
കൊല്ലം: ശബരിമലയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് അവസാനം വേണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ദേവസ്വം ബോര്‍ഡിന്‍റെ 1998 മുതലുള്ള എല്ലാ തീരുമാനങ്ങളും അന്വേഷിക്കട്ടെയെന്ന് പ്രശാന്ത് പറഞ്ഞു. ബോര്‍ഡുമായി ബന്ധപ്പെട്ട് നടപടി അവതാരങ്ങളുണ്ടായിട്ടുണ്ടെന്ന് വിമര്‍ശിച്ച പ്രശാന്ത്, പ്രതി പട്ടികയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അറിയിച്ചു. വിരമിച്ചവര്‍ക്കെതിരെ അന്തിമ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും നടപടി. പോറ്റിക്ക് പാളി കൊടുത്തു വിടാമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. താന്‍ അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്മാര്‍ട്ട് ക്രിയേഷന്‍സിന് നല്‍കിയ സ്വര്‍ണം അടക്കം പിടിച്ചെടുക്കണമെന്ന് പ്രശാന്ത് പറഞ്ഞു.
അതിനിടെ, സ്വർണക്കവർച്ചയിൽ തന്ത്രി കണ്ഠര് രാജീവർക്കും പങ്കുണ്ടെന്ന പരോക്ഷ വിമർശനവുമായി എ പദ്മകുമാർ രംഗത്തെത്തി. 2007 ലാണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെത്തിയത്. അതിന് മുൻപ് ബെംഗളൂരു ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ ശാന്തിക്കാരനായിരുന്നു. അവിടെ തന്ത്രം ആർക്കായിരുന്നുവെന്നും ആരൊക്കെ തമ്മിലാണ് നേരത്തെ പരിചയം ഉണ്ടായിരുന്നതെന്നും തിരക്കണമെന്നും പദ്മകുമാർ പറഞ്ഞു. താഴമൺ കുടുംബത്തിനാണ് ജലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ താന്ത്രിക അവകാശം. നമ്മൾ ദൈവ തുല്യരെന്ന് കരുതുന്ന ആളുകൾ ഇപ്പോൾ പുറത്ത് വരുന്ന കാര്യങ്ങളിൽ ഉണ്ടെങ്കിൽ എന്ത് പറയാൻ എന്ന് നേരത്തെ പദ്മകുമാർ പ്രതികരിച്ചിരുന്നു. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും പ്രതി ചേർത്തതായി വിവരം കിട്ടിയിട്ടില്ലെന്നും 2019ൽ ദേവസ്വം ബോർഡ് പ്രസിഡന്‍റായിരുന്ന എ പദ്മകുമാർ കൂട്ടിച്ചേര്‍ത്തു.
ശബരിമലയിലെ സ്വർണ്ണക്കവർച്ചയിൽ 2019 ലെ ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും പ്രതികൾ. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണ്ണം പതിപ്പിച്ച പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയത് ദേവസ്വം ബോർഡ് അംഗങ്ങളുടെ അറിവോടെയെന്നാണ് എസ്ഐടി എഫ്ഐആറിലെ കണ്ടെത്തൽ. എഫ്ഐആറിലെ വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. ശ്രീകോവിലിലെ വാതിലിന്‍റെ കട്ടിളയിൽ പതിച്ച സ്വർണ്ണം പൂശിയ ചെമ്പ് പാളികൾ എന്നത് ഒഴിവാക്കി ചെന്പ് പാളികൾ എന്ന് മാത്രം എഴുതി അനധികൃതമായി ഇളക്കി ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയെന്നാണ് കുറ്റം.ഇത് അന്നത്തെ ബോർഡ് അംഗങ്ങളുടെ അറിവോടെയാണെന്നതാണ് ഏറ്റവും നിർണ്ണായക കണ്ടെത്തൽ.