'ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ വാച്ചർ വേഗത്തിൽ ആളുകളെ മാറ്റിയതാണ്'; വിശദീകരണവുമായി ദേവസ്വം പ്രസിഡന്റ്

By Web TeamFirst Published Jan 16, 2023, 3:04 PM IST
Highlights

ബലംപ്രയോഗിച്ച് തള്ളി എന്നത് പുറത്തുനിന്ന് നോക്കുന്നവർക്ക് തോന്നിയതാണെന്നും ബോധപൂർവ്വം ബലംപ്രയോഗിച്ചതല്ലെന്നും ദേവസ്വം പ്രസിഡന്റ് ന്യായീകരിക്കുന്നു.

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരെ ദേവസ്വം വാച്ചർ പിടിച്ച് തള്ളിയ സംഭവത്തില്‍ വിശദീകരണവുമായി ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപൻ. തിക്കും തിരക്കും നിയന്ത്രിക്കാൻ വാച്ചർ വേഗത്തിൽ ആളുകളെ മാറ്റിയതാണെന്നാണ് കെ അനന്തഗോപൻ വിശദീകരിക്കുന്നത്. ബലംപ്രയോഗിച്ച് തള്ളി എന്നത് പുറത്തുനിന്ന് നോക്കുന്നവർക്ക് തോന്നിയതാണെന്നും ബോധപൂർവ്വം ബലംപ്രയോഗിച്ചതല്ലെന്നും ദേവസ്വം പ്രസിഡന്റ് ന്യായീകരിക്കുന്നു.

പൊലീസുകാരുടെ നിർദ്ദേശപ്രകാരമാണ് വേഗത്തിൽ ആളെ മാറ്റിയത്. ജീവനക്കാരന്റെ ഇടപെടലിൽ പോരായ്മ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. ഇത് സംബന്ധിച്ച് കോടതിയിൽ വിശദമായ റിപ്പോർട്ട് നൽകും. കോടതി എടുക്കുന്ന തീരുമാനത്തിനനുസരിച്ച് തുടർനടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ തന്നെ ജീവനക്കാരനെ സ്പെഷ്യൽ ഡ്യൂട്ടിയിൽ നിന്നും മാറ്റിയിരുന്നു. 

വിഷയത്തില്‍ ഹൈക്കോടതി ഇടപെടുന്നതിന് പിന്നാലെയാണ്  ദേവസ്വം പ്രസിഡന്റ് വിശദീകരണവുമായി രംഗത്തെത്തിയത്. സംഭവത്തെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനും സ്പെഷൽ കമ്മീഷണർക്കും ഹൈക്കോടതി നിർദേശം നല്‍കി. കേസ് ഉച്ചകഴിഞ്ഞ് മൂന്നിന് വിഷയം ദേവസ്വം ബെഞ്ച് പരിഗണിക്കും.

click me!