തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിക്കാൻ സിപിഎം

By Web TeamFirst Published Oct 25, 2020, 7:35 AM IST
Highlights

സംസ്ഥാനത്തെ വാശിയേറിയ ത്രികോണ പോരാട്ടം നടക്കുന്ന തിരുവനന്തപുരം നഗരസഭയിൽ സ്ഥാനാർത്ഥികളെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ രംഗത്തിറിക്കുകയാണ് സിപിഎം. ചൊവ്വാഴ്ചക്കകം സ്ഥാനാർത്ഥി പട്ടികക്ക് രൂപം നൽകും.

തിരുവനന്തപുരം: യുഡിഎഫിനും ബിജെപിക്കും മുമ്പ് തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ എൽഡിഎഫ്. മേയർ സ്ഥാനത്തേക്ക് സിപിഎം ജില്ലാകമ്മിറ്റി അംഗങ്ങളായ എം ജി മീനാംബികയും, പുഷ്പലതയുമാണ് പരിഗണനയിൽ. പല ജനറൽ സീറ്റുകളിലും വനിതകളെ നിർത്താനാണ് സിപിഎം നീക്കം.

സംസ്ഥാനത്തെ വാശിയേറിയ ത്രികോണ പോരാട്ടം നടക്കുന്ന തിരുവനന്തപുരം നഗരസഭയിൽ സ്ഥാനാർത്ഥികളെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ രംഗത്തിറിക്കുകയാണ് സിപിഎം. ചൊവ്വാഴ്ചക്കകം സ്ഥാനാർത്ഥി പട്ടികക്ക് രൂപം നൽകും. 100 സീറ്റുകളുള്ള നഗരസഭയിൽ 72സീറ്റുകളിൽ സിപിഎം മത്സരിക്കാനാണ് ധാരണ. പുതുതായി മുന്നണിയിലെത്തിയ ജോസ് വിഭാഗത്തിനും മൂന്ന് സീറ്റ് നൽകിയേക്കും. 

2015ൽ മേയർ സ്ഥാനം ഉറപ്പിച്ച് രംഗത്തിറങ്ങിയ ജില്ലാ നേതാക്കൾ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ഒന്നിലധികം ജില്ലാ നേതാക്കളെ ഇത്തവണ സിപിഎം രംഗത്തിറക്കും. രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളാണ് പരിഗണനയിൽ. നിലവിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയായ പുഷ്പലതയും മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗം എം ജി മീനാംബികയും. 

ബാലസംഘം സംസ്ഥാന പ്രസി‍ഡന്‍റും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ ആര്യാ രാജേന്ദ്രനും സാധ്യതാ സ്ഥാനാർത്ഥി പട്ടികയിലുണ്ട്. ബിജെപിയാണ് നഗരസഭയിൽ പ്രധാനവെല്ലുവിളി. ബിജെപി വിട്ട് സിപിഎമ്മിലെത്തിയ പാൽക്കുളങ്ങര കൗണ്‍സിലർ വിജയകുമാരിയെ ജനറൽ സീറ്റിൽ തന്നെ മത്സരിപ്പിക്കും.

അതേ സമയം നിലവിലെ മേയർ കെ ശ്രീകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ബിനു ഐ പി, വ‌ഞ്ചിയൂർ ബാബു എന്നിവരുടെ തുടർ സാധ്യതകളും മങ്ങി. സ്ഥാനാർത്ഥി മോഹികളുടെ ബാഹുല്യമാണ് ബിജെപി നേരിടുന്ന പ്രശ്നം. സിപിഎമ്മിനൊപ്പം തന്നെ സ്ഥാനാർത്ഥികളെ രംഗത്തിറക്കാനും ബിജെപി നീക്കം തുടങ്ങി. അതെ സമയം മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ട കോണ്‍ഗ്രസും റിബൽ ശല്യം ഒഴിവാക്കി പൊതുസമ്മതരെ അടക്കം രംഗത്തിറക്കി ശക്തമായ തിരിച്ചുവരവിനാണ് തയ്യാറെടുക്കുന്നത്.

click me!