ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വാദം കേൾക്കും. രാഹുലിനെതിരെ കൂടുതൽ തെളിവുകൾ ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിക്കും.
പത്തനംതിട്ട: ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വാദം കേൾക്കും. എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും. രാഹുലിനെതിരെ കൂടുതൽ തെളിവുകൾ ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം രാഹുലിന് ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യം തള്ളിയുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവ് രാഹുലിന് പ്രതികൂലം ആകാൻ ആണ് സാധ്യത. ആദ്യ കേസിലെ പരാതിക്കാരി ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം സമർപ്പിച്ച സത്യവാങ്മൂലം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ജാമ്യ ഹർജിയെ എതിർക്കാൻ ആണ് പ്രോസിക്യൂഷൻ നീക്കം.
സത്യവാങ്മൂലത്തില്‍ പറയുന്നത്
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎയ്ക്ക് എതിരായ ആദ്യ ബലാത്സംഗ കേസില്‍ പരാതിക്കാരി നല്‍കിയ സത്യവാങ്മൂലത്തില്‍ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. നേരിട്ടത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു. വീഡിയോ ഇപ്പോഴും രാഹുലിന്‍റെ ഫോണിൽ ഉണ്ട്. പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയാൽ നഗ്ന ദൃശ്യങ്ങൾ പുറത്താക്കുമെന്ന് ഭയപ്പെടുന്നതായും സത്യവാങ്മൂലത്തില്‍ പരാതിക്കാരി വ്യക്തമാക്കുന്നു. കൂടാതെ, ഗർഭഛിദ്രം നടത്തിയത് ഭീഷണിപ്പെടുത്തിയാണെന്നും സുഹൃത്ത് ജോബി എത്തിച്ച ഗുളികകൾ കഴിച്ചത് വീഡിയോ കോളിൽ കണ്ട് രാഹുൽ ഉറപ്പാക്കിയെന്നും യുവതി സത്യവാങ്മൂലത്തില്‍ പറയുന്നു.
ബലാത്സംഗത്തിനിടെ ഏറ്റ സാരമായ പരിക്കുകൾ വ്യക്തമാക്കുന്ന ചിത്രങ്ങളും പരാതിക്കാരി കോടതിയിൽ സമർപ്പിച്ചു. ഭീഷണി വെളിവാക്കുന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും സത്യവാങ്മൂലത്തിനൊപ്പമുണ്ട്. ജാമ്യാപേക്ഷയിൽ രാഹുൽ പറഞ്ഞത് വക്രീകരിച്ച വസ്തുതകളും അർദ്ധ സത്യങ്ങളുമാണെന്നും വിചാരണക്കോടതിയെയും ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത ശ്രമം നടന്നു, പ്രതി സാഡിസ്റ്റും ഗുരുതരമായ മനോവൈകൃതമുള്ളയാളുമാണ്. രാഹുൽ പ്രതിയായ പത്തോളം പീഡന കേസുകളെപ്പറ്റി അന്വേഷണസംഘത്തിന് വിവരമുണ്ട്. അതിൽ ഒന്ന് പ്രായപൂർത്തിയാകാത്ത അതിജീവിതയാണ്. അധികാരവും സ്വാധീനവുമുള്ള എംഎൽഎക്ക് ജാമ്യം നൽകുന്നത് ഇനി മുന്നോട്ടു വരാനുള്ള പരാതിക്കാരെ നിശ്ശബ്ദരാക്കും എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.


