'ദേശീയപാതാ പദ്ധതികൾക്ക് പൂർണ സഹായം'; വാഗ്ദാനവുമായി നിതിൻ ഗഡ്കരി, സ്ഥലമേറ്റെടുത്താൽ അടുത്ത വർഷം പണി തുടങ്ങും

By Web TeamFirst Published Oct 13, 2020, 4:30 PM IST
Highlights

കഴക്കൂട്ടം മുതൽ മുക്കോല വരെയുളള 26.7 കിലോമീറ്റർ ദേശീയപാതയാണ് പൂർത്തിയായത്. 43 കിലോമീറ്റ‌ർ ദൂരത്തിലുളള കഴക്കൂട്ടം-കാരോട് പദ്ധതിയുടെ ആദ്യഘട്ടമാണിത്. 

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയുടെ ഗതാഗതവികസനത്തിൽ നിർണായകമായ കഴക്കൂട്ടം-മുക്കോല ബൈപ്പാസിന്റെ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം നിർവഹിച്ചത്. 

സ്ഥലമേറ്റെടുത്ത് നൽകിയാൽ കേരളത്തിൽ പ്രഖ്യാപിച്ച മുഴുവൻ ദേശീയപാതാ വികസന പദ്ധതികളും അടുത്ത സാമ്പത്തിക വർഷം തന്നെ ആരംഭിക്കുമെന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നല്‍കി. ഭൂമിയേറ്റെടുക്കലിന് ഏറ്റവും ചെലവ് കേരളത്തിലാണെന്നും, പ്രശ്നങ്ങൾ സംസ്ഥാനവും കേന്ദ്രവും ഒരുമിച്ച് പരിഹരിക്കുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു. അതിനിടെ കീഴാറ്റൂരിൽ ബൈപ്പാസ് നിർമ്മാണത്തിനെതിരെ സമരം തുടരുമെന്ന് വയൽക്കിളികൾ പ്രഖ്യാപിച്ചു.

കഴക്കൂട്ടം മുതൽ മുക്കോല വരെയുളള 26.7 കിലോമീറ്റർ ദേശീയപാതയാണ് പൂർത്തിയായത്. 43 കിലോമീറ്റ‌ർ ദൂരത്തിലുളള കഴക്കൂട്ടം കാരോട് പദ്ധതിയുടെ ആദ്യഘട്ടമാണിത്. നാല് വരിപ്പാതയും സർവീസ് റോഡുമടക്കം 45 മീറ്ററാണ് ദേശീയപാത. 2008ൽ വിശദമായ പദ്ധതി രേഖ തയ്യാറാക്കിയ പദ്ധതിയാണിത്. 2010 ൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി. 2015 ലാണ് നിര്‍മ്മാണം തുടങ്ങിയത്. മൂന്ന് പാലങ്ങളും അടിപ്പാതകളും അടങ്ങുന്നതാണ് പദ്ധതി. 1120.86 കോടി ചെലവിട്ടാണ് ഒന്നാംഘട്ടം പൂർത്തിയാക്കിയത്. 

കഴക്കൂട്ടം-മുക്കോല ബൈപാസ് റോഡിനും ചാക്ക മേൽപ്പാലത്തിനുമായി 800 കോടി ചെലവിട്ടു. കാൽനടക്കാർക്കായി ഏഴ് മേൽപ്പാലങ്ങൾ നിർമ്മിക്കാൻ പദ്ധതിയിട്ടെങ്കിലും നാലെണ്ണമേ പൂർത്തിയായിട്ടുളളൂ. മുക്കോല മുതൽ കാരോട് വരെയുളള 16.5 കിലോമീറ്ററുളള രണ്ടാംഘട്ടം അടുത്തവർഷം പൂർത്തിയാകും. തിരുവല്ലത്ത് ടോൾപ്ലാസയുടെ നിർമ്മാണവും പുരോഗമിക്കുന്നു. വിഴിഞ്ഞം തുറമുഖം, കോവളം ബീച്ച്, അന്താരാഷ്ട്ര വിമാനത്താവളം, ടെക്നോപാർക്ക് എന്നീ മേഖലകൾക്കെല്ലാം പ്രയോജനം കിട്ടുന്ന റോഡ് പദ്ധതിയാണിത്.

അതേസമയം, ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, പൊതുഗതാഗതം ഉൾപ്പടെ കൂടുതൽ മേഖലകളിൽ സ്വകാര്യ പങ്കാളിത്തമനുവദിക്കാൻ കേരളം തയാറാവണമെന്ന് നിർദേശവും നിതിൻ ഗഡ്കരി നൽകി. അതിനിടെ, കീഴാറ്റൂരിൽ വയൽക്കിളികൾ നിതിൻ ഗഡ്കരിയുടെയും മുഖ്യമന്ത്രിയുടെയും കോലം കത്തിച്ചു. സമരം തുടരുമെന്നാണ് പ്രഖ്യാപനം.

click me!