ശബരിമല വിധിക്ക് കാതോർത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ്; വിധിയെന്തായാലും അവധാനതയോടെ സ്വീകരിക്കണമെന്ന് അഭ്യർത്ഥന

By Web TeamFirst Published Nov 14, 2019, 6:53 AM IST
Highlights

യുവതി പ്രവേശന വിധിക്കു ശേഷം കഴിഞ്ഞ മണ്ഡല മകരവിളക്ക് സീസണിൽ വലിയ പ്രതിഷേധങ്ങള്‍ക്കാണ് ശബരിമല സാക്ഷ്യം വഹിച്ചത്. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി. കാണിക്ക നിഷേധമെന്ന പ്രചാരണം വലിയ വരുമാന നഷ്ടമാണ് ദേവസ്വം ബോര്‍ഡിനുണ്ടാക്കിയത്.

പത്തനംതിട്ട: സുപ്രീംകോടതി വിധി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും നിര്‍ണ്ണായകമാണ്. യുവതി പ്രവേശനവിധിയെ തുടര്‍ന്നുള്ള വരുമാന നഷ്ടത്തില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് ദേവസ്വം ബോര്‍ഡ്. വിധി എന്തായാലും അവധാനതയോടെ സ്വീകരിക്കണമെന്നും പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നും ഭക്തജനങ്ങളോട് ദേവസ്വം ബോര്‍ഡ‍് അഭ്യര്‍ത്ഥിച്ചു

യുവതി പ്രവേശന വിധിക്കു ശേഷം കഴിഞ്ഞ മണ്ഡല മകരവിളക്ക് സീസണിൽ വലിയ പ്രതിഷേധങ്ങള്‍ക്കാണ് ശബരിമല സാക്ഷ്യം വഹിച്ചത്. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി. കാണിക്ക നിഷേധമെന്ന പ്രചാരണം വലിയ വരുമാന നഷ്ടമാണ് ദേവസ്വം ബോര്‍ഡിനുണ്ടാക്കിയത്. മരാമത്ത് ജോലികളുടെ പണം നല്‍കാന്‍ കരുതല്‍ ഫണ്ടില്‍ നിന്ന് വായ്പ്പയെടുക്കേണ്ടി വന്നു. വ്യാപര സ്ഥാപനങ്ങള്‍ ലേലത്തിലെടുത്തവര്‍ക്കും വലിയ നഷ്ടമുണ്ടായി.

തിരിച്ചടികളില്‍ നിന്ന് കര കയറാൻ തുടങ്ങിയിട്ടേ ഉള്ളൂ ദേവസ്വംബോര്‍ഡ്. സംസ്ഥാന സര്‍ക്കാര്‍ നൂറ് കോടി സഹായം പ്രഖ്യാപിക്കുകയും ആദ്യഗഡുവായി 30 കോടി രൂപ നല്‍കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ തുലാമാസത്തെ അപേക്ഷിച്ച് ഇത്തവണ വരുമാനത്തില്‍ 3 കോടി വര്‍ദ്ധനയുമുണ്ടായി. ഇനിയൊരു പ്രതിഷേധ സാഹചര്യം ഉണ്ടാകരുതെന്നാണ് ദേവസ്വം ബോർഡ് ആഗ്രഹിക്കുന്നത്. വെളളിയാഴ്ച ചുമതലയേല്‍ക്കുന്ന പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളിയും ഇതായിരിക്കും.

click me!