
തിരുവനന്തപുരം: ശബരിമലയിൽ നിന്ന് നഷ്ടമായ സ്വര്‍ണം തിരികെ പിടിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഹൈക്കോടതിയുടെ അന്വേഷണത്തിൽ പൂർണ വിശ്വാസമാണെന്നും കോടതിയെ വിശ്വസിക്കാത്തവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൂട്ടിച്ചേർത്തു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണ്. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും പുകമറ സൃഷ്ടിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമം അപലപനീയമാണെന്നും ദേവസ്വം ബോര്‍ഡ് കൂട്ടിച്ചേർത്തു.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ആഗോള അയ്യപ്പ സംഗമത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് തുടര്‍ നടപടികളുമായി ദേവസ്വം ബോര്‍ഡും കേരള സര്‍ക്കാരും മുന്നോട്ട് പോകുന്നതിനിടെയാണ് നിലവിലെ വിവാദങ്ങള്‍ ഉയര്‍ന്നുവന്നത്. ദ്വാരപാലക പീഠം കാണാനില്ല എന്ന വ്യാജ ആരോപണവുമായി ആഗോള അയ്യപ്പ സംഗമത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്ത് വന്നത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായാണ്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് തന്നെ ദ്വാരപാലക പീഠങ്ങള്‍ ദേവസ്വം വിജിലന്‍സ് കണ്ടെത്തി. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപാളി, ശ്രീകോവിലിന്റെ കട്ടള എന്നിവയുമായി ബന്ധപ്പെട്ട ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ ഗൗരവമുള്ളതാണ്. ഇത് ഗൗരവമുള്ളതും വിട്ടുവീഴ്ചയില്ലാത്തതുമായ നിയമ നടപടികള്‍ക്ക് വിധേയമാക്കേണ്ടതും നഷ്ടപ്പെട്ടുപോയ സ്വര്‍ണ്ണം കണ്ടെത്തി തിരിച്ചു പിടിക്കേണ്ടതുമാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളേയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വാഗതം ചെയ്യുന്നു. ദേവസ്വം ബോര്‍ഡ് വിജിലന്‍സ് ആണ് പ്രാഥമിക അന്വേഷണം നടത്തി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നിയോഗിച്ച സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ശക്തമായ അന്വേഷണം നടത്തി വരികയാണ്.
ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വീസില്‍ ഉള്ളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതിനകം ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി സംസ്ഥാന പൊലീസ് മേധാവിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വന്തം നിലയില്‍ പരാതിയും നല്‍കി. വസ്തുതകള്‍ ഇതായിരിക്കെ ദേവസ്വം ബോര്‍ഡിനെ ആകെ കരിവാരിത്തേക്കാനും സംശയ നിഴലില്‍ നിര്‍ത്താനും അതുവഴി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണ നിയന്ത്രണത്തിലുള്ള 1252 ക്ഷേത്രങ്ങളെ തകര്‍ക്കാനും ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണ്. ഇത് അങ്ങേയറ്റം അപലപനീയമാണ്. തെറ്റ് ചെയ്തവര്‍ ഉറപ്പായും ശിക്ഷിക്കപ്പെടണം. അവര്‍ക്കെതിരെ മാതൃകാപരമായ നടപടിയും കൈക്കൊള്ളണം എന്നുതന്നെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അഭിപ്രായം. ശബരിമല മുതല്‍ പെറ്റി ദേവസ്വം ക്ഷേത്രങ്ങളില്‍ വരെ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചും ഉത്സവാദി ചടങ്ങുകള്‍ കൃത്യമായി നടത്തുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസക്തി വലുതാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആചാരങ്ങളേയും ക്ഷേത്രവിശ്വാസങ്ങളേയും തകര്‍ക്കാനുള്ള ഗൂഢശ്രമമാണ് ഇപ്പോള്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്നത്. ഇത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിക്കുന്ന നടപടിയാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വാർത്താക്കുറുപ്പിൽ പറഞ്ഞു.
1252 ക്ഷേത്രങ്ങളിലായി 6000-ലേറെ ജീവനക്കാരും ഫാമിലി പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ 5000-ലേറെ പെന്‍ഷന്‍കാരും ക്ഷേത്രങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന പതിനായിരത്തിലേറെ കുടുംബങ്ങളുമുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനേയും ക്ഷേത്രങ്ങളേയും തകര്‍ക്കാനുള്ള ശ്രമം ഇവരെക്കൂടിയാണ് ബാധിക്കുക. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന അന്വേഷണത്തെപ്പോലും അവിശ്വസിക്കുന്ന സമീപനമാണ് ചില കേന്ദ്രങ്ങള്‍ സ്വീകരിക്കുന്നത്. അതിനാല്‍ അന്വേഷണത്തിലൂടെ സത്യം പുറത്ത് വരുന്നതുവരെ ദേവസ്വം ബോര്‍ഡിനെതിരെ നടക്കുന്ന കുപ്രചരണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍തിരിയണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.പി.എസ്.പ്രശാന്ത് അംഗങ്ങളായ അഡ്വ.എ.അജികുമാര്‍, അഡ്വ.പി.ഡി.സന്തോഷ് കുമാര്‍ എന്നിവര്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam