വിവാദ ഉത്തരവിന് മുമ്പും മരംമുറി കൊള്ള; റവന്യൂ ഒത്താശയോടെ മരംമുറി നടന്നത് പത്തനംതിട്ടയിൽ

By Web TeamFirst Published Jun 12, 2021, 8:10 AM IST
Highlights

പത്തനംതിട്ട ജില്ലയിലെ ചേത്തക്കലിൽ ആരബിൾ ഭൂമിയിലെ മരങ്ങൾ മുറിച്ച് മാറ്റി പാറ ഖനനം ചെയ്യാനാണ് 2019ൽ റവന്യു വകുപ്പ് അനുമതി നൽകിയത്. 

പത്തനംതിട്ട: 2020 ലെ വിവാദ ഉത്തരവ് പുറത്തിറങ്ങുന്നതിന് മുമ്പും റവന്യു വകുപ്പിന്റെ ഒത്താശയോടെ വന ഭൂമിയിലെ മരങ്ങൾ വ്യാപകമായി മുറിച്ച് മാറ്റിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ചേത്തക്കലിൽ ആരബിൾ ഭൂമിയിലെ മരങ്ങൾ മുറിച്ച് മാറ്റി പാറ ഖനനം ചെയ്യാനാണ് 2019ൽ റവന്യു വകുപ്പ് അനുമതി നൽകിയത്. അന്നത്തെ റാന്നി ഡിഎഫ്ഒയും പാറഖനനത്തിന് അനുകൂലമായി റിപ്പോർട്ട് നൽകി.

ഇടുക്കിയിൽ നിന്ന് കുടിയേറി എത്തിയവർക്ക് പതിറ്റാണ്ടുകൾക്ക് മുമ്പ് കൃഷിയ്ക്കും താമസത്തിനുമായി നൽകിയ ഭൂമിയിലാണ് മരം കൊള്ള നടന്നത്. ആരബിൾ ഭൂമിയായ ഇവിടം സംരക്ഷിത വന മേഖലമായിരുന്നു. എന്നാൽ, 2019 ജൂണിൽ ഇവിടുത്തെ പറ ഖനനം ചെയ്യുന്നതിന്ന് എൻഒസി കിട്ടാൻ ഡെൽറ്റ അഗ്രിരേറ്റ് പ്രൈവറ്റ് ലിമിറ്റഡ് റവന്യു വകുപ്പിൽ അപേക്ഷ നൽകി. അപേക്ഷ പരിഗണിച്ച റവന്യു വകുപ്പ് വന ഭൂമി സ്വകാര്യ ഭൂമിയാണെന്ന് സർട്ടിഫൈ ചെയ്തു. 

ഒക്ടോബർ 29 ന് റാന്നി ഡിഎഫ്ഒ പാറ ഖനനത്തിന് എൻഒസി നൽകി. പ്രാദേശിക എതിർപ്പുകൾ ഉയർന്നതോടെ കൊല്ലം സിസിഎഫ് നടത്തിയ വിശദമായ പരിശോധനയിൽ 4.344 ഹെക്ടർ ഭൂമി റിസർവ് വനത്തിൽ ഉൾപ്പെട്ടതാണെന്ന് കണ്ടെത്തി. റവന്യു സെറ്റിൽമെന്റ് രജിസ്റ്ററിലും പുറമ്പോക്ക് രജിസ്റ്ററിലും ഈ ഭൂമി റിസർവ് വനമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പരിശോധനകൾക്ക് ഒടുവിൽ സിസിഎഫ് ഡിഎഫ്ഒയുടെ ഉത്തരവ് റദ്ദാക്കിയപ്പോഴേക്കും ഒരു കോടിയിലധികം വില വരുന്ന മരങ്ങൾ വെട്ടി കടത്തിയിരുന്നു. 

അനധികൃതമായി അനുമതി കൊടുത്തിടത്ത് മാത്രം ഒതുങ്ങിയില്ല ഉദ്യോഗസ്ഥര്‍ക്ക് മാഫിയ സംഘത്തോടുള്ള സ്നേഹം. അന്വേഷണത്തിന്റെ ഭാഗമായി തടിയുടെ അളവ് കണക്കാക്കിയപ്പോള്‍, ഒരു കോടിയിലധികം രൂപയുടെ തടി നഷ്ടപ്പെട്ട സ്ഥാനത്ത് പിഴയിട്ടത് 18 ലക്ഷം മാത്രമായിരുന്നു. മൂന്ന് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മുറിച്ച് മാറ്റിയ മരങ്ങളുടെ കുറ്റികൾ ഭൂരിഭാഗവും കത്തിച്ച നിലയിലായിരുന്നു. സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത, മേലുദ്യോഗസ്ഥരുടെ ഉത്തരവ് പ്രകാരം പ്രവർത്തിച്ച നാല് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയും ചെയ്തു.

click me!