തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പ്; മുഖ്യപ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാര്‍ നിലപാട് തേടി കോടതി

By Web TeamFirst Published Oct 22, 2021, 8:28 PM IST
Highlights

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഇന്ന് നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. നികുതി വെട്ടിപ്പിനെതിരെ കൗൺസിൽ ഹാളിൽ സമരം ചെയ്യുന്ന ബിജെപി അംഗങ്ങൾ മേയർക്കെതിരെ പ്രതിഷേധിച്ചത് സംഘ‌ർഷത്തിൽ കലാശിച്ചു.

കൊച്ചി/ തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ (trivandrum corporation) നികുതി വെട്ടിപ്പ് (tax fraud) കേസിലെ മുഖ്യപ്രതി എസ് ശാന്തിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. നേമം സോണൽ ഓഫീസിലെ സൂപ്രണ്ടാണ് എസ് ശാന്തി. നേമം സോണൽ ഓഫീസിൽ 27 ലക്ഷം രൂപയുടെ ക്രമക്കേടാണ് നടന്നിട്ടുള്ളത്. മുൻകൂർ ജാമ്യാപേക്ഷ നവംബർ 9 ന് വീണ്ടും പരിഗണിക്കും.

അതേസമയം, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഇന്ന് നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. നികുതി വെട്ടിപ്പിനെതിരെ കൗൺസിൽ ഹാളിൽ സമരം ചെയ്യുന്ന ബിജെപി അംഗങ്ങൾ മേയർക്കെതിരെ പ്രതിഷേധിച്ചത് സംഘ‌ർഷത്തിൽ കലാശിച്ചു. ബഹളത്തിനിടെ ബിജെപി സമരത്തിനെതിരെയുള്ള പ്രമേയം പാസാക്കി കൗൺസിൽ പിരിയുകയായിരുന്നു.

നികുതി വെട്ടിപ്പിനെതിരെ സമരം നടത്തുന്ന ബിജെപി അംഗങ്ങളുടെ ശക്തമായ പ്രതിരോധം തകർത്താണ് ഇടത് മുന്നണി കൗൺസിലർമാർ ഹാളിലേക്ക് കയറിയത്. ബാരിക്കേട് ചാടിക്കടന്നാണ് പലരും അകത്ത് കയറിനായത്. മേയർ ആര്യാ രാജേന്ദ്രൻ ഹാളിലേക്ക് വന്നപ്പോഴും പ്രവേശന കവാടത്തിൽ ഉപരോധിച്ചു. ഭരണപക്ഷ അംഗങ്ങളുടെ സഹായത്തോടെ മേയർ ഡയസിലെത്തി. ബിജെപി അംഗങ്ങൾ പ്രതിഷേധം തുടർന്നതോടെ പൊലീസ് സംരക്ഷണത്തോടെയാണ് യോഗം തുടങ്ങിയത്. ബിജെപി അംഗങ്ങൾ നടുത്തളത്തിലിറങ്ങുകയും മേശമേൽ കയറിയും ബഹളം തുടർന്നതോടെ 10 മിനിട്ട് കൊണ്ട് യോഗം അവസാനിപ്പിച്ചു. ബിജെപി സമരത്തിനെതിരെ ഭരണപക്ഷം കൊണ്ടുവന്ന പ്രമേയം ഇതിനിടെ പാസാക്കി. മേയർ തിരിച്ചിറങ്ങിയപ്പോഴും പ്രതിഷേധം തുടർന്നു. കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി.

അക്രമം ഉണ്ടാക്കാനും വികസനം അട്ടിമറിക്കാനുമാണ് പ്രതിപക്ഷശ്രമമെന്ന് ആര്യ രാജേന്ദ്രൻ ആരോപിച്ചു. കേസിൽ മൂന്ന് ഉദ്യോഗസ്ഥരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തിതത്. നികുതി വെട്ടിപ്പിനെതിരെ 26 ദിവസമായി കൗൺസിലനകത്തും പുറത്തും ബിജെപി യുഡിഎഫ് അംഗങ്ങൾ സമരം തുടരുകയാണ്.

click me!