
തിരുവനന്തപുരം: നാലാം വർഷത്തിലേക്ക് കടന്ന പിണറായി സർക്കാർ ഇന്ന് പ്രോഗ്രസ്സ് റിപ്പോർട്ട് പുറത്തിറക്കും. മൂന്ന് വർഷത്തെ പ്രവർത്തനങ്ങളുടെ പുരോഗതിയാണ് റിപ്പോർട്ടായി വൈകീട്ട് ഇറക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ ഭരിക്കാനുള്ള അർഹത നഷ്ടപ്പെട്ട സർക്കാർ പ്രോഗ്രസ്സ് റിപ്പോർട്ട് ഇറക്കുന്നത് അപഹാസ്യമാണെന്ന് പ്രതിപക്ഷനേതാവ് വിമർശിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവിയുടെ പശ്ചാത്തലത്തിൽ സർക്കാറിന്‍റെ നാലാം വാർഷികം ആഘോഷിച്ചിരുന്നില്ല. എന്നാൽ, മൂന്ന് വർഷത്തെ പ്രോഗസ്സ് റിപ്പോർട്ട് പുറത്തിറക്കൽ ആഘോഷമായാണ് നടത്തുന്നത്. നിശാഗന്ധി ഓഡിറ്റോറയത്തിൽ സ്പീക്കർക്ക് നൽകി മുഖ്യമന്ത്രി പ്രോഗ്രസ്സ് റിപ്പോർട്ട് പുറത്തിറക്കും. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ചടങ്ങിൽ സ്റ്റീഫൻ ദേവസ്സി ഒരുക്കുന്ന കലാവിരുന്നുമുണ്ട്.
എൽഡിഎഫിന്‍റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിൽ എത്രത്തോളും ഇതുവരെ നടപ്പാക്കി എന്ന് വിശദീകരിച്ചാകും പ്രോഗ്രസ്സ് റിപ്പോർട്ട്. തൊഴിൽ നൽകിയതിന്‍റെ വിവരങ്ങളും പൊതുമേഖല സ്ഥാപനങ്ങളുടെ ലാഭക്കണക്കും റിപ്പോർട്ടിലുണ്ടാകും. അതേ സമയം മൂന്ന് വർഷം കൊണ്ട് ഒരു നേട്ടവും ഉണ്ടാക്കാത്ത സർക്കാരിനെ ജനം തള്ളിക്കളഞ്ഞെന്നും അതാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും പ്രതിപക്ഷനേതാവ് വിമർശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam