
തിരുവനന്തപുരം: അദാനിക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല കൈമാറുന്നതിനെ എതിർത്ത സംസ്ഥാന സർക്കാരിനും കോൺഗ്രസിനുമെതിരെ കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ. വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് ആദ്യമായല്ല. ഇതിന്റെ തുടർച്ചയായാണ് തിരുവനന്തപുരം അടക്കം മൂന്ന് വിമാനത്താവളങ്ങൾ കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ അപഹാസ്യമായ നിലപാടാണ് സംസ്ഥാന സർക്കാരിന്റെയും കോൺഗ്രസിന്റെയും ഭാഗത്ത് നിന്നുണ്ടായത്. സ്വർണ കള്ളക്കടത്ത് കേസിൽ സർക്കാർ പ്രതിക്കൂട്ടിലായതിനാൽ മറ്റൊരു വിവാദത്തിലേക്ക് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരള സർക്കാരിനെ കൂടി തീരുമാനമെടുക്കുന്ന ഘട്ടത്തിൽ പങ്കാളിയാക്കിയിരുന്നു. കെഎസ്ഐഡിസിയും ലേലത്തിൽ പങ്കെടുത്തു. അദാനിയേക്കാൾ 19.6 ശതമാനം കുറവായിരുന്നു കെഎസ്ഐഡിസി നൽകിയത്. ടെൻഡറിൽ ഏറ്റവും ഉയർന്ന തുക നൽകുന്നവർക്ക് കരാർ നൽകുമെന്ന വ്യവസ്ഥ കെഎസ്ഐഡിസിയും അംഗീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ഹൈക്കോടതി വിധിക്കനുകൂലമാണ് കേന്ദ്ര തീരുമാനം. കൊച്ചി വിമാനത്താവളത്തിൽ 32 ശതമാനം പങ്കാളിത്തമേ സംസ്ഥാന സർക്കാരിനുള്ളൂ, കണ്ണൂരിൽ 30 ശതമാനവും. തിരുവനന്തപുരത്തിന്റെ വികസനത്തിന് സർക്കാർ തുരങ്കം വയ്ക്കരുത്. ക്ഷേത്ര വിശ്വാസികളുടെ ആചാരങ്ങളുടെ കടയ്ക്കൽ കത്തിവച്ചവരാണ് പദ്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ച് വേവലാതിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ കേസ് ഹൈേക്കാടതിയിലാണ്. ഹൈക്കോടതി വിധി കൂടി അനുസരിച്ചാകും തുടർ നടപടികൾ. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ ഒരു കത്തും കിട്ടിയിട്ടില്ല. കരാർ വ്യവസ്ഥകൾ എന്തെന്നറിയില്ല. പരിശോധിച്ച ശേഷം പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam