
പാലക്കാട്: തേങ്കുറിശി ദുരഭിമാന കൊലപാതകത്തിൽ വിചാരണ നടപടികൾക്ക് തുടക്കം. പാലക്കാട് ജില്ലാ ഫസ്റ്റ് ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. തേങ്കുറിശ്ശി ഇലമന്ദം സ്വദേശി അനീഷ് കൊല്ലപ്പെട്ട കേസിലാണ് വിചാരണ പുരോഗമിക്കുന്നത്. കൊല്ലപ്പെട്ട അനീഷിന്റെ സഹോദരൻ അരുണിനെയും അനീഷിന്റെ ഭാര്യ ഹരിയതയെയുമാണ് കോടതി ആദ്യം വിസ്തരിച്ചത്. ഒന്നാം സാക്ഷിയാണ് അരുൺ. കേസിൽ ആകെ 110 സാക്ഷികളാണുള്ളത്. പ്രതികൾ എത്തിയ രണ്ട് ബൈക്കുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ബൈക്കുകൾ ജഡ്ജി കോടതിക്ക് പുറത്തെത്തി പരിശോധിച്ചു. കേസിൽ 75 ദിവസം കൊണ്ടാണ് ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
2020 ഡിസംബർ 25നാണ് തേങ്കുറുശ്ശി ഇലമന്ദം സ്വദേശി അനീഷ് കൊല്ലപ്പെട്ടത്. അനീഷ്, ഹരിതയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് എതിരായിരുന്ന വീട്ടുകാരാണ് കൊലപ്പെടുത്തിയത്. ഹരിതയുടെ അച്ഛൻ പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവരാണ് അനീഷിനെ കൊലപ്പെടുത്തിയത്. സാമ്പത്തികമായും ജാതിവ്യവസ്ഥയിലും മേൽത്തട്ടിലുളള ഹരിതയെന്ന പെൺകുട്ടിയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചിതിലുളള പകയായിരുന്നു കൊലപാതകത്തിലേക്ക നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. കേരളത്തെ ഞെട്ടിച്ച ദുഭിമാന കൊലപാതകത്തിൽ, കൊലക്കുറ്റത്തിന് പുറമേ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഡിസംബർ 25ന് വൈകുന്നേരം പൊതുനിരത്തിൽ വെച്ചായിരുന്നു അനീഷിനെ വെട്ടിക്കൊന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം തന്നെ നിരവധി തവണ പ്രതികൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ്, പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഭീഷണിയുണ്ടായിട്ടും വേണ്ടത്ര സുരക്ഷ അനീഷിന് ലോക്കൽ പൊലീസ് നൽകിയില്ലെന്ന് അനീഷിന്റെ വീട്ടുകാരും ഭാര്യ ഹരിതയും മൊഴി നൽകിയിരുന്നു. അഡ്വക്കേറ്റ് പി.അനിൽ ആണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായിച്ചുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam