താരങ്ങൾ നിങ്ങളോട് പറയുന്നു: 'അൻപൊടു കൊച്ചി'യിൽ സഹായം കുറവാണ്, ഒപ്പം നിൽക്കണം

By Web TeamFirst Published Aug 11, 2019, 6:28 PM IST
Highlights

കുട്ടികൾക്കായുള്ള വസ്ത്രങ്ങൾ, മരുന്ന്, പായ, പുതപ്പുകൾ, അടിവസ്ത്രങ്ങൾ, സോപ്പ്, ബ്ളീച്ചിംഗ് പൗഡർ, കുടിവെള്ളം തുടങ്ങിയ അവശ്യ വസ്തുക്കളാണ് അത്യാവശ്യമായി വേണ്ടത്. 

കൊച്ചി: ദുരന്തബാധിത പ്രദേശങ്ങൾക്ക് കൈത്താങ്ങായി എറണാകുളം ജില്ലയിൽ തുടങ്ങിയ കളക്ഷൻ സെന്‍ററുകളിലും തണുപ്പൻ പ്രതികരണമാണ്. കളക്ട്രേറ്റിലടക്കം കളക്ഷൻ സെന്‍ററുകൾ തുടങ്ങിയെങ്കിലും മരുന്നടക്കമുള്ള അവശ്യവസ്തുക്കൾ കാര്യമായെത്തുന്നില്ല. കഴിഞ്ഞ പ്രളയകാലത്ത് ആയിരങ്ങൾക്ക് കൈത്താങ്ങായ 'അൻപൊട് കൊച്ചി'യിലും ഇതാണവസ്ഥ.

കഴിഞ്ഞ വർഷം ഇതേ സമയം പ്രളയകാലത്ത് ദുരിതാശ്വാസ ക്യാംപായും കളക്ഷൻ സെന്‍ററായും പ്രവർത്തിച്ച കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ ഇന്നത്തെ കാഴ്ച ദയനീയമാണ്. കളക്ഷൻ സെന്‍റർ തുടങ്ങി 24 മണിക്കൂർ പിന്നിട്ടിട്ടും ഒരു വണ്ടിയ്ക്കുളള സാധനങ്ങൾ പോലും കിട്ടിയിട്ടില്ല.

ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ എറണാകുളം കളക്ട്രേറ്റിൽ ഇന്നു രാവിലെയാണ് സംഭരണകേന്ദ്രം തുടങ്ങിയത്. എന്നാൽ അവിടെയും കാര്യമായൊന്നും കിട്ടുന്നില്ല.

എത്രയും പെട്ടെന്ന് പറ്റാവുന്നത്ര വസ്തുക്കൾ കൊണ്ടുവന്നു തരണമെന്ന് താരങ്ങളടക്കമുള്ളവർ എത്തി ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ്. 

''ബെഡ് ഷീറ്റ്, ബ്ലാങ്കറ്റ്, കുടിവെള്ളം.. ഇതൊന്നും വേണ്ടത്ര കിട്ടുന്നില്ല'', ചലച്ചിത്രതാരം സരയൂ പറയുന്നു. 

''കഴിഞ്ഞ തവണ ഒരുപാട് പേര് വരികയും സാധനങ്ങൾ കയറ്റിയയക്കുകയും, അത് കിട്ടാൻ ബുദ്ധിമുട്ടില്ലാതിരിക്കുകയും ഒക്കെ ചെയ്തിരുന്നു. മൊത്തത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറച്ച് സ്ലോയാണ് കാര്യങ്ങൾ'', എന്ന് ഇന്ദ്രജിത്ത് സുകുമാരൻ. 

മഴക്കെടുതി ഏറ്റവുമധികം ബാധിച്ച വടക്കൻ ജില്ലകൾക്ക് അവശ്യസാധനങ്ങൾ ആദ്യപടിയായി എത്തിക്കാനാണ് അധികൃതരുടെ ശ്രമം. കഴിഞ്ഞ പ്രളയകാലത്തേതുപോലെതന്നെ പൊതു ജനത്തിന്‍റെ സഹായ ഹസ്തങ്ങൾ തേടുകയാണ് വോളണ്ടിയർമാർ. 

കുട്ടികൾക്കായുള്ള വസ്ത്രങ്ങൾ, മരുന്ന്, പായ, പുതപ്പുകൾ, അടിവസ്ത്രങ്ങൾ, സോപ്പ്, ബ്ളീച്ചിംഗ് പൗഡർ, കുടിവെള്ളം തുടങ്ങിയ അവശ്യ വസ്തുക്കളാണ് അത്യാവശ്യമായി വേണ്ടത്. 

click me!