വിമാനത്താവള ലേലത്തിന് സംസ്ഥാന സർക്കാർ തേടിയ കമ്പനി നീരവ് മോദി കേസിലും ഉൾപ്പെട്ട സ്ഥാപനം

By Web TeamFirst Published Aug 23, 2020, 6:32 AM IST
Highlights

നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്ത കേസിൽ തെളിവുകൾ മറച്ചുവയ്ക്കുന്നതിന് അമർചന്ദ് മംഗൾദാസ് എന്ന നിയമസ്ഥാപനം സഹായിച്ചെന്നായിരുന്നു സിബിഐ കണ്ടെത്തൽ.

തിരുവനന്തപുരം: വിമാനത്താവള ലേലത്തിന് സംസ്ഥാന സർക്കാർ നിയമസഹായം തേടിയ സിറിൾ അമർചന്ദ് മംഗൾദാസ് കമ്പനി നീരവ് മോദി കേസിലും ഉൾപ്പെട്ട സ്ഥാപനം. കേസിലെ നിർണായക തെളിവുകളായ പണമിടപാട് രേഖകൾ മറച്ചുവെച്ച കുറ്റത്തിന് സിബിഐ നടപടി നേരിട്ട സ്ഥാപനമാണ് മംഗൾദാസ്. ഈ കേസിൽ നിയമനടപടികൾ തുടരുന്നിതിനിടെയാണ് കേരളം ഇവരെ കൺസൽട്ടൻസി ഏൽപ്പിച്ചത്.

വിവാദ വ്യവസായിയെ നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്ത കേസിൽ തെളിവുകൾ മറച്ചുവയ്ക്കുന്നതിന് അമർചന്ദ് മംഗൾദാസ് എന്ന നിയമസ്ഥാപനം സഹായിച്ചെന്നായിരുന്നു സിബിഐ കണ്ടെത്തൽ. 2018 ൽ 13, 570 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടക്കുന്നതിന് മുമ്പ് ബാങ്ക് രേഖകളെല്ലാം, നീരവ് മോദി അമർചന്ദ് മംഗൾദാസിന് കൈമാറിയെന്നായിരുന്നു സിബിഐ കണ്ടെത്തൽ.

2018 മാർച്ചിൽ അമർചന്ദ് മംഗൾദാസിന്റെ മുംബൈ ഓഫീസിൽ നടത്തിയ റെയ്ഡിൽ ബാങ്ക് രേഖകൾ അടക്കം അറുപത് പെട്ടികൾ സിബിഐ കണ്ടെടുത്തു. 24,000ൽ അധികം പേജുകളാണ് അന്ന് സിബിഐ പിടിച്ചെടുത്തത്. കുറ്റകൃത്യം തെളിയിക്കുന്ന നിർണായക തെളിവ് മറച്ചുവയ്ക്കുന്നതിന് അമർചന്ദ് മംഗൾദാസ് സഹായം നൽകിയെന്നായിരുന്നു കുറ്റപത്രത്തിൽ സിബിഐ പറഞ്ഞിരുന്നത്. പിഎൻബി തട്ടിപ്പ് കേസിൽ അമർചന്ദ് മംഗൾദാസായിരുന്നില്ല നീരവ് മോദിയുടെ അഭിഭാഷകർ. അതിനാൽ തന്നെ നിയമപരിരക്ഷയ്ക്ക് അവകാശമില്ലെന്നായിരുന്നു സിബിഐ വാദം.

രേഖകൾ സൂക്ഷിക്കുന്നതിന് 2.12 കോടി രൂപ ഫീസായി നൽകിയെന്നും സിബിഐ കണ്ടെത്തിയിരുന്നു. ഈ തുക നിക്ഷേപിച്ച ബാങ്ക് അക്കൗണ്ട് സിബിഐ മരവിപ്പിച്ചു. എന്നാൽ 2019 ൽ അക്കൗണ്ട് മരവിപ്പിച്ച നടപടി സിബിഐ സ്പെഷ്യൽ കോടതി റദ്ദ് ചെയ്തു. ഇങ്ങനെ രാജ്യം തന്നെ ‌ഞെട്ടിയ തട്ടിപ്പിൽ കേസിൽ അന്വേഷണം നേരിടുന്നതിനിടെയാണ് 2018 ഡിസബംറിൽ അമർചന്ദ് മംഗൾദാസ് ഗ്രൂപ്പിന്റെ നിയമസഹായം കേരളം തേടിയത്. ചീഫ് സെക്രട്ടറിയും, ധന-ഗതാഗത സെക്രട്ടറിമാരും ഉൾപ്പെട്ട സമിതിയാണ് മംഗൾദാസ് കമ്പനിയെ നിർദ്ദേശിച്ചത്.

click me!