
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ തലസ്ഥാന നഗരത്തെ തഴഞ്ഞുവെന്ന് ആക്ഷേപം. അടിസ്ഥാന സൗകര്യവികസന പാക്കേജ് ഇല്ലാത്തത് സംരഭകര്‍ക്ക് തിരിച്ചടിയാകുമെന്ന് ചേംബര്‍ ഓഫ് കോമേഴ്സ് കുറ്റപ്പെടുത്തി. തിരുവനന്തപുരത്തെ അവഗണിച്ചതിനെതിരെ ജനപ്രതിനിധികളും രംഗത്തെത്തി.
കൊച്ചിയുടെ സമഗ്ര വികസനത്തിനായി 6000 കോടിയുടെ പദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. വയനാട് പാക്കേജിന് 2000 കോടിയും ഇടുക്കി, പാക്കേജിന് 1000 കോടിയും വകയിരുത്തി. എന്നാല്‍ ഐടി മേഖലയിലടക്കം ഏറെ നിക്ഷേപ പദ്ധതികള്‍ പ്രതീക്ഷിക്കുന്ന തലസ്ഥാന നഗരത്തിനായ പദ്ധതികളൊന്നും ബജററിലില്ല.
തിരുവനന്തപുരം വിമാനത്താവള വികസനത്തിനായി 18 ഏക്കര്‍ ഭൂമി ഏറ്റെടുക്കണം. 275 കോടിയാണ് ഇതിന് വേണ്ടത്. ബജറ്റില്‍ ഇത് നീക്കി വച്ചിട്ടില്ല. നിസ്സാന്‍ അടക്കമുള്ള വന്‍കിട കമ്പനികള്‍ തിരുവനന്തപുരത്തെ വിമാനത്താവളത്തിന്‍റെ വികസനം വൈകുന്നതില്‍ നേരത്തെ ആശങ്ക അറിയിച്ചിരുന്നു.
തെക്കന്‍ കേരളത്തിനാകെ നിര്‍ണായകമായ വിഴിഞ്ഞം പദ്ധതിയും ഇഴഞ്ഞു നീങ്ങുകയാണ്. പദ്ധതി പ്രദേശത്തു നിന്നും നഗരത്തിന് പുറത്തേക്ക് നീളുന്ന ഔട്ടര്‍ രിംഗ് റോഡെന്ന ആവശ്യം ബജറ്റില്‍ പരിഗണിക്കപ്പെട്ടിട്ടില്ല. തലസ്ഥാനവാസികള്‍ വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന ലൈറ്റ് മെട്രോ പദ്ധതിയെക്കുറിച്ചും ബജറ്റ് മൗനം പാലിക്കുന്നു. മണ്ഡലാടിസ്ഥാനത്തില്‍ എംഎല്‍എമാര്‍ നിര്‍ദ്ദേശിച്ച പദ്ധതികള്‍ക്ക് ടോക്കണ്‍ അനുമതി മാത്രമാണ് ലഭിച്ചത്. നാളെയുടെ നഗരമായി തിരുവനന്തപുരത്തെ ഉയര്‍ത്താനുള്ള പദ്ധതിയൊന്നും ബജററില്‍ ഇല്ലെന്ന് ശബരിനാഥന്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam