കടുംപിടിത്തം തുടർന്ന് എസ്എഫ്ഐ; തിരുവനന്തപുരം ലോ കോളേജിൽ ചർച്ച ഇന്നും പരാജയപ്പെട്ടു

Published : Mar 21, 2023, 06:58 PM IST
കടുംപിടിത്തം തുടർന്ന് എസ്എഫ്ഐ; തിരുവനന്തപുരം ലോ കോളേജിൽ ചർച്ച ഇന്നും പരാജയപ്പെട്ടു

Synopsis

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തോട് അനുബന്ധിച്ച് കെ‍എസ്‍യു പ്രവർത്തകർ സ്ഥാപിച്ച കൊടി എസ്എഫ്ഐ പ്രവർത്തകർ കൂട്ടിയിട്ട് കത്തിച്ചതിനെ തുടർന്നായിരുന്നു ലോ കോളേജിൽ പ്രശ്നങ്ങൾ തുടങ്ങിയത്

തിരുവനന്തപുരം: ലോ കോളേജിലെ സമവായ ചർച്ച ഇന്നും പരാജയപ്പെട്ടു. പരിക്കേറ്റ അധ്യാപിക കേസ് പിൻവലിക്കാതെ ഒത്തുതീർപ്പിനില്ലെന്ന് എസ്എഫ്ഐ നിലപാടെടുത്തു. കേസുകൾ പിൻവലിക്കില്ലെന്നും എസ്എഫ്ഐ പറഞ്ഞു. എസ് എഫ് ഐ കേസ് പിൻവലിച്ചില്ലെങ്കിൽ തങ്ങളും വിട്ടുവീഴ്ചക്കില്ലെന്ന് കെ എസ് യു നിലപാടെടുത്തു. ഇതോടെ ക്ലാസുകൾ പുനരാരംഭിക്കുന്നത് അനിശ്ചിതത്വത്തിലായി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലും തീരുമാനമായില്ല. 

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തോട് അനുബന്ധിച്ച് കെ‍എസ്‍യു പ്രവർത്തകർ സ്ഥാപിച്ച കൊടി എസ്എഫ്ഐ പ്രവർത്തകർ കൂട്ടിയിട്ട് കത്തിച്ചതിനെ തുടർന്നായിരുന്നു ലോ കോളേജിൽ പ്രശ്നങ്ങൾ തുടങ്ങിയത്. പിന്നാലെ ഈ മാസം 14ന് ലോ കോളേജിൽ സംഘര്‍ഷമുണ്ടായി. കൊടി നശിപ്പിച്ച 24 പ്രവര്‍ത്തകരെ സസ്പെൻഡ് ചെയ്തു. ഇതോടെ അധ്യാപകരെ 10 മണിക്കൂര്‍ ഓഫീസ് മുറിയിൽ ബന്ധിയാക്കി എസ്എഫ്ഐ പ്രതിഷേധിച്ചു. അധ്യാപികക്കെതിരെ എസ്എഫ്ഐ പ്രവർത്തകരുടെ അതിക്രമമുണ്ടായി. ഇതോടെ ക്ലാസുകൾ പൂട്ടി ഓൺലൈൻ ക്ലാസ് തുടങ്ങി. പ്രശ്നം പരിഹരിക്കാൻ ഇരു സംഘടനകളുടെയും ജില്ലാ ഭാരവാഹികളെ പ്രിൻസിപ്പാൾ ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. എന്നാൽ എസ്എഫ്ഐയുടെ കടുംപിടിത്തം കാരണം ചർച്ച പരാജയപ്പെടുന്ന നിലയാണ്.

ഇന്നലെ നടന്ന ചർച്ചയിൽ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളും പരാതിയും പരസ്പരം പിൻവലിക്കാമെന്ന് കെഎസ്‍യുവും എസ്എഫ്ഐയും സമ്മതിച്ചിരുന്നു. എന്നാൽ 24 വിദ്യാർത്ഥികളുടെയും സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യത്തിൽ എസ്എഫ്ഐ ഉറച്ച് നിന്നു. ഹൈക്കോടതി വിധി പ്രകാരം ക്യാമ്പസിനകത്ത് കൊടിമരം പാടില്ലെന്ന വാദം അധ്യാപകരും യോഗത്തിൽ ഉയർത്തി. എസ് എഫ് ഐ കൊടിമരം മാറ്റിയാൽ ഇതിനോട് അനുകൂല നിലപാടെടുക്കാമെന്ന് കെഎസ്‍യു നേതാക്കൾ വ്യക്തമാക്കി. 

അധ്യാപികക്ക് എതിരായ അതിക്രമത്തിൽ ഇതുവരെയും കുറ്റക്കാരായ എസ് എഫ് ഐ പ്രവർത്തകരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പ്രവര്‍ത്തിക്കുന്നില്ലെന്നും കൂടുതൽ അധ്യാപകരുടെ മൊഴിയെടുക്കണമെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ