
കോതമംഗലം: കാൻസർ രോഗികൾക്കായുള്ള സൗജന്യ കെഎസ്ആർടിസി യാത്രാ പാസിൽ ഒരിടത്തും കാൻസർ എന്ന വാക്ക് ഉപയോഗിക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഹാപ്പി ലോംഗ് ലൈഫ് എന്നായിരിക്കും ഈ യാത്രാ കാർഡിന്റെ പേര്. കെഎസ്ആർടിസി ജീവനക്കാർ അവരവരുടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ പോകുന്ന വഴി ഈ കാർഡുകൾ അർഹരായവർക്ക് വീടുകളിൽ എത്തി നേരിട്ട് നൽകുന്നതാണെന്നും മന്ത്രി അറിയിച്ചു. രണ്ടാഴ്ചക്കുള്ളിൽ തന്നെ ഈ പാസുകൾ നൽകി തുടങ്ങും. ഫോട്ടോ പതിച്ച കാര്‍ഡ് ആയിരിക്കും.
അക്ഷയ സെന്‍റര്‍ വഴി ചെയ്യാൻ പറ്റുമോ എന്ന് നോക്കുന്നുണ്ട്. അവിടെയും പണം വാങ്ങാതെ വേണം ഈ സേവനം ഉറപ്പാക്കേണ്ടത്. എവിടെയാണ് കണ്‍സഷൻ വേണ്ടയാൾ താമസിക്കുന്നതെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തണം. അവിടെ നിന്ന് ചികിത്സിക്കുന്ന ആശുപത്രി വരെ സൗജന്യ യാത്ര ആയിരിക്കും. റിസര്‍വേഷൻ ചെയ്യുമ്പോൾ ഈ സൗകര്യം ലഭിക്കും. സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലായിരിക്കും റിസർവേഷൻ. രോഗിക്ക് ഒപ്പം പോകുന്നവര്‍ക്ക് ടിക്കറ്റ് നിരക്ക് ബാധകമാണ്.
ലോക്കല്‍ ബസുകളില്‍ രണ്ട് സീറ്റ് ഇവര്‍ക്കായി റിസര്‍വ് ചെയ്യും. ഈ സീറ്റിൽ മറ്റുള്ളവർക്ക് ഇരിക്കാം. പക്ഷേ ഹാപ്പി ലോംഗ് ലൈഫ് കാര്‍ഡുള്ള ആളുകൾ വരുമ്പോൾ സന്തോഷമായി മാറി കൊടുക്കണം. ഒരു തര്‍ക്കമോ വഴക്കോ കൂടാതെ അവര്‍ക്കായി സീറ്റ് നൽകണമെന്ന് മന്ത്രി പറഞ്ഞു. പരിപൂര്‍ണ സൗജന്യമായി അക്ഷയ സെന്‍ററുകൾ ചെയ്യുമെങ്കിൽ മാത്രമേ അപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവരെ ഏൽപ്പിക്കൂ. അല്ലെങ്കിൽ മൊബൈൽ വഴി ചെയ്യാവുന്ന തരത്തില്‍ നടപ്പാക്കും. സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ഈ സേവനം. എല്ലാ ജീവനക്കാരും അതിനൊപ്പം നില്‍ക്കണം. ഇത് വോട്ട് പിടിക്കാനുള്ള പരിപാടിയല്ല. ഇത് സര്‍ക്കാരിന്‍റെ കരുതലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam