രീകണ്ഠാപുരം നഗരം വെള്ളമിറങ്ങി പൂർവ്വ സ്ഥിതിയിലേക്ക് മാറുകയാണ്. കടകൾ വൃത്തിയാക്കുന്ന തിരക്കിലാണ് വ്യാപാരികൾ. വലിയ നഷ്ടമാണ് എല്ലാവർക്കുമുണ്ടായത്. 

പട്ടുവം, ചെങ്ങളായി, കോൾതുരുത്തി മേഖലകളിലടക്കം ജനവാസ മേഖലകളിൽ ഇപ്പോഴും വെള്ളമുണ്ട്. സാധാരണ ഗതിയിലാകാൻ ദിവസങ്ങളെടുക്കും. നഗര പ്രദേശങ്ങളായ ഇരിട്ടി, ഇരിക്കൂർ, കൊട്ടിയൂർ മേഖലകളെല്ലാം വെള്ളമൊഴിഞ്ഞു. ഇരിട്ടിയിൽ മണ്ണിടിഞ്ഞ് നിരവധി വീടുകളാണ് തകർന്നിരിക്കുന്നത്. 

തകർന്ന മുഴുവൻ വീടുകളുടെയും കണക്കുകൾ എടുത്തു വരുനനതേ ഉള്ളൂ. യുവാക്കളുടെ നേതൃത്വത്തിൽ വീടകൾ വൃത്തിയാക്കൽ സജീവമാണ്. മഴ കനക്കാനുള്ള സാധ്യത കണക്കിലെടുത്ത് ക്യാംപിലുള്ളവർ അവിടെത്തന്നെ തുടരുകയാണ്. പതിനായിരത്തിലധികം പേർ ഇപ്പോഴും ക്യാമ്പുകളിലുണ്ട്.

 

click me!