തല്ലുന്ന ചേട്ടന്മാരെ വേണ്ട; അനാഥാലയത്തിൽ നിന്ന് മതിൽ ചാടിയ കുട്ടികൾ ഇനി പുതിയ സ്കൂളിലേക്ക്

By Web TeamFirst Published Jun 10, 2019, 7:45 AM IST
Highlights

രക്ഷിതാക്കളുമായി സംസാരിച്ച ശേഷം ജില്ലാ ശിശുക്ഷേമ സമിതിയാണ് കുട്ടികളെ പുതിയ സ്കൂളിലേക്ക് മാറ്റിയത്

തൃശൂർ: തൃശൂർ മേലൂരിൽ മരിയ പാലന സൊസൈറ്റിയിൽ നിന്നും പുറത്തുപോയ ആദിവാസി വിഭാഗത്തിലെ കുട്ടികളെ വാഴച്ചാലിലെ പ്രീമെട്രിക് ഹോസ്റ്റലിൽ പ്രവേശിപ്പിച്ചു. കുട്ടികൾ ഇനി ഇവിടുത്തെ സർക്കാർ എൽപി സ്ക്കൂളിൽ പഠിക്കും. രക്ഷിതാക്കളുമായി സംസാരിച്ച ശേഷം ജില്ലാ ശിശുക്ഷേമ സമിതിയാണ് കുട്ടികളെ പുതിയ സ്കൂളിലേക്ക് മാറ്റിയത്.

മുതിർന്ന കുട്ടികൾ മർദ്ദിച്ചുവെന്നാരോപിച്ചാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട 6 കുട്ടികൾ മരിയ പാലന സൊസൈറ്റിയിൽ നിന്നും പുറത്തുപോയത്. പ്രദേശവാസിയായ മഞ്ജേഷ് ഇടപെട്ടതോടെയാണ് ഇവരെ അധികൃതർ രക്ഷപ്പെടുത്തിയത്.

രക്ഷിതാക്കളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമാണ് കുട്ടികളെ വാഴച്ചാലിലെ പ്രീമെട്രിക് ഹോസ്റ്റലിൽ പ്രവേശിപ്പിച്ചത്. സർക്കാർ എൽപി സ്ക്കൂളിൽ അവർ പഠനം തുടരും. കുട്ടികൾ രാത്രി പുറത്തു പോയസംഭവത്തിൽ മരിയ പാലന സൊസൈറ്റിയിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു.

ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളെ ചേർക്കുമ്പോൾ പാലിക്കേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് രേഖാമൂലം വ്യക്തമാക്കാനും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. സംഭവത്തിൽ കൊരട്ടി പൊലീസും മരിയ പാലന സൊസൈറ്റിക്കെതിരെ കേസെടുത്തിട്ടുണ്ട്. 

കാവലായി വാർഡൻ ഒപ്പമുണ്ടായിരുന്നങ്കിലും വാതിൽ പൂട്ടാതിരുന്നതോടെയാണ് കുട്ടികൾ പുറത്തേക്ക് പോയത്. കുട്ടികളെ സംരക്ഷിക്കുന്ന കാര്യത്തിൽ നിയമപരമായ കാര്യങ്ങൾ പാലിക്കാതെ അലംഭാവം വരുത്തിയതിനാണ് പൊലീസ് കേസ്.

click me!