
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാപ്രതിസന്ധിയുമായി ബന്ധപ്പെട്ട് അന്വേഷണ സമിതിയെ നിയോഗിച്ചതിൽ തൃപ്തിയുണ്ടെന്ന് യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസ് ചിറയ്ക്കൽ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാ വിഷയങ്ങളും സമിതി അന്വേഷിക്കണം. ശാശ്വത പരിഹാരം വേണമെന്നും ഡോ ഹാരിസ് ചിറയ്ക്കൽ മാധ്യമങ്ങളോട് പറഞ്ഞു. മെഡിക്കൽ കോളേജിലെ പ്രതിസന്ധിയെ കുറിച്ചുള്ള ഡോക്ടറുടെ തുറന്നു പറച്ചിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഭരണപരമായ കാര്യങ്ങളുടെ ബാലപാഠങ്ങൾ അറിയാത്തവരാണ് പ്രിൻസിപ്പലും സൂപ്രണ്ടുമെന്ന് ഡോ പറഞ്ഞു. അവർക്ക് അതുകൊണ്ടുതന്നെ പരിമിതികളും ഭയവും ഉണ്ടാകും. ഭാവിയിൽ ഭരണപരമായ പരിചയമുള്ളവർക്ക് ഇത്തരം ചുമതലകൾ നൽകണം. ഉപകരണങ്ങൾ ഇന്ന് വരുമായിരിക്കും. ശസ്ത്രക്രിയ മാറ്റിവെച്ചവർക്കുള്ള ഉപകരണങ്ങൾ ഇന്ന് വരുമെന്നാണ് പറയുന്നത്. ശസ്ത്രക്രിയ മാറ്റിവെക്കപ്പെട്ടവർ ആശുപത്രിയിൽ കഴിയുകയാണ്. അടുത്ത രണ്ടുമാസത്തേക്ക് വെയിറ്റിംഗ് ലിസ്റ്റിലുള്ളവർ ഉണ്ടെന്നും ഡോ പറഞ്ഞു.
അതേസമയം, ഡോ ഹാരിസിന്റെ വെളിപ്പെടുത്തലിൽ ഇന്നലെ വൈകുന്നേരമാണ് അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവിറങ്ങിയത്. നാല് പേരാണ് സമിതിയിലുള്ളത്. വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ, കോട്ടയം മെഡിക്കൽ കോളേജ് സൂപ്രഡ്, ആലപ്പുഴ മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം മേധാവി, കോട്ടയം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാനാണ് നിർദ്ദേശം.
ഇടനിലയിൽ നിൽക്കുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പലപ്പോഴും പ്രശ്നമുണ്ടാക്കുന്നതെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുഴുവൻ വിഭാഗങ്ങളിലും പ്രതിസന്ധിയുണ്ടെന്നുമാണ് ഡോ ഹാരിസ് ചിറക്കലിൻറെ വെളിപ്പെടുത്തൽ. തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നത് രോഗികൾ അവസാന ആശ്രയമായി കാണുന്ന സ്ഥലമാണ്. അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള എല്ലാവിധ പിന്തുണയും നമുക്ക് കിട്ടേണ്ടതാണെന്നും ഡോ ഹാരിസ് ചിറക്കൽ ഏഷ്യാനെറ്റ് ന്യൂസിൻറെ ന്യൂസ് അവറിൽ പറഞ്ഞു.